സ്‌കൂള്‍ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍; കോര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് സ്‌പെഷ്യല്‍ റൂള്‍ തയ്യാറാക്കാന്‍ ആയിരുന്നു കോര്‍ കമ്മിറ്റിയെ നിയോഗിച്ചത്.
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള കോര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത് കൂടിയാലോചനകള്‍ ഇല്ലാതെയെന്നാണ് ആരോപണം. ജനാധിപത്യപരമായ ചര്‍ച്ചയ്ക്ക് വിധേയമാക്കാതെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് വിദ്യാര്‍ത്ഥി സമൂഹത്തിന് ദോഷമെന്ന് കേരള പ്രൈവറ്റ് സ്‌കൂള്‍ മാനേജര്‍മാരുടെ അസോസിയേഷന്‍ പറഞ്ഞു.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് സ്‌പെഷ്യല്‍ റൂള്‍ തയ്യാറാക്കാന്‍ ആയിരുന്നു കോര്‍ കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റി ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടക്കുന്ന ഫയല്‍ നീക്കങ്ങള്‍ക്ക് എതിരെയാണ് എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ രംഗത്ത് വന്നിരിക്കുന്നത്. റിപ്പോര്‍ട്ടിനെ കുറിച്ച് അദ്ധ്യാപക സംഘടനകളുമായോ, അക്കാദമിക സമൂഹവുമായോ, എയിഡഡ് മാനേജ്‌മെന്റെകളുമായോ ചര്‍ച്ച ചെയ്തിട്ടില്ല. ആലോചനകള്‍ കൂടാതെയുള്ള ഈ പരിഷ്‌കാരങ്ങള്‍ ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നില്ല എന്നും അക്കാദമിക നിലവാരം തകര്‍ക്കുമെന്നും കെ.പി.എസ്.എം.എ ആരോപിക്കുന്നു. കേന്ദ്രഫണ്ട് നേടിയെടുക്കാന്‍ വേണ്ടിയാണ് തിരക്കിട്ട നീക്കങ്ങള്‍ എന്നും ആക്ഷേപം ഉണ്ട്.
ഇത് സംബന്ധിച്ച വിശദമായ ചര്‍ച്ചകള്‍ക്കായി അധ്യാപക സംഘടനയായ കെ.എച്ച്.എസ്.ടി.യുവും മാനേജര്‍മാരുടെ സംഘടനയായ കെ.പി.എസ്.എം.എയേയും നാളെ യോഗം ചേരും. ഈ യോഗത്തിലാകും പ്രത്യക്ഷ സമരം അടക്കമുള്ള തുടര്‍നടപടികള്‍ തീരുമാനിക്കുക.
Adjust Story Font
16