നദാല്‍ കരുത്തില്‍ സ്‌പെയിന്‍ ഡേവിസ് കപ്പ് ഫൈനലില്‍
ഒരുഘട്ടത്തില്‍ 4-6ന് പിന്നില്‍ നിന്ന സ്പെയിനെ നദാലിന്റെ കളിമികവാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. കലാശപോരാട്ടത്തില്‍ കാനഡയാണ് സ്പെയിന്റെ എതിരാളികള്‍...
ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിന്റെ കളിയുടെ ബലത്തില്‍ ബ്രിട്ടനെ തോല്‍പിച്ച് സ്‌പെയിന്‍ ഡേവിസ് കപ്പ് ഫൈനലില്‍. വിധി നിര്‍ണ്ണയിച്ച ഡബിള്‍സ് പോരാട്ടത്തില്‍ നദാല്‍ ഫെലിസിയാനോ ലോപസ് സഖ്യം ജയിച്ചതോടെയാണ് സ്‌പെയിന്‍ 2-1ന്റെ മുന്‍തൂക്കത്തില്‍ ഡേവിസ് കപ്പ് ഫൈനലിലെത്തിയത്. കാനഡയാണ് കലാശപോരാട്ടത്തില്‍ സ്‌പെയിനിന്റെ എതിരാളികള്‍.
സിംഗിള്‍സ് പോരാട്ടങ്ങളില്‍ ബ്രിട്ടനും സ്‌പെയിനും ഓരോ മത്സരംജയിച്ച് സമനിലയിലായതോടെയാണ് ഡബിള്‍സ് നിര്‍ണ്ണായകമായത്. നദാലും വെറ്ററന്‍ താരം ലോപസും സ്‌പെയിനിനായി ഇറങ്ങിയപ്പോള്‍ ജെയ്മി മുറേയും നീല്‍ സ്‌കുപ്‌സ്‌കിയുമായിരുന്നു ബ്രിട്ടനായി കളിക്കാനിറങ്ങിയത്.
രണ്ട് സെറ്റും ടൈബ്രേക്കറിലേക്ക് നീണ്ട പോരാട്ടത്തില്‍ 7-6(3), 7-6(8)നായിരുന്നു സ്പാനിഷ് ജയം. മത്സരത്തിലെ ഓരോ പോയിന്‍റുകളും കടുത്ത പോരാട്ടങ്ങള്‍ക്കൊടുവിലാണ് ടീമുകള്‍ നേടിയത്. ഒരുഘട്ടത്തില്‍ 4-6ന് പിന്നില്‍ നിന്ന സ്പെയിനെ നദാലിന്റെ കളിമികവാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അഞ്ച് തവണ ഡേവിസ് കപ്പ് നേടിയിട്ടുള്ള സ്‌പെയിന്റെ 2012ന് ശേഷമുള്ള ആദ്യത്തെ ഫൈനല്‍ പ്രവേശമാണിത്.
ക്വാര്‍ട്ടറില്‍ അര്‍ജന്റീനക്കെതിരെയെന്നതുപോലെ ബ്രിട്ടനെതിരെയും ആദ്യ കളി തോറ്റ സ്‌പെയിനിന്റെ പ്രതീക്ഷകള്‍ മുഴുവനും നദാലിലായിരുന്നു. ഡാന്‍ ഇവാന്‍സിനെ 6-4, 6-0ത്തിന് തോല്‍പിച്ച് നദാല്‍ ക്ലാസ് തെളിയിച്ചതോടെയാണ് ഡബിള്‍ സ് നിര്‍ണ്ണായകമായി മാറിയത്. 2004ന് ശേഷം ഇതുവരെ നദാല്‍ 28 ഡേവിസ് കപ്പ് മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ട്.
സെമിയില്‍ റഷ്യയെ തോല്‍പിച്ചാണ് കാനഡ ഡേവിസ് കപ്പ് ഫൈനലിലെത്തിയത്. ഡേവിസ് കപ്പിന്റെ അവസാനഘട്ട മത്സരങ്ങള്‍ നവംബര്‍ 18നാണ് ആരംഭിച്ചത്. ഇന്ന് നടക്കുന്ന ഫൈനലില്‍ കാനഡ സ്‌പെയിനെ നേരിടും.
Adjust Story Font
16