ഹൃദ്രോഗത്തിനുള്ള അപകട കാരണങ്ങൾക്ക് വന്ധ്യതയുമായും ബന്ധം
സ്ത്രീകളുടെ രക്തത്തിലെ അനാരോഗ്യകരമായ കൊഴുപ്പിന്റെ അളവാണ് വില്ലനാവുന്നത്. ഗര്‍ഭധാരണവും പ്രസവവുമായെല്ലാം ഇതിന് ബന്ധമുണ്ടാവാന്‍ സാധ്യതയുള്ളതായാണ് പഠനം.
ഹൃദ്രോഗത്തിനുള്ള അപകട കാരണങ്ങൾക്ക് വന്ധ്യതയുമായും ബന്ധമുണ്ടെന്ന് പഠനം. സ്ത്രീകളുടെ രക്തത്തിലെ അനാരോഗ്യകരമായ കൊഴുപ്പിന്റെ അളവാണ് വില്ലനാവുന്നത്. ഗര്‍ഭധാരണവും പ്രസവവുമായെല്ലാം ഇതിന് ബന്ധമുണ്ടാവാന്‍ സാധ്യതയുള്ളതായാണ് പഠനം. നോർവേ ബെർഗൻ സർവകലാശാലയിലെ ഡോ. അലക്സാന്‍ഡ്ര പിർനാട്ടും രണ്ട് സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍. 1994-നും 2003-നും ഇടയിൽ രാജ്യത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവിതവും ആരോഗ്യ വിവരങ്ങളും ഉൾപ്പെടുന്ന നോർവേ മെഡിക്കൽ ബെര്‍ത്ത് രജിസ്ട്രി, നോർവേ കോഹോർട്ട് എന്നീ രണ്ട് വലിയ ഡാറ്റാബേസുകളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.
പഠനത്തിലെ 4,322 സ്ത്രീകളിൽ 2,157പേർക്ക് രണ്ടോ അതിലധികമോ കുട്ടികളുണ്ട്. 488പേർക്ക് ഒരു കുട്ടി വീതവും. എന്നാല്‍ 1,677 പേര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. കുട്ടികളല്ലാത്ത സ്ത്രീകൾക്കും ഒറ്റത്തവണ അമ്മമാരായവര്‍ക്കും, ഒന്നില്‍ കൂടുതല്‍ കുട്ടികളുള്ള സ്ത്രീകളില്‍ നിന്നും പലതരത്തിലും വളരെ വ്യക്തമായ രീതിയിലുള്ള വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഇവർ പ്രായവും ഭാരവും ഉള്ളവരായിരുന്നു. പ്രമേഹമുള്ളവരും പുകവലിക്കുന്നവരുമാണ്. പലരും കൃത്രിമ ബീജസങ്കലനത്തിലൂടെ അമ്മമാരായവരായിരുന്നു. കൂടാതെ, രണ്ടോ അതിലധികമോ കുട്ടികളുളള അമ്മമാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവരില്‍ രക്തത്തിലെ കൊഴുപ്പിന്റെ അളവ് അനാരോഗ്യകരമായ അവസ്ഥയിലായിരുന്നു.
പുകവലി, ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ പ്രമേഹം മുതലായവ ഉള്ളവരില്‍ ഇത്തരത്തില്‍ രക്തത്തില്‍ ഉയർന്ന കൊഴുപ്പിന്റെ അളവ് കൂടിയായാല്‍ ഹൃദ്രോഗം, സ്ട്രോക്ക് എന്നിവക്കുള്ള സാധ്യത കൂടുതലാണ്. ഇത് ഗര്‍ഭധാരണത്തെയും ബാധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.
''ഈ പഠനം രസകരമാണ്. ഒപ്പം ധാരാളം ചോദ്യങ്ങൾ ഉന്നയിക്കുന്നതും. എന്നാൽ അവർ കണ്ടെത്തിയത് പ്രധാനപ്പെട്ട ഒരു ബന്ധമാണ്.'' പിറ്റേർസ്ബർഗ് മെഡിക്കൽ സെന്റർ യൂണിവേഴ്സിറ്റിയിലെ കാർഡിയോളജിസ്റ്റും യുപിഎംസി മാഗീ-വിമൻസ് ഹോസ്പിറ്റലിലെ വിമൻസ് ഹാർട്ട് പ്രോഗ്രാം ഡയറക്ടറുമായ ഡോ. കാറ്റെ ബെർലാച്ചര്‍ പറയുന്നു. ''ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങൾ വന്ധ്യതയുമായും ബന്ധപ്പെട്ടുകിടക്കുന്നു എന്നാണ് പഠനം പറയുന്നത്. എന്നുകരുതി ഇവ വന്ധ്യതയ്ക്ക് കാരണമാകുമെന്നില്ല.'' ബെർലാക്കർ വിശദീകരിച്ചു.
''മറ്റൊരു വസ്തുത എന്താണെന്നു വച്ചാല്‍, കുട്ടികളുടെ എണ്ണവും കുട്ടികള്‍ വേണ്ട എന്നതുമെല്ലാം വ്യക്തിപരമായ തീരുമാനങ്ങളും ആകാം. ഓരോരുത്തരോടും നേരിട്ട് സംസാരിക്കാതെ നമുക്ക് അതേക്കുറിച്ച് ഒരു അനുമാനത്തിലെത്താന്‍ സാധിക്കണമന്നില്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു.'' അദ്ദേഹം പറഞ്ഞു.
അതേസമയം ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ രക്തത്തിലെ കൊഴുപ്പിന്റെ അളവ് പരിശോധിക്കുന്നത് ഉപകാരപ്രദമാകുമെന്ന് ഡോ. അലക്സാന്‍ഡ്ര പിർനാട്ട് പറയുന്നു. പ്രത്യേകിച്ച് ആദ്യത്തെയോ രണ്ടാമത്തെയോ പ്രസവത്തില്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിട്ടവരും, പാരമ്പര്യമായി കൊഴുപ്പിന്റെ അളവ് കൂടാന്‍ സാധ്യതയുള്ളവരും. ഇത്തരക്കാര്‍ക്ക് ഡോക്ടറോട് ഇതേക്കുറിച്ച് സംസാരിക്കുകയും, അതുമായി ബന്ധപ്പെട്ട ആരോഗ്യകരമായ രീതിയില്‍ ഭക്ഷണം ക്രമീകരിക്കുകയും ചെയ്യാം.
Adjust Story Font
16