'പണം കിട്ടുമ്പോൾ തിരികെ തരാം'; ബൈജൂസിലെ ടിവി എടുത്തു കൊണ്ടുപോയി അച്ഛനും മകനും
2023 വർഷത്തിൽ ബൈജൂസ് ട്യൂഷൻ സെന്ററിലെ പകുതിയിലേറെ വിദ്യാർത്ഥികളും റീഫണ്ട് ആവശ്യപ്പെട്ടു എന്നാണ് കണക്ക്
മുംബൈ: അഭൂതപൂർവ്വമായ സാമ്പത്തിക പ്രതിസന്ധിയിലാണിപ്പോൾ എജ്യുടെക് കമ്പനി ബൈജൂസ്. ദൈനംദിന ചെലവുകൾക്ക് വരെ കമ്പനിക്ക് പണം കണ്ടെത്താനാകുന്നില്ലെന്നാണ് റിപ്പോർട്ട്. ബൈജൂസിൽ കോഴ്‌സിന് ചേർന്ന നിരവധി പേർക്കും പണം നഷ്ടമായി. അങ്ങനെ പണം നഷ്ടപ്പെട്ട ഒരു കുടുംബം കമ്പനിയുടെ ഓഫീസിൽ കയറി ടിവി എടുത്തു കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറൽ.
രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. ട്യൂഷൻ വേണ്ടെന്നു വച്ച് ഉപയോഗിക്കാത്ത ടാബ്ലറ്റ് തിരികെ നൽകി കുടുംബം റീഫണ്ട് ആവശ്യപ്പെട്ടു. പണം നൽകാമെന്ന് ബൈജൂസ് അറിയിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഓരോ തടസ്സങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതിൽ കുപിതരായ കുടുംബം ഓഫീസിലെത്തി ടിവി അഴിച്ചുകൊണ്ടു പോകുകയായിരുന്നു. പണം നൽകിയാൽ തിരികെ തരാമെന്ന് ജീവനക്കാരോട് പറഞ്ഞാണ് ടിവി എടുത്തുകൊണ്ടു പോയത്.
2023 വർഷത്തിൽ ബൈജൂസ് ട്യൂഷൻ സെന്ററിലെ പകുതിയിലേറെ വിദ്യാർത്ഥികളും റീഫണ്ട് ആവശ്യപ്പെട്ടു എന്നാണ് ധനകാര്യ മാധ്യമമായ മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നത്. 2021 നവംബർ 9 മുതൽ 2023 ജൂലൈ 11 വരെ 43625 റീഫണ്ട് കേസുകളാണ് ബൈസൂജിലെത്തിയത്.
അതിനിടെ, നിലവിലെ പ്രശ്‌നങ്ങളുടെ സാഹചര്യത്തിൽ ബൈജൂസിന്റെ അസാധാരണ ജനറൽ മീറ്റിങ് ഇന്ന് ചേരുകയാണ്. കമ്പനി സ്ഥാപകൻ മലയാളിയായ ബൈജു രവീന്ദ്രൻ അടക്കമുള്ളവരെ പുറത്താക്കാനുള്ള കടുത്ത തീരുമാനം വരെ യോഗം കൈക്കൊണ്ടേക്കുമെന്ന് റിപ്പോർട്ടുണ്ട്. ബൈജൂസിന്റെ മാതൃക കമ്പനി തിങ്ക് ആന്റ് ലേൺ പ്രൈവറ്റ് ലിമിറ്റഡിലെ നിരവധി നിക്ഷേപകർ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോള ടെക് നിക്ഷേപകരായ പ്രോസസും നടത്തിപ്പിനായി പുതിയ ബോർഡ് വേണെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഫെമ ആക്ട് ലംഘിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിവിധ നിക്ഷേപകരുടെ പരാതിയിൽ ബൈജൂസിനെതിരെ കേന്ദ്ര അന്വേഷണം നടക്കുകയാണ്.
Adjust Story Font
16