സമയം കഴിഞ്ഞിട്ടും സാഹക്ക് റിവ്യൂ അനുവദിച്ച് അമ്പയർ; വിവാദം
കളിയിലെ മൂന്നാം ഓവറില്‍ അർജുൻ തെണ്ടുൽക്കറിന്റെ പന്തിലാണ് വൃദ്ധിമാൻ സാഹ ഇഷാൻ കിഷന് ക്യാച്ച് നൽകി പുറത്തായത്
wriddhiman saha
അഹ്മദാബാദ്: കഴിഞ്ഞ ദിവസം ഐ.പി.എല്ലിൽ ഗുജറാത്ത് മുംബൈ മത്സരം ഒരു വിവാദം കണ്ടാണ് ആരംഭിച്ചത്. കളിയിലെ മൂന്നാം ഓവറിൽ അർജുൻ തെണ്ടുൽക്കറിന്റെ പന്തിൽ വൃദ്ധിമാൻ സാഹ ഇഷാൻ കിഷന് ക്യാച്ച് നൽകി പുറത്തായി. അമ്പയർ വിക്കറ്റ് അനുവദിക്കുകയു ചെയ്തു. പന്ത് ബാറ്റിൽ കൊണ്ടോ എന്ന സംശയത്തിലായിരുന്നു സാഹ. ഉടൻ തന്നെ ഡി.ആർ.എസ് സമയം സ്‌ക്രീനിൽ തെളിഞ്ഞു.
നോൺ സ്‌ട്രൈക്ക് എന്റിലുണ്ടായിരുന്ന ഗില്ലുമായി സാഹ ചർച്ച ചെയ്യുന്നുണ്ടായിരുന്നെങ്കിലും 15 സെക്കന്റ് പിന്നിട്ടിട്ടും റിവ്യൂ നൽകിയില്ല. ഒടുക്കം ഡി.ആർഎസ് സമയം കഴിഞ്ഞാണ് താരം അപ്പീൽ ചെയ്തത്. അമ്പയർ ഇത് അനുവദിക്കുകയും ചെയ്തു. റിവ്യൂവിൽ പന്ത് ബാറ്റിൽ കൊണ്ടു എന്ന് വ്യക്തമായിരുന്നു. തേർഡ് അമ്പയർ ഔട്ട് അനുവദിച്ചു. മത്സരത്തിന് ശേഷം അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.
അഫ്ഗാൻ സ്പിൻ ബൗളർമാരായ നൂർ അഹമ്മദിനും റാഷിദ് ഖാനും മുന്നിൽ തകര്‍ന്നടിഞ്ഞ മുംബൈ ഇന്ത്യൻസ് കൂറ്റന്‍ തോല്‍വിയാണ് ഗുജറാത്തിനെതിരെ ഇന്നലെ വഴങ്ങിയത്. ഇരുവരും ചേർന്ന് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഗുജറാത്തിന്‍റെ വിജയം 55 റൺസിനായിരുന്നു. സ്‌കോർബോർഡ് ചുരുക്കത്തിൽ: ഗുജറാത്ത് ടൈറ്റൻസ്: 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 207, മുംബൈ ഇന്ത്യൻസ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 152.
മുംബൈ ഇന്ത്യൻസിന്റെ മുൻനിരയേയാണ് നൂറും റാഷിദ് ഖാനും ചേർന്ന് തള്ളിയിട്ടത്. അതിന് മുമ്പെ നായകൻ രോഹിത് ശർമ്മയെ(2) ഹാർദിക് പാണ്ഡ്യ പറഞ്ഞയച്ചിരുന്നു. ഇഷാൻ കിശൻ(13)കാമറൂൺ ഗ്രീൻ(33) തിലക് വർമ്മ(2)സൂര്യകുമാർ യാദവ്(23) ടിം ഡേവിഡ്(0) എന്നിവരാണ് സ്പിന്നർമാർക്ക് മുന്നിൽ വീണത്. നെഹാൽ വദേരയാണ്(40) മുംബൈയുടെ ടോപ് സ്‌കോറർ. നൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റാഷിദ് ഖാന്‍ നേടിയത് രണ്ട് വിക്കറ്റുകള്‍. മോഹിത് ശർമ്മ രണ്ട് വിക്കറ്റ് വീഴ്ത്തി പിന്തുണ കൊടുത്തു.
നാല് ഓവറിൽ 27 റൺസ് വിട്ടുകൊടുത്തായിരുന്നു റാഷിദ് ഖാന്റെ പ്രകടനം. എന്നാൽ നൂർ, നാല് ഓവർ എറിഞ്ഞെങ്കിലും 37 റൺസ് വഴങ്ങേണ്ടി വന്നു. സൂര്യകുമാർ യാദവ് 'ചൂടിൽ' നിൽക്കുമ്പോഴായിരുന്നു നൂറിന് റൺസ് കൊടുക്കേണ്ടി വന്നത്. എന്നാൽ ഇതെ സൂര്യകുമാറിനെ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കാനും നൂറിനായി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ മികച്ച സ്‌കോറാണ് പടുത്തുയർത്തിയത്. ശുഭ്മാൻ ഗിൽ 56 റൺസ് നേടി ടോപ് സ്‌കോററായപ്പോൾ അവസാനത്തിൽ മില്ലർ (22 പന്തിൽ 46) അഭിനവ് മനോഹർ(21 പന്തിൽ 42) രാഹുൽ തെവാട്ടിയ(5 പന്തിൽ 20) എന്നിവരുടെ തീപ്പൊരി ബാറ്റിങാണ് ഗുജറാത്ത് സ്‌കോർ 200 കടത്തിയത്. മുംബൈക്കായി പിയൂഷ് ചൗള രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റെ ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്തി. ചെന്നൈ സൂപ്പര്‍കിങ്സാണ് ഒന്നാം സ്ഥാനത്ത്.
Adjust Story Font
16