ഡേവിസ് കപ്പ്; പാകിസ്താനെ നിലം തൊടാന്‍ അനുവദിക്കാതെ ഇന്ത്യ
ആദ്യ രണ്ട് സിംഗിള്‍സ് മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് 2-0ത്തിന്റെ ലീഡായി. ഇനിയുള്ള മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ ഇന്ത്യക്ക് ഡേവിസ് കപ്പ് ലോക ഗ്രൂപ് യോഗ്യതയിലെത്തും...
പാകിസ്ഥാനെതിരായ ഡേവിസ് കപ്പ് മത്സരങ്ങളില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ആദ്യദിനം നടന്ന രണ്ട് സിംഗിള്‍സ് മത്സരങ്ങളിലും ജയിച്ച് ഇന്ത്യ 2-0ത്തിന്റെ മുന്‍തൂക്കം നേടി. ഇന്ത്യന്‍താരങ്ങളായ രാംകുമാര്‍ രാമനാഥനും സുമിത് നാഗലുമാണ് സിംഗിള്‍സ് മത്സരങ്ങള്‍ ജയിച്ചത്.
പതിനേഴുകാരന്‍ മുഹമ്മദ് ഷൊയ്ബിനെതിരെ ഒരു പോയിന്റ് പോലും വിട്ടുകൊടുക്കാതെയായിരുന്നു രാംകുമാറിന്റെ ജയം 6-0, 6-0. മത്സരം വെറും 42 മിനിറ്റുകള്‍കൊണ്ട് തീര്‍ന്നു. രണ്ടാം മത്സരത്തില്‍ ഹുസെയ്ഫ അബ്ദുല്‍ റഹ്മാനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തന്നെ നാഗല്‍ തോല്‍പിച്ചു. രണ്ടാം സെറ്റില്‍ രണ്ട് ഗെയിം മാത്രമാണ് പാക് താരത്തിന് നേടാനായത്. സ്‌കോര്‍ 6-0, 6-2.
ഇന്ന് മറ്റു മത്സരങ്ങളില്‍ നാഗല്‍ ഷൊയ്ബിനെയും രാംകുമാര്‍ ഹുസെയ്ഫയെയും നേരിടും. ഡബിള്‍സില്‍ വെറ്ററന്‍ താരം ലിയാണ്ടര്‍ പേസും ഇന്ന് ഇന്ത്യക്കുവേണ്ടി ഇറങ്ങും. ലിയാന്‍ഡര്‍ പേസ് -ജീവന്‍ നെടുഞ്ചെഴിയന്‍ സഖ്യം മുഹമ്മദ് ഷൊയ്ബ് -ഹുസെയ്ഫ അബ്ദുല്‍ റഹ്മാന്‍ സഖ്യത്തെയാണ് നേരിടുക.
Adjust Story Font
16