ലോക ടെസ്റ്റ് ചാംപ്യൻഷിപ്പില്‍ വില്ലനായി മഴ; ആദ്യ സെഷൻ ഉപേക്ഷിച്ചു
സതാംപ്ടണില്‍ കനത്ത മഴയും ഇടിമിന്നലും ശക്തമായി തുടരുന്നതിനാൽ ആദ്യദിനം കളി പൂർണമായും ഉപേക്ഷിക്കാനുമിടയുണ്ട്
പ്രഥമ ടെസ്റ്റ് ചാംപ്യൻഷിപ്പ് കലാശപ്പോരാട്ടത്തിൽ വില്ലനായി മഴ. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ചരിത്ര മത്സരത്തിന് വേദിയാകുന്ന ഇംഗ്ലണ്ടിലെ സതാംപ്ടണിലുള്ള ഏജിയസ് ബൗൾ സ്റ്റേഡിയത്തിൽ രാവിലെ മുതൽ മഴ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിനാൽ, ആദ്യ ദിവസത്തെ ആദ്യ സെഷൻ ഉപേക്ഷിച്ചതായാണ് വിവരം. ഇന്ത്യൻ സമയം വൈകീട്ട് മൂന്നിന് ആരംഭിക്കേണ്ട മത്സരത്തിൽ ഇതുവരെ ടോസ് ഇട്ടിട്ടില്ല.
മഴയെത്തുടർന്ന് ആദ്യ സെഷൻ നടക്കില്ലെന്ന് ബിസിസിഐ ആണ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്. കനത്ത മഴയും ഇടിമിന്നലും ശക്തമായി തുടരുന്നതിനാൽ ഒരുപക്ഷെ ആദ്യദിനം കളി പൂർണമായും ഉപേക്ഷിച്ചേക്കും. ഇന്ന് രാവിലെ ആറുമുതൽ നാളെ ആറുവരെ സതാംപ്ടണിൽ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നാണ് ബ്രിട്ടീഷ് കാലാവസ്ഥാ വകുപ്പിലെ വക്താവ് അറിയിച്ചിട്ടുള്ളത്.
Update: Unfortunately there will be no play in the first session on Day 1 of the ICC World Test Championship final. #WTC21
— BCCI (@BCCI) June 18, 2021
സ്പിൻ ബൗളർമാരെ പിന്തുണയ്ക്കുന്നതാണ് സതാംപ്ടണിലെ പിച്ചെന്നാണ് വിലയിരുത്തൽ. എന്നാൽ, കഴിഞ്ഞ ദിവസം മുതൽ ഇവിടെ കനത്ത മഴ തുടരുന്നതിനാൽ ഒരുപക്ഷെ ഒരു സ്പിന്നറെയും നാല് സീമർമാരെയും വച്ച് കളിക്കാനായിരിക്കും ഇരുടീമുകളുടെയും പദ്ധതി. അന്തിമ ഇലവനെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥ എന്തു തന്നെയായാലും പ്രഖ്യാപിച്ച ഇലവനിൽ മാറ്റമുണ്ടാകില്ലെന്നും ഇന്നലെ കോഹ്ലി വ്യക്തമാക്കിയിരുന്നു. മത്സരത്തിൽ എന്താണു ചെയ്യേണ്ടതെന്നതിനെക്കുറിച്ച് കൃത്യമായ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. കാലാവസ്ഥാ പ്രവചനങ്ങളെക്കുറിച്ച് കാര്യമായി ആലോചിക്കുന്നില്ലെന്നായിരുന്നു കോഹ്ലി പറഞ്ഞത്. അതേസമയം, ന്യൂസിലൻഡ് അന്തിമ ഇലവനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇന്ത്യൻ ഇലവൻ: രോഹിത് ശർമ, ശുഭ്മൻ ഗിൽ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി(നായകൻ), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ജസ്പ്രീത് ബുംറ, ഇശാന്ത് ശർമ, മുഹമ്മദ് ഷമി.
ന്യൂസിലൻഡ് സാധ്യതാ ഇലവൻ: ടോം ലാഥം, ഡിവോൻ കോൺവേ, കെയിൻ വില്യംസൺ(നായകൻ), റോസ് ടൈലർ, ഹെന്റി നിക്കോളാസ്, ബിജെ വാട്ലിങ്(വിക്കറ്റ് കീപ്പർ), കോളിൻ ഡി ഗ്രാൻഡ്‌ഹോം, മിച്ചൽ സാന്റ്‌നർ, കെയിൽ ജാമീസൻ, ട്രെൻഡ് ബോൾട്ട്, ടിം സൗത്തി.
Adjust Story Font
16