ദ്രാവിഡിന്‍റെ പിന്‍ഗാമിയാകാന്‍ സ്റ്റീഫന്‍ ഫ്ളെമിങ്; പോണ്ടിങ്ങും പരിഗണനയില്‍
നിലവിൽ ഐ.പി.എൽ ഫ്രാഞ്ചസിയായ ചെന്നൈ സൂപ്പർ കിങ്‌സിന്റെ മുഖ്യപരിശീലകനാണ് ഫ്ളെമിങ്
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത ഹെഡ് കോച്ചായി മുൻ ന്യൂസിലാന്റ് നായകൻ സ്റ്റീഫൻ ഫ്‌ളെമിങ്ങിനെ പരിഗണിക്കുന്നതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച് ബി.സി.സി.ഐ ഫ്‌ളെമിങ്ങുമായി അനൗദ്യോഗിക ചർച്ച നടത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഐ.പി.എൽ ഫ്രാഞ്ചസിയായ ചെന്നൈ സൂപ്പർ കിങ്‌സിന്റെ മുഖ്യപരിശീലകനാണ് ഫ്‌ളെമിങ്.
കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് അടുത്ത പരിശീലകനെ കണ്ടെത്താനുള്ള നടപടിക്രമങ്ങൾ ബി.സി.സി.ഐ ആരംഭിച്ചത്. ഇതിനായി മുൻ താരങ്ങളിൽ നിന്നടക്കം ബോർഡ് അപേക്ഷ ക്ഷണിച്ചു. ടി 20 ലോകകപ്പോട് കൂടി നിലവിലെ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ കാലാവധി അവസാനിക്കും. ദ്രാവിഡിന് കീഴിൽ ഇന്ത്യ ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഫൈനലിലെത്തിയിരുന്നു. എന്നാൽ കിരീടം ചൂടാനായില്ല. കഴിഞ്ഞ ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിന്‍റെ കാലാവധിയെങ്കിലും പിന്നീട് ടി20 ലോകകപ്പ് വരെ നീട്ടുകയായിരുന്നു.
2009 മുതൽ സി.എസ്.കെ യുടെ ഹെഡ് കോച്ചാണ് സ്റ്റീഫന്‍ ഫ്‌ളെമിങ്. ഫ്‌ളെമിങ്ങിന്റെ അനുഭവ സമ്പത്തും കളിക്കാരെ വാർത്തെടുക്കുന്നതിലെ പ്രാഗല്‍ഭ്യവും വിജയ നിരക്കുമാണ് ബി.സി.സി.ഐയെ ആകർഷിക്കുന്നത്. ഫ്‌ളമിങ്ങിന് പുറമേ മുൻ ഇന്ത്യൻ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ വി.വി.എസ് ലക്ഷ്മൺ, ഓസീസ് ഇതിഹാസ നായകൻ റിക്കി പോണ്ടിങ്, ജസ്റ്റിൻ ലാങ്ങർ തുടങ്ങിയവരൊക്കെ ബി.സി.സി.ഐയുടെ റഡാറിലുണ്ട്.
Adjust Story Font
16