Quantcast

അഫ്ഗാന് മുന്നിൽ അടിപതറി; ഇംഗ്ലണ്ടിന് നാണംകെട്ട തോൽവി

അഫ്ഗാന്‍ ജയം 69 റണ്‍സിന്

MediaOne Logo

Web Desk

  • Updated:

    2023-10-15 18:52:58.0

Published:

15 Oct 2023 12:37 PM GMT

അഫ്ഗാന് മുന്നിൽ അടിപതറി; ഇംഗ്ലണ്ടിന് നാണംകെട്ട തോൽവി
X

ന്യൂഡല്‍ഹി:ലോകകപ്പിൽ താരതമ്യേന ദുര്‍ബലരായ അഫ്ഗാനിസ്താനെതിരെ നിലവിലെ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് നാണംകെട്ട തോൽവി. 69 റൺസിനാണ് ഇംഗ്ലണ്ടിനെ അഫ്ഗാന്‍ തറപറ്റിച്ചത്. അഫ്ഗാൻ ഉയർത്തിയ 285 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ 215 റണ്‍സിന് കൂടാരം കയറി. അർധ സെഞ്ച്വറി നേടിയ ഹാരി ബ്രൂക്ക് മാത്രമാണ് ഇംഗ്ലീഷ് നിരയിൽ പൊരുതി നോക്കിയത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ റാഷിദ് ഖാനും മുജീബ് റഹ്മാനും ചേർന്നാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍, ഓപ്പണർ റഹ്മത്തുല്ലാഹ് ഗുർബാസിന്റേയും ഇക്രാം അലിഖില്ലിന്റേയും മിന്നും പ്രകടനത്തിന്‍റെ മികവിലാണ് മികച്ച സ്‌കോർ പടുത്തുയര്‍ത്തിയത്. നിശ്ചിത 50 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാൻ 284 റൺസെടുത്തു. ഗുർബാസ് 57 പന്തിൽ നാല് സിക്‌സുകളുടേയും എട്ട് ഫോറുകളുടേയും അകമ്പടിയില്‍ 80 റൺസാണ് അടിച്ചെടുത്തത്. ഇക്രാം 66 പന്തിൽ 58 റൺസെടുത്തു.

ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ഇംഗ്ലീഷ് നായകൻ ജോസ് ബട്‌ലറുടെ കണക്കു കൂട്ടലുകൾ മുഴുവൻ തെറ്റിച്ച പ്രകടനമാണ് അഫ്ഗാൻ തുടക്കത്തിൽ നടത്തിയത്. ആദ്യം മുതൽ തന്നെ ടോപ് ഗിയറിലായ അഫ്ഗാൻ ഓപ്പണര്‍മാര്‍ നിലവിലെ ലോക ചാമ്പ്യന്മാരാണെന്ന പരിഗണന പോലും കൊടുക്കാതെ ഇംഗ്ലീഷ് ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ആദ്യ വിക്കറ്റിൽ 114 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ഗുർബാസ്- ഇബ്രാഹിം സദ്‌റാൻ ജോഡി വേർപിരിഞ്ഞത്. പിന്നീട് ക്രീസിലെത്തിയ റഹ്മത്ത് ഷാ, ഹസ്മത്തുല്ലാഹ് ഷാഹിദി, അസ്മത്തുല്ലാഹ് ഒമർസായി എന്നിവർക്ക് വലിയ സംഭാവനകൾ നൽകാനായില്ല. 19ാം ഓവറിൽ ഗുർബാസ് പുറത്തായി. പിന്നീട് ആറാമനായെത്തിയ ഇക്രാം അലിഖിൽ ബാറ്റൺ കയ്യിലെടുത്തു.

മുഹമ്മദ് നബി പുറത്തായ ശേഷം റാഷിദ് ഖാനുമൊത്ത് സ്‌കോർബോർഡ് ഉയർത്തിയ ഇക്രാം അഫ്ഗാൻ സ്‌കോർ 200 കടത്തി. ഒടുക്കം ഇക്രാം റീസ് ടോപ്ലിക്ക് മുന്നിൽ വീണു. പിന്നീടെത്തിയ മുജീബു റഹ്മാൻ വാലറ്റത്തെ കൂട്ടുപിടിച്ച് അഫ്ഗാനെ മികച്ച സ്‌കോറിലെത്തിച്ചു. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മാർക്ക് വുഡ് രണ്ട് വിക്കറ്റ് പിഴുതു.

TAGS :

Next Story