നവോമി ഒസാക - ടെന്നിസ് ലോകത്തിന്റെ ഓമന
ഗാലറിയുടെ നിറഞ്ഞ പിന്തുണയോടെ പോരാടിയ സെറീനയെ തോല്‍പിച്ചതിന് കണ്ണീര്‍ തുളുമ്പിയ കണ്ണുകളുമായി ആരാധകരോട് മാപ്പുചോദിച്ച ഒസാകയെ.
ഓര്‍മയില്ലേ നവോമി ഒസാകയെ. സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ 24ാം ഗ്രാന്‍ഡ്സ്ലാം എന്ന മോഹവുമായി അഞ്ചുമാസം മുമ്പ് യു.എസ് ഓപണ്‍ ഫൈനലിന് ഇറങ്ങിയ സെറീന വില്യംസിനെ അട്ടിമറിച്ച് ഗ്രാന്‍ഡ്സ്ലാം ടെന്നിസിലെ പുത്തന്‍ താരോദയമായി ഉയര്‍ന്ന ജാപ്പനീസ് സുന്ദരിയെ. ഗാലറിയുടെ നിറഞ്ഞ പിന്തുണയോടെ പോരാടിയ സെറീനയെ തോല്‍പിച്ചതിന് കണ്ണീര്‍ തുളുമ്പിയ കണ്ണുകളുമായി ആരാധകരോട് മാപ്പുചോദിച്ച ഒസാകയെ. വെറുമൊരു അട്ടിമറിയെന്ന് വിശേഷിപ്പിച്ചവരുടെ നെഞ്ചിലേക്ക് മറ്റൊരു എയ്സ് കൂടി പായിച്ചാണ് 21കാരി മെല്‍ബണ്‍ പാര്‍ക്കില്‍ രണ്ടാം ഗ്രാന്‍ഡ്സ്ലാമുയര്‍ത്തിയത്. പരിചയസമ്പത്തും രണ്ട് വിംബ്ള്‍ഡണ്‍ കിരീടങ്ങളുടെ അലങ്കാരവുമുള്ള മുന്‍ ഒന്നാം നമ്പര്‍ താരം പെട്ര ക്വിറ്റോവയെ ഫൈനലില്‍ കീഴടക്കിയാണ് തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍ഡ്സ്ലാം നേട്ടം. സ്കോര്‍: 7-6, 5-7, 6-4.
ഒരു വര്‍ഷം മുമ്പ് ഡബ്ല്യു.ടി.എ റാങ്കിങ്ങില്‍ 72ാമതായിരുന്ന ഒസാക അഞ്ചുമാസത്തിനിടയില്‍ രണ്ട് ഗ്രാന്‍ഡ്സ്ലാം കിരീടവുമായി ടെന്നിസിലെ പുതിയ രാജ്ഞിയായി മാറി. യു.എസ് ഓപണിലെയും ആസ്ട്രേലിയയിലെയും കിരീടത്തോടെ ഒന്നാം നമ്പറായി മാറിയ ഒസാക ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യക്കാരിയാണ്. പുരുഷവനിത വിഭാഗങ്ങളില്‍നിന്നുതന്നെ ആദ്യ ഏഷ്യന്‍ ഒന്നാം നമ്പര്‍. 2010നുശേഷം ഡബ്ല്യു.ടി.എ റാങ്കിലെ ഏറ്റവും പ്രായംകുറഞ്ഞ താരവുമായി.
ജപ്പാന്‍കാരിയാണെങ്കിലും ആഗോള മേല്‍വിലാസമാണ് ഒസാകക്ക്. അച്ഛന്‍ ലിയനാര്‍ഡ് ഫ്രാന്‍സിസ് ഹെയ്തിക്കാരന്‍. അമ്മ തമാകി ഒസാക ജപ്പാന്‍കാരിയും. നവോമിയുടെ ജനനം ജപ്പാനിലാണെങ്കിലും വളര്‍ന്നതും കളിപഠിച്ചതും അമേരിക്കയിലായിരുന്നു. ടെന്നിസില്‍ വില്യംസ് സഹോദരിമാരുടെ ജൈത്രയാത്രകണ്ട് ആരാധകനായി മാറിയ അച്ഛനാണ് നവോമിയുടെയും സഹോദരി മാരിയുടെയും കൈയില്‍ ആറാം വയസ്സില്‍ റാക്കറ്റ് നല്‍കുന്നത്. ജീവിതത്തിലൊരിക്കലും ടെന്നിസ് കളിച്ചിട്ടില്ലെങ്കിലും ലിയനാര്‍ഡ് മക്കള്‍ക്കായി കളി പഠിച്ചു. വില്യംസ് സഹോദരിമാരുടെ പിതാവ് റിച്ചാര്‍ഡ്സായിരുന്നു മാതൃക. എട്ടാം വയസ്സില്‍ കളി കാര്യമായതോടെ പരിശീലനം മികച്ച അക്കാദമികളിലേക്ക് മാറി.
കുഞ്ഞുനാളില്‍തന്നെ മക്കള്‍ ജപ്പാനെ പ്രതിനിധാനം ചെയ്യണമെന്നും ഈ മാതാപിതാക്കള്‍ തീരുമാനിച്ചിരുന്നു. ആദ്യം അവഗണിച്ച അമേരിക്കന്‍ ടെന്നിസ് അസോസിയേഷന്‍ പിന്നീട് സഹായവാഗ്ദാനം ചെയ്തെങ്കിലും ഒസാക കുടുംബം അത് നിരസിച്ചു. 2016ല്‍ ആദ്യമായി ഗ്രാന്‍ഡ്സ്ലാം കോര്‍ട്ടിലിറങ്ങിയ നവോമി മൂന്നാം വര്‍ഷത്തില്‍തന്നെ കിരീടമണിഞ്ഞു. അതാവട്ടെ, അച്ഛനും മകളും ഏറെ ആരാധിച്ച സെറീനയെ വീഴ്ത്തിതന്നെയായത് കാലംകാത്തുവെച്ച യാദൃച്ഛികത. മെല്‍ബണില്‍ നവോമി രണ്ടാം ഗ്രാന്‍ഡ്സ്ലാം അണിയുമ്പോള്‍ ജപ്പാനിലും ആഘോഷമായിരുന്നു. ജന്മനാടായ ഒസാകയില്‍ വലിയ സ്ക്രീനുകളൊരുക്കി പ്രദര്‍ശിപ്പിച്ചു. തിങ്കളാഴ്ചത്തെ പത്രങ്ങളില്‍ അവള്‍ മുഖചിത്രമായി. മാതൃഭാഷ സംസാരിക്കാനാവാത്തവരെ സ്വീകരിക്കാന്‍ മടിക്കുന്ന ജപ്പാന്‍കാര്‍ക്ക് പക്ഷേ, നവോമി സ്വന്തം പുത്രിയാണ്. അവള്‍ക്കുവേണ്ടി അവര്‍ ആ പോരായ്മയെ മറക്കും.
Adjust Story Font
16