മത്സരം കാണാൻ കാര്യവട്ടത്ത് എത്തുമെന്ന് സഞ്ജു സാംസൺ; പിന്തുണയിൽ സന്തോഷം
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രാത്രി ഏഴു മണി മുതലാണ് മത്സരം.
തിരുവനന്തപുരം: കേരളത്തെ ആവേശത്തിലാക്കി കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ട്വന്‍റി-20 മത്സരം കാണാൻ താനും എത്തുമെന്ന് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസൺ. ആരാധകരുടെ പിന്തുണയിൽ സന്തോഷമുണ്ടെന്നും സഞ്ജു മാധ്യമങ്ങളോടു പറഞ്ഞു.
നാട്ടുകാരുടെ വൈകാരികമായ പിന്തുണ, തന്നെയും എപ്പോഴും ഇമോഷണല്‍ ആക്കുന്ന കാര്യമാണ്. പിന്തുണ നല്‍കുന്ന നാട്ടുകാരെ സന്തോഷിപ്പിക്കാനായി അവര്‍ക്കു വേണ്ടി നല്ലൊരു മാച്ച് കളിക്കാനും കളിക്കുന്ന മാച്ചുകളില്‍ നന്നായി പ്രകടനം കാഴ്ച വയ്ക്കാനും സാധിക്കട്ടെയെന്നാണ് പ്രാര്‍ഥനയെന്നും സഞ്ജു പ്രതികരിച്ചു.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രാത്രി ഏഴു മണി മുതലാണ് മത്സരം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്വന്തം മണ്ണിൽ ആദ്യ പരമ്പര നേട്ടം ലക്ഷ്യം വയ്ക്കുന്ന ഇന്ത്യൻ ടീമിന് ഊർജം പകരുന്നതാണ് കാര്യവട്ടവും കാണികളും. ആസ്ത്രേലിയക്കെതിരായ പരമ്പര നേട്ടത്തിന്‍റെ തുടർച്ചയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.
അതേസമയം, പരമ്പര വിജയങ്ങളുടെ അകമ്പടിയോടെയാണ് ദക്ഷിണാഫ്രിക്കയും കാര്യവട്ടത്തേക്ക് എത്തുന്നത്. ഇംഗ്ലണ്ടിനെയും അയർലണ്ടിനെയും അവരുടെ നാട്ടിൽ തകർത്ത ദക്ഷിണാഫ്രിക്ക വിദേശത്തെ ഹാട്രിക് പരമ്പര നേട്ടമാണ് ലക്ഷ്യമിടുന്നത്. ബാറ്റിങിന് അനുകൂലമായ പിച്ചും വേഗമുള്ള ഔട്ട് ഫീൽഡും കാണികൾക്ക് വിരുന്നൊരുക്കിയേക്കും.
Adjust Story Font
16