കോവിഡ് വന്നിട്ടും വരുമാനത്തിൽ ഒന്നാമത് ബിസിസിഐ തന്നെ
ലോകത്തെ വിവിധ ക്രിക്കറ്റ് ബോർഡുകളുടെ വരുമാനമറിയാം
കോവിഡ് മഹാമാരി ക്രിക്കറ്റിന് ഇടവേള തന്നിട്ടും ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡായ ബിസിസിഐ തന്നെ (ബോർഡ് ഓഫ് കൺട്രോൾ ക്രിക്കറ്റ് ഇൻ ഇന്ത്യ). ഫുട്‌ബോൾ പോലെ ലോകത്തെ എല്ലാ രാജ്യങ്ങളിലും പ്രചാരമില്ലെങ്കിലും ക്രിക്കറ്റ് എന്ന കായിക വിനോദത്തിന് ലോക കായിക ഭൂപടത്തിൽ വലിയ ആരാധക പിന്തുണയുണ്ട്. ഐസിസി എന്ന രാജ്യാന്തര ബോർഡും അതിന് കീഴിൽ ഓരോ രാജ്യത്തിന്റെയും ക്രിക്കറ്റ് ബോർഡുകളും അടങ്ങുന്നതാണ് ക്രിക്കറ്റിന്റെ നിയന്ത്രണ അധികാരം.
അതത് രാജ്യങ്ങൾക്ക് വലിയ വരുമാനം കൂടി ക്രിക്കറ്റ് നൽകുന്നുണ്ട്. പരസ്യ വരുമാനം, സ്‌പോൺസർഷിപ്പ്, സംപ്രേക്ഷണാവകാശം, ടിക്കറ്റ് വരുമാനം ഇങ്ങനെ നിരവധി സ്രോതസുകൾ അടങ്ങിയതാണ് ഓരോ ക്രിക്കറ്റ് ബോർഡിന്റെയും വരുമാനം.
കഴിഞ്ഞ കുറേ വർഷങ്ങളായി ഈ വരുമാനകണക്കിൽ മുന്നിൽ നിൽക്കുന്നത് ബിസിസിഐയാണ്. ഇത്തവണ കോവിഡ് വന്നിട്ടും ഐപിഎൽ കാണികളില്ലാതെ നടത്തേണ്ടി വന്നിട്ടും ഈ 2021 ലും ഇന്ത്യ വരുമാനത്തിലെ ഒന്നാം സ്ഥാനം കൈവിട്ടിട്ടില്ല.
2021 ൽ 3,730 കോടിയാണ് സൗരവ് ഗാംഗുലി പ്രസിഡന്‍റായ ബിസിസിഐയുടെ ഇതുവരെയുള്ള വരുമാനം.
കണക്കിൽ രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡായ ക്രിക്കറ്റ് ഓസ്‌ട്രേലിയ (സി.എ) ആണ്. 2,843 കോടിയാണ് അവരുടെ വരുമാനം. ആദ്യമായി ബാറ്റും ബോളുമെടുത്ത് ലോക ക്രിക്കറ്റ് മൈതാനത്തിറങ്ങിയ ഇംഗ്ലണ്ട് പട്ടികയിൽ മൂന്നാമതാണ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ (ഇസിബി) വരുമാനം 2,135 കോടിയാണ്.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡായ പിസിബി 811 കോടി രൂപ വരുമാനവുമായി നാലാം സ്ഥാനത്താണ്. ബിസിബിയെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് 802 കോടി രൂപ വരുമാനവുമായ അഞ്ചാം സ്ഥാനത്തുണ്ട്.
100 കോടി രൂപ വരുമാനവുമായ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡാണ് പട്ടികയിൽ അവസാന സ്ഥാനക്കാർ.
ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ( 485 കോടി), ന്യൂസിലൻഡ് ക്രിക്കറ്റ് (210 കോടി), വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് (116 കോടി), സിംബാവെ ക്രിക്കറ്റ് ബോർഡ് (113 കോടി) എന്നിങ്ങനെയാണ് മറ്റു ബോർഡുകളുടെ 2021 ലെ വരുമാനം.
Adjust Story Font
16