മനുഷ്യന്റെ മരണം പ്രവചിക്കുന്ന കൃത്രിമ ബുദ്ധി
മനുഷ്യന്റെ മരണം പ്രവചിക്കുന്ന കൃത്രിമ ബുദ്ധി
വെറുതേയങ്ങ് പ്രവചിക്കുക മാത്രമല്ല പ്രവചനത്തില്‍ 90 ശതമാനത്തോളം കൃത്യത വരുകയും ചെയ്തതോടെയാണ് ഈ കൃത്രിമബുദ്ധിക്ക് മുന്നില്‍ ലോകം ഞെട്ടിയിരിക്കുന്നത്.
എപ്പോള്‍ മരണം സംഭവിക്കുമെന്ന പ്രവചനം കൃത്യതയോടെ നിര്‍വഹിച്ച് ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്ത കൃത്രിമബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്). വെറുതേയങ്ങ് പ്രവചിക്കുക മാത്രമല്ല പ്രവചനത്തില്‍ 90 ശതമാനത്തോളം കൃത്യത വരുകയും ചെയ്തതോടെയാണ് ഈ കൃത്രിമബുദ്ധിക്ക് മുന്നില്‍ ലോകം ഞെട്ടിയിരിക്കുന്നത്. സ്റ്റാന്‍ഫോഡ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് മരണം പ്രവചിക്കുന്ന കൃത്രിമ ബുദ്ധിയെ വികസിപ്പിച്ചെടുത്തത്.
എല്ലാവരുടേയും മരണം നിരത്തി പ്രവചിക്കുന്നു സംവിധാനമല്ല ഇവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളുടെ മരണ സാധ്യതയാണ് കൃത്രിമബുദ്ധി വഴി പ്രവചിക്കുക. അമേരിക്കയില്‍ നടത്തിയ ഒരു സര്‍വ്വേ പ്രകാരം മരണാസന്നരാകുന്ന 80ശതമാനം വയോധികരും സ്വന്തം വീട്ടിലേക്ക് പോകാനാണ് താത്പര്യപ്പെട്ടിരുന്നത്. മരണമടുത്തെന്ന് അറിഞ്ഞിട്ടും വീട്ടിലെ സ്വസ്ഥമായ അന്തരീക്ഷമായിരുന്നു അവര്‍ ആഗ്രഹിച്ചത്. എന്നാല്‍ പലപ്പോഴും ഡോക്ടര്‍മാരുടെ നിര്‍ബന്ധത്തിന് വഴങ്ങി പല ചികിത്സകളുടെ പേരിലും ഇവര്‍ക്ക് ആശുപത്രിയില്‍ തുടരേണ്ടി വരാറുണ്ട്.
ഒരു രോഗി മരിക്കാന്‍ എത്രത്തോളം സാധ്യതയുണ്ടെന്ന അറിവ് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സക്ക് ഡോക്ടര്‍മാരെ സഹായിക്കുമെന്നാണ് പഠനം നടത്തിയ സ്റ്റാന്‍ഫോഡ് സര്‍വ്വകലാശാലയിലെ ഗവേഷകരുടേയും വാദം. സ്റ്റാന്‍ഫോഡിലെ തന്നെ ഒരു ആശുപത്രിയില്‍ നിന്നും ശേഖരിച്ച 1,60,000 രോഗികളുടെ വിശദാംശങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇവര്‍ കൃത്രിമബുദ്ധിയുടെ അല്‍ഗോരിതം നിര്‍മ്മിച്ചത്. ഏതെല്ലാം രോഗികള്‍ക്കാണ് കൂടുതല്‍ മരണസാധ്യതയെന്നതായിരുന്നു കണ്ടെത്താന്‍ ശ്രമിച്ചത്.
40000ത്തോളം രോഗികളില്‍ അടുത്ത മൂന്നു മാസം മുതല്‍ 12 മാസം വരെയുള്ള കാലയളവില്‍ ഏതെല്ലാം രോഗികള്‍ മരിക്കുമെന്ന് കൃത്രിമബുദ്ധി പ്രവചിച്ചു. എഐ പ്രവചിച്ചവരില്‍ 90 ശതമാനം രോഗികളും ഈ കാലയളവില്‍ മരിക്കുകയും ചെയ്തു. അതിനേക്കാള്‍ കൃത്യതയോടെയായിരുന്നു കൃത്രിമബുദ്ധി മരിക്കില്ലെന്ന് പ്രവചിച്ചതെന്നതും ശ്രദ്ധേയമാണ്. മരിക്കാന്‍ സാധ്യതകുറവാണെന്ന് കൃത്രിമബുദ്ധി പറഞ്ഞ 95ശതമാനം പേരും മരണത്തെ അതിജീവിച്ചു. കൂടുതല്‍ രോഗികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതോടെ മരണം പ്രവചിക്കുന്ന കൃത്രിമബുദ്ധിയുടെ കൃത്യത ഇനിയും വര്‍ധിക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.
അതേസമയം ഒരു രോഗിക്ക് ചികിത്സ നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ കൃത്രിമബുദ്ധിയുടെ മാത്രം അടിസ്ഥാനത്തില്‍ തീരുമാനമെടുക്കരുതെന്ന നിര്‍ദ്ദേശവും ഇതേ ഗവേഷണ സംഘം നല്‍കുന്നുണ്ട്. കൃത്രിമബുദ്ധി മരണം പ്രവചിക്കുന്ന രോഗിയെ ഡോക്ടര്‍ അടങ്ങുന്ന സംഘം വിലയിരുത്തിയ ശേഷം മാത്രമേ ചികിത്സയുടെ കാര്യത്തില്‍ തീരുമാനം പാടുള്ളൂവെന്നാണ് ഗവേഷണ സംഘത്തിലെ കെന്നത്ത് യുങ് ഓര്‍മ്മിപ്പിക്കുന്നത്. ഇങ്ങനെ ചെയ്താല്‍ മനുഷ്യന്റെ കാര്യത്തില്‍ യന്ത്രം തീരുമാനമെടുത്തുവെന്ന പഴി ഒഴിവാക്കാനാകുമെന്നും ഇവര്‍ കരുതുന്നു.
Adjust Story Font
16