കുരുക്ക് മുറുകരുത്
"ടൈ കെട്ടിയിട്ടും കെട്ടിയിട്ടും ശരിയാകാതെ കലശലായ ദേഷ്യംവന്ന സന്ദർഭങ്ങൾ എനിക്ക് കുറേ ഉണ്ടായിട്ടുണ്ട്"
നിങ്ങൾക്ക് ടൈ കെട്ടാൻ അറിയുമോ?
എന്നോടൊരാൾ ഇന്ന് ഇത് ചോദിച്ചാൽ അറിയാമെന്നാണ് ഉത്തരം. പക്ഷേ, 1998 ൽ ആണ് ഈ ചോദ്യമെനിക്ക് ആദ്യമായി നേരിടേണ്ടിവന്നത്. അന്ന് അറിയില്ലെന്നായിരുന്നു എന്റെ ഉത്തരം.
ആ വർഷമാണ് ഏഷ്യാനെറ്റിന്റെ അപ് ലിങ്ക് സ്റ്റേഷൻ സിംഗപ്പൂരിൽ നിന്ന് ചെന്നൈയിലേക്ക് മാറിയത്. ഇന്ത്യയിൽ നിന്ന് സ്വകാര്യ ചാനലുകൾക്ക് ലൈവ് അപ് ലിങ്കിങ് അനുവദിക്കും വിധം കേന്ദ്രസർക്കാരിന്റെ വാർത്താ വിതരണനയത്തിൽ മാറ്റം ഉണ്ടായത് ആ വർഷമാണ്. മൂന്നുവർഷത്തോളം നീണ്ട സിംഗപ്പൂർ ജീവിതത്തിനുശേഷം അന്നത്തെ ഏഷ്യാനെറ്റ് അവതാരകരും ന്യൂസ് പ്രൊഡ്യൂസർമാരും ടെക്നീഷ്യൻമാരും ചെന്നൈയിലേക്ക് പറിച്ചുനടപ്പെട്ടു. ചെന്നൈയിൽ നിന്ന് ഏതാണ്ട് ഇരുപത് കിലോമീറ്റർ മാറി പുതൂർ ജില്ലയിലെ അമ്പത്തൂരിലായിരുന്നു അപ് ലിങ്ക് സ്റ്റേഷൻ. ബി.എസ്.എൻ.എലിന്റെ ഉപഗ്രഹ സംപ്രേഷണ സംവിധാനം ഉപയോഗിച്ചാണ് ഏഷ്യാനെറ്റ്, സൺ ടിവി, ജയാ ടിവി തുടങ്ങിയ ചാനലുകൾ അപ് ലിങ്ക് ആരംഭിച്ചത്. അവിടെ ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സിൽ എല്ലാവർക്കും താമസ സൗകര്യവുമൊരുക്കി. ഫിലിപ്പീൻസിലെയും സിംഗപ്പൂരിലെയും സ്റ്റുഡിയോകളെ അപേക്ഷിച്ചു നോക്കിയാൽ ഒരു കൊച്ചേട്ടൻ എന്നുവിളിക്കാവുന്ന വലുപ്പമുള്ള സ്റ്റുഡിയോ. അതിൽ ഗ്ലാസിൽ ഡിസൈൻ ചെയ്ത് എടുത്ത സെറ്റ്. വിവിധ സമയങ്ങളിൽ വിവിധ നിറങ്ങൾ ഗ്ലാസ് സെറ്റിൽ വാർത്തയുടെ മൂഡ് നിശ്ചയിക്കും. ഇതടക്കം വാർത്തയുടെ കാഴ്ചയിൽ ഒരു ഫേസ് ലിഫ്റ്റ് വരുത്തുകയായിരുന്നു ശശികുമാർ സാറിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് വാർത്താ അവതാരകരുടെ കോസ്റ്റ്യൂമിൽ മാറ്റം വേണമെന്ന ചിന്ത വന്നത്. പുരുഷ അവതാരകർക്ക് ആദ്യം കോട്ടും ടൈയും ആകാമെന്ന് തീരുമാനിച്ചെങ്കിലും പിന്നെ ബാബു സാറിന്റെയും (ബി.ആർ.പി.ഭാസ്കർ) മറ്റും അഭിപ്രായത്തിൽ അത് തനി പാശ്ചാത്യമാകുമെന്ന തോന്നൽ വന്നു. അതുകൊണ്ട് പ്ലെയിൻ ഷർട്ടും ടൈയും ആകാമെന്ന് ഉറപ്പിച്ചു. മാനേജ്മെന്റ് ഒരു വലിയ പെട്ടി നിറയെ ടൈ കൊണ്ടുവന്ന് തന്നു.
ആ സമയത്താണ് ചോദ്യം വന്നത്. ടൈ കെട്ടുന്നത് എങ്ങനെയാണ്? കൊണ്ടുവന്നതിൽ ചിലത് നോട്ട് ഇട്ടിട്ടുതന്നെ ഉണ്ടായിരുന്നതിനാൽ ഉടൻ പ്രശ്നമില്ല. പക്ഷേ അതുപോരല്ലോ. ഒരുതവണ അഴിഞ്ഞാൽ പിന്നെയും കെട്ടണ്ടേ. രവിയും നികേഷും ഉൾപ്പെടെ ഞങ്ങൾക്കാർക്കും പിടിയില്ലായിരുന്നു. ഞാനത് പഠിക്കാൻ തീരുമാനിച്ചു. അന്ന് ചാനലിന്റെ ജനറൽ മാനേജർ ആയിരുന്ന ടി.കെ വിഭാകറാണ് അതെന്നെ പഠിപ്പിച്ചത്. സിംഗിൾ നോട്ടും ഡബിൾ നോട്ട് ഇടാനും പഠിച്ചു. അന്നവിടെ ഉണ്ടായിരുന്ന അവതാരകരിൽ ടൈ കെട്ടാൻ പഠിച്ചത് ഞാൻ മാത്രമാണ്. നികേഷും രവിയും നരേന്ദ്രനും കിഷോറുമൊക്കെ പലപ്പോഴും ടൈ കെട്ടാൻ എന്നെത്തേടി വരുമായിരുന്നു.
ഞാൻ പക്ഷേ, ഇവിടെ പറയാൻ വന്നകാര്യം മറ്റൊന്നാണ്. ടൈ കെട്ടുക എന്നുവച്ചാൽ അത്ര നിസ്സാരകാര്യമല്ല. എക്സിക്യൂട്ടിവ് ജോലികളിൽ പ്രവേശിക്കുന്നവർക്ക് അത് പഠിക്കേണ്ടത് നിർബന്ധമാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ ടൈ വസ്ത്രധാരണത്തിൽ നിർബന്ധമാക്കും വിധം പാശ്ചാത്യ ഡ്രസ് കോഡുകൾ നിലവിലുണ്ടല്ലോ. ഇന്ത്യയിലായാലും വിദേശത്തായാലും ചില സവിശേഷ സാഹചര്യങ്ങൾ അത് നിർബന്ധിതമാക്കുന്നു. മഹാത്മാ ഗാന്ധിയുടെ ഖാദി പ്രസ്ഥാനവും സ്വാതന്ത്ര്യസമരത്തിൽ ചർക്ക കൈവരിച്ച പ്രതീകാത്മക പ്രാധാന്യവും ഇന്ത്യൻ മനസ്സിൽ കോട്ടും ടൈയും ഉൾപ്പെടെയുള്ള ഫോർമൽ വസ്ത്രധാരണത്തെ കൊളോണിയൽ അവശിഷ്ടങ്ങളെന്ന് വിശേഷിപ്പിക്കുന്നതിലെത്തി. പക്ഷേ, 90കളുടെ ആരംഭത്തോടെ ആഗോളവൽക്കരണം യാഥാർഥ്യമാകാൻ തുടങ്ങി. അതിർത്തികൾ മറികടന്ന് തൊഴിൽ സാധ്യതകൾ വർധിക്കുകയും ഇത്തരം വസ്ത്രധാരണരീതികൾ വലിയ കമ്പനികളുടെ ഡ്രസ് കോഡിന്റെ ഭാഗമാവുകയും ചെയ്തു. അതുകൊണ്ട് ടൈ കെട്ടാൻ പുതിയ തലമുറ അറിയണം. പക്ഷേ, അതിലേറ്റവും രസകരം, അത് പറഞ്ഞുപഠിപ്പിക്കാനോ എഴുതിപ്പഠിപ്പിക്കാനോ കഴിയില്ല എന്നതാണ്. അത് എഴുതിത്തരാൻ പറഞ്ഞാൽ ഞാൻ താഴെക്കാണുംവിധം ശ്രമിച്ചുനോക്കും.
ടൈക്ക് രണ്ട് അറ്റങ്ങളുണ്ട്. വീതി കൂടിയതും വീതി കുറഞ്ഞതും. വീതികൂടിയ അറ്റം വലത്തും കുറഞ്ഞ അറ്റം ഇടത്തും വരുന്ന വിധത്തിൽ ടൈ ആദ്യം കഴുത്തിൽ ചുറ്റുക. എന്നിട്ട് രണ്ടും കൂടി അതിന്റെ ഏതാണ്ട് മധ്യഭാഗത്തിനു മുകളിലായി നോട്ട് വരുന്നതിനു കുറച്ച് താഴെയായി ക്രോസ് ചെയ്ത് പിടിക്കുക. (ഏതാണ്ട് എയ്ഡ്സിന്റെ ചിഹ്നത്തിൽ കാണുമ്പോലെ). ഇടതുകൈയുടെ ചൂണ്ടുവിരലും തള്ളവിരലും കൂടി ചേർത്ത് അതങ്ങനെ പിടിച്ചശേഷം വലതുകൈ കൊണ്ട് വീതികൂടിയ അറ്റം അതിനുമേലെ കൂടി ഒരുതവണ ചുറ്റുക. അത് ഇടതുകൈയുടെ മധ്യവിരൽ കൂടി ചേർത്ത് സ്ഥാനം മാറാതെ പിടിക്കുക. എന്നിട്ട് വീതികൂടിയ ഭാഗം വീണ്ടും കൊണ്ടുവന്ന് നേരത്തേ ചുറ്റിയ ഭാഗത്തിനു നടുവിൽ കൂടി താഴേക്ക് ഇറക്കുക. ഇടതുകൈയുടെ പിടിത്തം വിടാതെ അത് വലതുകൈകൊണ്ടു തന്നെ താഴേക്ക് വലിക്കുക. അപ്പോൾ നോട്ട് മുറുകും. ഒരു ചെറുസമോസ രൂപത്തിലാകും. ഇനി ഡബിൾ നോട്ടാണ് വേണ്ടതെങ്കിൽ വീതികൂടിയ ഭാഗത്തിന്റെ അറ്റം ഒരുതവണകൂടി രണ്ടുഭാഗത്തിനും ഇടയിൽ കൂടി താഴേക്ക് കൊണ്ടുവന്ന് വീണ്ടും ചുറ്റി.
വേണ്ട, മതി എന്നല്ലേ നിങ്ങൾ ഇപ്പോ പറഞ്ഞത്? ആയിരിക്കും. കാരണം ഇതിൽ നിന്ന് ഒരുചുക്കും മനസ്സിലാകില്ല. ടൈ കെട്ടണമെങ്കിൽ ആരെങ്കിലും ചെയ്യുന്നതിനൊപ്പം നിന്ന് പഠിക്കണം.
ഇത് പഠിച്ചാലും പോര, കൃത്യമായി കെട്ടാൻ പഠിക്കണം. ഇല്ലെങ്കിൽ ആൾക്കൂട്ടത്തിനു മുന്നിൽ വഷളാകും. കൃത്യമായ അളവോടെ രണ്ടുവശവും വന്നില്ലെങ്കിൽ കെട്ടിക്കഴിയുമ്പോൾ ഒരറ്റം വലുതും മറ്റേത് ചെറുതുമാകും. ആകെ പൊല്ലാപ്പാകും. ടൈ കെട്ടിയിട്ടും കെട്ടിയിട്ടും ശരിയാകാതെ കലശലായ ദേഷ്യംവന്ന സന്ദർഭങ്ങൾ എനിക്ക് കുറേ ഉണ്ടായിട്ടുണ്ട്. അത്യാവശ്യത്തിന് വാർത്ത അവതരിപ്പിക്കാൻ കയറേണ്ടിവരുമ്പോഴായിരിക്കും ചിലപ്പോൾ കെട്ടിക്കെട്ടി കുഴഞ്ഞുപോവുക. എന്നാൽ, നോട്ട് ഇട്ട് അവിടെക്കിടക്കുന്ന ഏതെങ്കിലും ടൈ കഴുത്തിൽ ചുറ്റി അങ്ങ് പോയാൽ പ്രശ്നമാണ്. ഷർട്ടിന് അനുസരിച്ചുവേണം ടൈ.
മറ്റൊരുവിധത്തിൽ പറഞ്ഞാൽ കോട്ട് ധരിക്കലും ടൈ കെട്ടലുമൊക്കെ എടുപിടീന്ന് ചെയ്യേണ്ട കാര്യങ്ങളല്ല. നയതന്ത്ര പരിപാടികളിലൊക്കെ പചാരിക വസ്ത്രധാരണത്തോടെ ആളുകൾ എത്തുന്നത് അങ്ങേയറ്റം സൂക്ഷ്മമായി അവ അണിഞ്ഞാണ്. സോണിയാ ഗാന്ധിയെ രാജീവ് ഗാന്ധിയുടെ വധുവായി തീരുമാനിച്ചശേഷം ഒരു വിദേശനയനയതന്ത്ര പരിപാടിയിൽ പങ്കെടുപ്പിക്കാൻ ഇന്ദിരാഗാന്ധി സാരിയുടുപ്പിച്ച കാര്യം, അതിലെ രോ വശവും സൂക്ഷ്മമായി അവർ വിലയിരുത്തിമാത്രം അത് പൂർത്തിയാക്കിയ കാര്യം, സോണിയാ ഗാന്ധിയുടെ ജീവചരിത്രമായ 'ദ റെഡ് സാരി'യിൽ സ്പാനിഷ് എഴുത്തുകാരനായ ജാവിയർ മോറോ പറയുന്നുണ്ട്. വസ്ത്രധാരണത്തിലെ സൂക്ഷ്മത ആത്മവിശ്വാസത്തിന്റെ തോത് വർധിപ്പിക്കും. നല്ല നിലയിൽ വസ്ത്രം ധരിച്ച് തയാറായാലും ഷോ ചെയ്യാൻ നേരത്ത് ടൈയുടെ നോട്ട് അത്ര ശരിയായില്ലല്ലോ എന്ന് ആരെങ്കിലും പറഞ്ഞാൽ അതെന്നെ തെല്ല് ഉലയ്ക്കുകതന്നെ ചെയ്യും.
ഏറ്റവുമൊടുവിൽ, ടൈയെക്കുറിച്ചാണല്ലോ പറഞ്ഞത്, ഏഷ്യാനെറ്റിൽ അവതാരകർ അത് കെട്ടാൻ തീരുമാനിച്ച കാലത്ത് ബാബു സാർ (ബി.ആർ.പി ഭാസ്കർ) അതിന് നൽകിയ ഒരു മലയാളം പേരുകൂടി പറഞ്ഞ് അവസാനിപ്പിക്കാം. കണ്ഠകൗപീനം.