Quantcast
MediaOne Logo

പ്രമോദ് രാമന്‍

Published: 3 May 2022 6:08 AM GMT

'പത്രവിശേഷ'ത്തിന്റെ വിശേഷങ്ങള്‍ അഥവാ ദൃശ്യമാധ്യമത്തിലേക്ക് ഒരു കാല്‍വയ്പ്

ടെലിവിഷനില്‍ പത്രങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ഏഷ്യാനെറ്റ് സാരഥികളുടെ ചിന്തയില്‍നിന്നാണ് 'പത്രവിശേഷം' ഉണ്ടാകുന്നത്. പ്രശസ്ത സാഹിത്യകാരന്‍ സക്കറിയയും പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കറുമായിരുന്നു അവതാരകര്‍.

പത്രവിശേഷത്തിന്റെ വിശേഷങ്ങള്‍ അഥവാ ദൃശ്യമാധ്യമത്തിലേക്ക് ഒരു കാല്‍വയ്പ്
X
Listen to this Article

പത്രങ്ങളും ചാനലുകളും തമ്മില്‍ ഇപ്പോള്‍ മത്സരമില്ല. പത്രങ്ങള്‍ക്ക് അവരുടെ സ്വന്തം വഴിയുണ്ട്. 24x7ചാനലുകള്‍ക്ക് സാധിക്കാത്ത പലകാര്യങ്ങളും പത്രങ്ങള്‍ക്ക് ചെയ്യാനുണ്ട്. മലയാളത്തിലെ പത്രങ്ങള്‍ അത് ചെയ്യുന്നുണ്ട്. ചാനലുകള്‍ക്ക് ക്ഷമാപൂര്‍വം ചെയ്യാന്‍ കഴിയാത്ത ആഴത്തിലുള്ള വിശകലനങ്ങളും പംക്തികളും ദൃശ്യങ്ങളുടെ അകമ്പടിയില്ലെങ്കിലും വിവരണം കൊണ്ട് ദൃശ്യസമാനമായ അനുഭവം പകര്‍ന്നുനല്‍കാന്‍ കഴിയുന്ന റിപ്പോര്‍ട്ടുകളുമെല്ലാം പത്രങ്ങളുടെ സവിശേഷതകളാണ്. എന്നാല്‍, ഇതിലൊക്കെയും ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം സംഭവിച്ചുകഴിഞ്ഞിട്ടുണ്ട്. ഡിസ്‌പ്ലേയിലും തലക്കെട്ടുകളിലും ഇന്‍ട്രോകളിലും ഉള്‍പ്പെടെ ടെലിവിഷന്റേയും സമൂഹമാധ്യമങ്ങളുടേയും സ്വാധീനം പ്രകടമാണ്. പക്ഷേ, പത്രങ്ങളുടെ സ്ഥാനം ന്യൂസ് ചാനലുകള്‍ കയ്യടക്കുമെന്ന തിയറി അസ്ഥാനത്തായെന്ന് തെളിയിക്കുന്നു, കഴിഞ്ഞ കാല്‍നൂറ്റാണ്ടിന്റെ അനുഭവം.

1995 ന്റെ തുടക്കത്തില്‍ ഏഷ്യാനെറ്റിന്റെ വാര്‍ത്താവിഭാഗം സജീവമായി വരുന്ന കാലത്ത് ഇതായിരുന്നില്ല സ്ഥിതി. ഏഷ്യാനെറ്റ് വാര്‍ത്താബുള്ളറ്റിനുകള്‍ ആരംഭിച്ചാല്‍ പത്രങ്ങള്‍ക്ക് പിറ്റേന്ന് കൊടുക്കാന്‍ ചൂടന്‍ വാര്‍ത്തകള്‍ ഇല്ലാതാകുമെന്നും അവയുടെ പ്രസക്തി തന്നെ ഇല്ലാതാകുമെന്നും ഒരു തോന്നല്‍ നേരിയതോതിലെങ്കിലും ഉണ്ടായിരുന്നു. പത്രരംഗത്തുള്ളവര്‍ ആദ്യം ഇത് തള്ളിക്കളഞ്ഞെങ്കിലും വാര്‍ത്താസംപ്രേഷണം സജീവമായതോടെ അവര്‍ക്കും അതില്‍ കാര്യമുള്ളതായി തോന്നിത്തുടങ്ങി. ടെലിവിഷന്‍ വാര്‍ത്തയെ നേരിടാനുള്ള മാര്‍ഗങ്ങള്‍ പ്രമുഖ ദിനപത്രങ്ങള്‍ക്കുവരെ ചിന്തിക്കേണ്ടിവന്നു.

കേരളത്തിലെ വാര്‍ത്താമാര്‍ക്കറ്റിന്റെ വലുപ്പം സങ്കല്‍പ്പിക്കാനോ തിരിച്ചറിയാനോ സാധിക്കാതിരുന്ന ആ കാലത്ത് പക്ഷേ ടെലിവിഷനില്‍ പത്രങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ചിന്ത ഏഷ്യാനെറ്റിന്റെ സാരഥികളില്‍ ഉണ്ടായി എന്നതാണ് രസകരം. അതിന്റെ ഫലമായി ജനിച്ച പ്രോഗ്രാം ആയിരുന്നു 'പത്രവിശേഷം'. പ്രശസ്ത സാഹിത്യകാരന്‍ സക്കറിയയും പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കറുമായിരുന്നു അവതാരകര്‍. (ബി.ആര്‍.പി അന്ന് ബാബു ഭാസ്‌കര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ബാബു സാര്‍ എന്നാണ് അന്നുമിന്നും ഞങ്ങള്‍ വിളിക്കുന്നത്). ഒരാഴ്ചയിലെ പത്രങ്ങളെ കീറിമുറിച്ച് വിശകലനം ചെയ്യുന്ന പരിപാടി. മുനയുള്ള വിമര്‍ശനമായിരുന്നു സവിശേഷത.

ചാനലില്‍ വാര്‍ത്താസംപ്രേഷണം ആരംഭിക്കുന്നതിനും എത്രയോ മുന്‍പേ 'പത്രവിശേഷം' തുടങ്ങിയിരുന്നു. അന്ന് ചീഫ് ന്യൂസ് എഡിറ്റര്‍ നീലന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച വാര്‍ത്താവിഭാഗമാണ് പരിപാടി പ്രൊഡ്യൂസ് ചെയ്തിരുന്നത്. വാര്‍ത്താവിഭാഗത്തില്‍ ആദ്യം ജോയിന്‍ ചെയ്ത നീലന്‍ സാര്‍ തന്നെയായിരുന്നു പരിപാടിയുടെ ആദ്യ പ്രൊഡ്യൂസര്‍. പിന്നീട് ചേര്‍ന്ന സി.എല്‍ തോമസും അതിനുശേഷം വന്ന എസ്.ബിജുവും ഞാനും അടക്കമുള്ള, വാര്‍ത്താവിഭാഗത്തിലെ പുതിയ അംഗങ്ങളും ആ പ്രോഗ്രാം പ്രൊഡ്യൂസ് ചെയ്തു. വാര്‍ത്താവിഭാഗത്തില്‍ പുതുതായി വരുന്നവര്‍ക്കെല്ലാം പ്രോഗ്രാം പ്രൊഡക്ഷനില്‍ പ്രാഥമിക അറിവുനേടാന്‍ സഹായിക്കുന്ന പരിപാടിയായി അത് മാറി. വളരെ ലളിതമാണെങ്കിലും സൂക്ഷ്മതയോടെ ചെയ്യേണ്ട പ്രോഗ്രാമായിരുന്നു 'പത്രവിശേഷം'. നീലന്‍ സാറിനോടൊപ്പമിരുന്നാണ് 'പത്രവിശേഷം' ഷൂട്ട് ചെയ്യാനും എഡിറ്റ് ചെയ്യാനും പഠിച്ചത്. ദൃശ്യമാധ്യമപ്രവര്‍ത്തനത്തിലെ ആദ്യപാഠങ്ങളായിരുന്നു അത്.

വാര്‍ത്താവിഭാഗം പ്രവര്‍ത്തിച്ചിരുന്നത് തിരുവനന്തപുരത്ത് ആയുര്‍വേദ കോളജിനടുത്തുള്ള റോസ് കോട്ടേജ് എന്ന കെട്ടിടത്തിലായിരുന്നു. പക്ഷേ, അവിടെ സ്റ്റുഡിയോ ഇല്ല. പത്രവിശേഷം ഷൂട്ട് ചെയ്യാന്‍ ഏതാണ്ട് പത്തുകിലോമീറ്റര്‍ കിഴക്ക് പുളിയറക്കോണത്തുള്ള മെയിന്‍ സ്റ്റുഡിയോയില്‍ പോകണം. വ്യാഴാഴ്ചകളിലാണ് ഷൂട്ട്. രാവിലെ 6 മണിക്ക് നമ്മള്‍ താമസിക്കുന്ന സ്ഥലത്ത് റെഡിയായി നിന്നാല്‍ വണ്ടിവരും. നമ്മളെയും കൂട്ടി ബാബു സാറാണെങ്കില്‍ ബാബു സാര്‍, സക്കറിയ സാറാണെങ്കില്‍ സക്കറിയ സാര്‍, ആങ്കറേയും കൂട്ടി പുളിയറക്കോണത്തേക്ക് തിരിക്കും. ഇരുവരോടുമുള്ള ഭയഭക്തി ബഹുമാനങ്ങള്‍ കൊണ്ട് വണ്ടിയിലിരുന്ന് അവരോട് സംസാരിക്കുന്നത് തന്നെ വളരെ കുറവായിരിക്കും. സക്കറിയ സാറാണെങ്കില്‍ നല്ലപോലെ സ്റ്റാര്‍ച്ചിട്ട് അലക്കിത്തേച്ച മുണ്ടും ഷര്‍ട്ടും. ബാബു സാറാണെങ്കില്‍ നല്ല വെടിപ്പുള്ള മുണ്ടും ജൂബയും. അവര്‍ ആങ്കര്‍ ചെയ്യാനുള്ള തയാറെടുപ്പോടുകൂടി വന്ന് വണ്ടിയില്‍ കയറുമ്പോള്‍ തന്നെ സാമാന്യം നല്ലതെന്ന് തോന്നി നമ്മള്‍ ഇട്ടുവരുന്ന ഷര്‍ട്ടൊക്കെ പ്രഭ മങ്ങി ഒന്നിനും കൊള്ളാത്തതാകും. അതിന്റെ അപകര്‍ഷത കൂടിയാകും പിന്നീടങ്ങോട്ട് നമുക്ക്. പോരാത്തതിന് മെയിന്‍ സ്റ്റുഡിയോയില്‍ നിന്ന് വരുന്ന ഡ്രൈവര്‍മാര്‍ക്കു പോലും നമ്മളെയൊക്കെ ഒരുവിലയും ഉണ്ടാകില്ല. 'ന്യൂസിലെ പയലുകള്' എന്നാണവര്‍ക്ക് നമ്മളോടുള്ള മട്ട്. സ്റ്റുഡിയോയിലെത്തിയാലും അതുതന്നെ സ്ഥിതി. ചില ക്യാമറാമാന്‍മാര്‍ മുതല്‍ ഫ്‌ളോര്‍ അസിസ്റ്റന്റുമാര്‍ വരെ പണിയെടുക്കാതിരിക്കുന്നതില്‍ പി.എച്ച്.ഡി എടുത്തവരായിരുന്നു. നമ്മള്‍ അപേക്ഷിച്ചാലൊക്കെ ചിലത് ചെയ്‌തെന്നിരിക്കും. പരിചയക്കുറവ് കൊണ്ട് നമ്മള്‍ എന്തെങ്കിലും അബദ്ധം കാണിച്ചാല്‍ പരിഹാസം വേറെ. എന്നാല്‍, സക്കറിയ സാറിന്റടുത്തും ബാബു സാറിന്റടുത്തും ഇവരെല്ലാം നല്ല മാന്യന്‍മാര്‍ ആയിരിക്കുകയും ചെയ്യും.

ഷൂട്ട് ചെയ്യേണ്ട പത്രങ്ങള്‍ സാര്‍ കൊണ്ടുവരും. ഷൂട്ടിനുമുന്‍പ് അതെടുത്തുവച്ച് പ്രൊഡ്യൂസറും ആങ്കറും ഒരു ചെറിയ ചര്‍ച്ച നടത്തും. മഞ്ഞ നിറത്തിലും പച്ച നിറത്തിലും മാര്‍ക്ക് ചെയ്തിരിക്കുന്ന ഭാഗങ്ങളില്‍ എവിടെ ഫോക്കസ് ചെയ്യണം, എവിടെ പാന്‍ ചെയ്യണം, എവിടെ കട്ട് ചെയ്യണം എന്നെല്ലാം അവര്‍ തന്നെ നിര്‍ദേശം നല്‍കും. പത്രങ്ങള്‍ ഒരു പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഷീറ്റില്‍ പിന്‍ചെയ്ത് വച്ചാണ് ഷൂട്ട് ചെയ്തിരുന്നത്.

എന്നാല്‍, ആദ്യം ആങ്കര്‍ പോര്‍ഷനാണ് ഷൂട്ട് ചെയ്യുക. പത്രവിശേഷം എന്നെഴുതിയ ഒരു ട്രാന്‍സ്ലൈറ്റ് ആണ് സെറ്റ്. ഞാന്‍ സെറ്റൊക്കെ ആദ്യമായി കാണുന്നത് അവിടെയാണ്. സക്കറിയ സാറും ബാബു സാറും തയ്യാറാക്കിക്കൊണ്ടുവന്ന സ്‌ക്രിപ്റ്റ് ക്യാമറയ്ക്ക് അരികില്‍ സ്ഥാപിച്ച് അതില്‍ നോക്കിയാണ് ആങ്കറിങ് ഷൂട്ട് ചെയ്തിരുന്നത്. ടെലി പ്രോംപ്റ്റര്‍ ഉണ്ടായിരുന്നില്ലെന്നര്‍ഥം. ക്യാമറാ ലുക്കില്‍ ചെറിയ പ്രശ്‌നംവരുമെങ്കിലും അതല്ലാതെ വേറെ മാര്‍ഗമുണ്ടായിരുന്നില്ല. സക്കറിയ സാര്‍ ആങ്കര്‍ ചെയ്യുന്നത് കണ്ടാല്‍ കൊതിവരും. നല്ല തെളിവുള്ള, മനോഹര ഭാഷയാണല്ലോ. മലയാളത്തിലെ എണ്ണംപറഞ്ഞ സാഹിത്യകാരന്റെ മലയാളം കേട്ടുനില്‍ക്കുന്നതിലെ സന്തോഷം ഒന്നുവേറെയായിരുന്നു. പത്രങ്ങളെ വിമര്‍ശിക്കുമ്പോള്‍ സക്കറിയ സാറിന്റെ ആക്ഷേപഹാസ്യം പലപ്പോഴും തുളച്ചുകയറുന്നതായിരിക്കും. ബാബു സാറിനാണെങ്കില്‍ ഭാഷയേക്കാളേറെ മാധ്യമവിചാരത്തിന്റെ ചൂടാണ് ഉണ്ടാവുക. ദീര്‍ഘകാലത്തെ പത്രപ്രവര്‍ത്തനാനുഭവങ്ങളുടെ ചൂട്. പ്രൊഡ്യൂസറെന്ന നിലയില്‍ ഇവര്‍ രണ്ടുപേരും ആങ്കര്‍ ചെയ്യുന്നത് കണ്ടുകൊണ്ട് നിന്ന ഞാന്‍ ഏതെങ്കിലും കാലത്ത് തനിക്കും ഇതുപോലെ ക്യാമറയ്ക്കുമുന്നിലെത്താന്‍ കഴിയുമോ എന്നാഗ്രഹിക്കുമായിരുന്നു. ചിലപ്പോഴൊക്കെ ടോയ്‌ലറ്റിലെ കണ്ണാടിക്കുമുന്നില്‍ അങ്ങനെ സങ്കല്‍പിച്ച് അനുകരിച്ച് നോക്കിയിട്ടുപോലുമുണ്ട്. ഉച്ചയ്ക്കുമുന്‍പ് ഷൂട്ട് തീര്‍ക്കണം. സ്റ്റുഡിയോ ഷെഡ്യൂളില്‍ നിശ്ചിതസമയം മാത്രമാണ് ചെറിയ പ്രോഗ്രാമായ പത്രവിശേഷത്തിന് കിട്ടുക. വലിയ പ്രോഗ്രാമുകളായ 'നമ്മള്‍ തമ്മില്‍' ഒക്കെ അതേ ഫ്‌ളോറില്‍ ഷൂട്ട് ചെയ്യാനുണ്ടാകും. (അതേ. ശ്രീകണ്ഠന്‍ സാറിന്റെ പഴയ പ്രോഗ്രാം തന്നെ). ഉച്ചയ്ക്ക് ശേഷമായിരിക്കും എഡിറ്റ്.


പത്രവിശേഷം എസ്.വി.എച്ച്.എസ് ടേപ്പുകളിലാണ് ഷൂട്ടെങ്കിലും എഡിറ്റ് ചെയ്യുന്നത് ബീറ്റ ഉള്‍പ്പെടെ വലിയ ടേപ്പുകള്‍ എഡിറ്റ് ചെയ്യുമായിരുന്ന അതേ സ്യൂട്ടില്‍ തന്നെ ആയിരുന്നു. അതൊരു വലിയ മുറിയായിരുന്നു. വിശാലമായി വിശ്രമിക്കുന്ന കുറേ ഉപകരണങ്ങളെ തഴുകിയുറക്കുന്ന എ.സിയും എഡിറ്റര്‍മാര്‍ മാനസികോല്ലാസത്തിനായി ചെറുതായി അപ് ചെയ്ത് ഇട്ടിരിക്കാവുന്ന മ്യൂസിക്കും. സമ്മര്‍ദം നിറഞ്ഞ ഷൂട്ടിനും ഉച്ചഭക്ഷണത്തിനും ശേഷം എഡിറ്റ് സ്യൂട്ടില്‍ എത്തുക എന്നുപറയുന്നത് വലിയ സാന്ത്വനമായിരുന്നു. വൃത്തിയും തണുപ്പും ചെറിയൊരു എയര്‍ ഫ്രഷ്‌നര്‍ സുഗന്ധവും ചെറിയ മ്യൂസിക്കും എല്ലാം ചേര്‍ന്ന ആ മുറിയുടെ ശീതളിമ ഇതെഴുതുമ്പോള്‍ മനസ്സില്‍ തട്ടുന്നു. നീലന്‍ സാറിന്റെ സഹായി ആയി പോയപ്പോഴാണ് അതിലാദ്യം കയറിയത്. എഡിറ്റര്‍ ജോര്‍ജ് ജോസഫ് വളരെ മാന്യനായ ഒരാളായിരുന്നു. തനിച്ചു പോയപ്പോഴും അദ്ദേഹത്തിന്റെ കൂടെയിരുന്ന് എഡിറ്റ് ചെയ്യാന്‍ ഒരു പ്രയാസവും ഉണ്ടായില്ല. പുതിയ ആളെന്ന നിലയില്‍ അദ്ദേഹം നമ്മളെ ധാരളം സഹായിക്കുമായിരുന്നു.

അത് ലീനിയര്‍ എഡിറ്റിങ് ആയിരുന്നു. എഡിറ്റ് ചെയ്ത് മുന്നോട്ടുപോയാല്‍ പിന്നെ തിരിച്ചുവന്ന് ശരിയാക്കാന്‍ വഴിയില്ല. എന്തെങ്കിലും തെറ്റിപ്പോയാല്‍ ആ ഭാഗം തൊട്ട് വീണ്ടും ചെയ്യേണ്ടിവരും. ആങ്കര്‍ പോര്‍ഷനില്‍ ഓരോയിടത്തും പരാമര്‍ശിക്കുന്ന പത്രഭാഗങ്ങള്‍ കൃത്യമായി ഇടുക എന്നതുമാത്രമാണ് പണി. എന്നാലും ടൈംകോഡ് ഒക്കെ നോട്ട് ചെയ്ത് കൃത്യമായി വേണം എഡിറ്റ് ചെയ്യാന്‍. പറയുന്ന പത്രം തെറ്റിപ്പോയാല്‍ പണികിട്ടും. ഇന്ന് നോണ്‍ ലീനിയര്‍ എഡിറ്റിങ്ങില്‍ സാധിക്കുന്ന ഒരു കളിയും അതില്‍ നടക്കില്ല. ഈ സന്ദര്‍ഭത്തിലൊക്കെയും ജോര്‍ജ് ചേട്ടന്‍ ഞങ്ങളെ കാര്യമായി സഹായിക്കുമായിരുന്നു.

പത്രവിശേഷം എഡിറ്റ് ചെയ്യാന്‍ പുളിയറക്കോണം സ്റ്റുഡിയോയില്‍ പോയ ഘട്ടങ്ങളിലാണ് ചിന്തകന്‍ അഥവാ ചിന്ത രവിയേട്ടന്‍ അഥവാ രവീന്ദ്രന്‍ എന്ന മനുഷ്യനെ ഞാന്‍ കൂടുതലായി കാണുന്നത്. അതിനുമുന്നേ അദ്ദേഹത്തോടൊപ്പം എത്രയോ കൂടെ ഉണ്ടായിട്ടുണ്ടെങ്കിലും ചിന്തകന്റെ ക്രിയേറ്റീവ് ടൈംസ് ഞാന്‍ സൂക്ഷ്മമായി കാണുന്നത് അവിടെവച്ചാണ്. നമ്മള്‍ പത്രവിശേഷം എന്ന നിസ്സാര പരിപാടി ഇപ്പുറത്ത് ഇരുന്ന് എഡിറ്റ് ചെയ്യുമ്പോള്‍ തൊട്ടടുത്ത എഡിറ്റ് സ്യൂറ്റില്‍ അദ്ദേഹം കേരളത്തിലെ ടെലിവിഷന്‍ ചരിത്രത്തിലെ ഒരു മഹാസംഭവം എഡിറ്റ് ചെയ്യുകയായിരുന്നു. എന്റെ കേരളം എന്ന മഹാസംഭവം.

അതേക്കുറിച്ച് കൂടുതലെഴുതാം, പിന്നീട്.


പത്രവിശേഷം പറഞ്ഞവസാനിപ്പിക്കട്ടെ. പത്രവാര്‍ത്തകളെ നിശിതമായി അവലോകനം ചെയ്യുന്ന ആ പരിപാടി ഏഷ്യാനെറ്റ് ന്യൂസില്‍ എത്രകാലം വരെ മുന്നോട്ടുപോയി എന്ന് ഓര്‍ക്കുന്നില്ല. പക്ഷേ, ചെയ്തിടത്തോളം എപിസോഡുകള്‍ വിലപ്പെട്ടവയാണ്. മാധ്യമവിമര്‍ശനത്തിന്റെ ഉദാത്തമാതൃകകള്‍ എന്നവയെ വിളിക്കാം. ഇന്നിപ്പോള്‍ ആ പാരമ്പര്യത്തിന് സമാനമായി മലയാളം ടെലിവിഷനില്‍ മറ്റൊരു പ്രോഗ്രാമേ ഉള്ളൂ. മീഡിയ വണിലും മാധ്യമം വാരികയിലുമായി ഡോ.യാസീന്‍ അശ്‌റഫ് അവതിരിപ്പിക്കുന്ന 'മീഡിയ സ്‌കാന്‍'.

TAGS :