Quantcast

മുലപ്പാലും അന്ധവിശ്വാസങ്ങളും

മുലയൂട്ടുമ്പോൾ അമ്മയ്ക്ക് അസുഖം വന്നാൽ മരുന്നുകൾ ഒന്നും കഴിക്കാതെ രോഗം മൂർച്ഛിച്ചു ആശുപത്രിയിൽ വരുന്നവരെ കാണാറുണ്ട്. അതും തെറ്റാണ്

MediaOne Logo

Web Desk

  • Published:

    1 Aug 2018 4:38 AM GMT

മുലപ്പാലും അന്ധവിശ്വാസങ്ങളും
X

മുലപ്പാലിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകിച്ച് മലയാളികളോട് പറഞ്ഞു തരേണ്ട ആവശ്യമില്ല. കാരണം മൂന്ന് വയസ് വരെയെങ്കിലും കുഞ്ഞിന് മുല കൊടുക്കണം എന്ന് നിര്‍ദ്ദേശിക്കുന്നവരാണ് പല മാതാപിതാക്കളും. എന്നാല്‍ അതോടൊപ്പം ചില അന്ധവിശ്വാസങ്ങളും മുലയൂട്ടലുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം അന്ധവിശ്വാസങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആദ്യത്തെ മുലപ്പാൽ പിഴിഞ്ഞു കളയണം എന്ന ധാരണ തെറ്റാണെന്നും അതിൽ ധാരാളമായി പ്രതിരോധശേഷി കൂടുവാനുള്ള ഇമ്മ്യൂണോഗ്ലോബുലിൻസും കുട്ടിയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ആഗസ്ത് ഒന്ന് മുതല്‍ 7 വരെ ലോകമുലയൂട്ടല്‍ വാരമായി ആചരിക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മുലപ്പാലും അന്ധവിശ്വാസങ്ങളും.

ഡോക്ടര്‍ ഷിനു ശ്യാമളന്‍

ജനിച്ചു ഒരു മാസമേ ആ കുഞ്ഞിന് അമ്മ മുലപ്പാൽ കൊടുത്തിട്ടുള്ളൂ. അതിന്റെ കാരണമാണ് എന്നെ അതിശയിപ്പിച്ചത്. അവർ ഒരു ഉദ്യോഗസ്ഥയായിരുന്നു. അതിനാൽ ജോലിയ്ക്ക് പോകുമ്പോൾ മുലപ്പാൽ താനേ ചുരന്ന് വസ്ത്രത്തിലായി ബുദ്ധിമുട്ടാകും എന്നതായിരുന്നു അവരുടെ കാരണം. ഞാൻ ഈ സ്ത്രീയെ കണ്ടിട്ടില്ല. പക്ഷെ എന്റെ സുഹൃത്തിന്റെ സുഹൃത്താണവർ. അങ്ങനെ മുലപ്പാൽ താനേ ചുരന്ന് പോകുമ്പോൾ ഉപയോഗിക്കുവാൻ സ്തനങ്ങളുടെ മുകളിൽ വെയ്ക്കുന്ന പാഡ് ഇന്ന് ഓൺലൈനായും മാർക്കറ്റിലും സുലഭമായി ലഭ്യമാണ്. കൂടാതെ മുലപ്പാൽ പിഴിഞ്ഞ് സൂക്ഷിക്കാവുന്നതാണ്.എന്നിരുന്നാലും ആ അമ്മയുടെ ഈ "കാരണം" മുലയൂട്ടാതെയിരിക്കുവാൻ ഒരു കാരണമേയല്ല.

മുലപ്പാൽ പിഴിഞ്ഞ് സാധാരണ ഗതിയിൽ 6 മണിക്കൂർ വരെ സൂക്ഷിക്കാം(അന്തരീക്ഷ താപനില 25°c). ഫ്രിഡ്ജിലാണെങ്കിൽ 5 ദിവസം വരെ സൂക്ഷിക്കാം (താപനില 4°c ), ഫ്രിഡ്ജിന്റെ ഫ്രീസറിൽ 2 ആഴ്ച്ച വരെ സൂക്ഷിക്കാം(-15°c). പ്രത്യേകതരം ഫ്രീസറിൽ 6 മാസം മുതൽ 12 മാസം വരെയും സൂക്ഷിക്കാം.

ഫ്രിഡ്ജിൽ നിന്നും എടുത്ത ശേഷം മുലപ്പാൽ തിളപ്പിക്കുവാനോ ഓവനിൽ വെക്കുവാനോ പാടില്ല. ആവശ്യമെങ്കിൽ ചെറുചൂട് വെള്ളത്തിലോട്ടു ഒരു പാത്രത്തിൽ ഇറക്കി വെച്ചു തണുപ്പ് മാറ്റാം. 2016ൽ കോഴിക്കോട് ഈ.എം.എസ് ആശുപത്രിയിൽ നവജാതശിശുവിന് മുലപ്പാൽ നിഷേധിച്ച സംഭവമുണ്ടായിരുന്നു. നഴ്സിന്റെ പരാതിയെ തുടർന്ന് ആ അച്ഛനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു മതപണ്ഡിതന്റെയോ മറ്റോ ഉപദേശം പ്രകാരമാണ് അവർ അത്തരം ഒരു തീരുമാനം എടുത്തത്.

പല അന്ധവിശ്വാസങ്ങളും ഇതിനെ ചുറ്റിപ്പറ്റിയുണ്ട്. ഈ കാലത്തും പ്രസവിച്ചാൽ തന്റെ സൗന്ദര്യം നശിക്കും ശരീരമാകെ ഭാരം കൂടി തന്റെ ശരീരഭംഗി നഷ്ടപ്പെടും എന്ന് വിശ്വസിക്കുന്ന ചില സ്ത്രീകളുമുണ്ട്. ആ കാരണം കൊണ്ട് അബോർഷൻ ചെയ്ത ഭാര്യയേയും മനസ്സില്ലാമനസോടെ ആ അബോർഷനു സമ്മതിച്ച ഭർത്താവിനേയും എനിക്ക് അറിയാം. വളരെ വിരളമാണ് അത്തരം സ്ത്രീകളെങ്കിലും ഈ കേരളത്തിലും ഇത്തരം സ്ത്രീകളുണ്ട് എന്നത് നിരാശാജനകമാണ്.

ആദ്യത്തെ മുലപ്പാൽ(colostrum) പിഴിഞ്ഞു കളയണം എന്ന് വിശ്വസിക്കുന്ന അമ്മമാരെയും ഈ കേരളത്തിൽ കണ്ടിട്ടുണ്ട്. അതും തെറ്റാണ്. കൊളസ്ട്രം പിഴിഞ്ഞു കളയേണ്ട ആവശ്യം ഇല്ല. അതിൽ ധാരാളമായി പ്രതിരോധശേഷി കൂടുവാനുള്ള ഇമ്മ്യൂണോഗ്ലോബുലിൻസ്(immunoglobulins) ,അതൊടൊപ്പം കുട്ടിയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

അതുപോലെ ജനിക്കുന്ന കുട്ടികൾക്ക് തേൻ, ചന്ദനം,വെള്ളം കൊടുക്കുന്നത് ധാരാളം കണ്ടിട്ടുണ്ട്. 6 മാസത്തേയ്ക്ക് കുട്ടിയ്ക്ക്, മുലപ്പാലല്ലാതെ മറ്റൊന്നും കൊടുക്കേണ്ട ആവശ്യം ഇല്ല. വെള്ളംപോലും കുട്ടിയ്ക്ക് 6 മാസം വരെ കൊടുക്കേണ്ട. മുലപ്പാലിൽ കുട്ടിയ്ക്ക് ആവശ്യമായ വെള്ളം അടങ്ങിയിട്ടുണ്ട്.

മുലയൂട്ടുമ്പോൾ അമ്മയുടെയും കുട്ടിയുടെയും ശരീരത്തിൽ ഓക്സിടോസിൻ(oxytocin) എന്ന ഹോർമോണ് ഉൽപ്പാദിപ്പിക്കുന്നു. ഓക്‌സിടോസിൻ ഒരു "happy hormone " ആണ്. കൂടാതെ മുലയൂട്ടുമ്പോൾ endorphins ഉൽപ്പാദിപ്പിക്കുന്നു. ഇവ രണ്ടും അമ്മയെ റിലാക്സ് ചെയ്യുവാൻ സഹായിക്കുന്നു. മാനസിക പിരിമുറുക്കങ്ങളും നിരാശയും വരാതെ ഇവ സഹായിക്കുന്നു. PPD(പോസ്റ്റ് പാർട്ടം ഡിപ്രഷൻ) വരാതെ ഒരു പരിധി വരെ സഹായിക്കുന്നു. PPD മുലയൂട്ടുന്ന അമ്മമാരിൽ നിരാശയുണ്ടാക്കുന്ന ഒരു തരം അസുഖമാണ്.

മുലയൂട്ടുമ്പോൾ അമ്മയ്ക്ക് അസുഖം വന്നാൽ മരുന്നുകൾ ഒന്നും കഴിക്കാതെ രോഗം മൂർച്ഛിച്ചു ആശുപത്രിയിൽ വരുന്നവരെ കാണാറുണ്ട്. അതും തെറ്റാണ്. മുലയൂട്ടുന്ന അമ്മമാർക്ക് കഴിക്കാവുന്ന ചില മരുന്നുകൾ ഉണ്ട്. അതു കൊണ്ട് രോഗം വന്നാൽ, അസുഖം മൂർച്ഛിക്കാതെ ഡോക്ടറെ കണ്ടു മരുന്ന് വാങ്ങി കഴിക്കുക. സ്വയം ചികിൽസിച്ചു എന്തെങ്കിലും ഗുളികകൾ ആ സമയത്തു അമ്മയ്ക്ക് കൊടുക്കരുത്. കാരണം ചില ഗുളികകൾ മുലയൂട്ടുന്ന അമ്മമാർ കഴിക്കുവാൻ പാടില്ല. ഡോക്ടറുടെ നിർദ്ദേശം അനുസരിച്ചുള്ള ഗുളികകൾ മാത്രം കഴിക്കുക. മുലപ്പാലിലൂടെ കുട്ടിയിലേയ്ക്ക് ആ മരുന്നിന്റെ അംശം ചെല്ലുന്നതിനാലാണ് അത്തരമൊരു നിദ്ദേശം.

ചിലർ കുട്ടികളുടെ സ്തനം ഞെക്കി പിഴിയും. പാവം കുഞ്ഞുങ്ങൾ. അവരുടെ സ്തനങ്ങളിൽ കെട്ടി നിൽക്കുന്ന മുലപ്പാൽ കളയാനാണത്രേ ഇത്തരം ഒരു ആചാരം. വെറുതെ ഞെക്കി കുട്ടിയെ കരയിപ്പിക്കാം. ഇതും ഇപ്പോഴും കണ്ടുവരുന്ന ഒരു അന്ധവിശ്വാസമാണ്. ഇതിൽ പലതും കേരളത്തിലും ഞാൻ കണ്ടിട്ടുണ്ട്. അതിനാൽ ഇരുട്ട് മൂടിയ നമ്മുടെ വിശ്വാസങ്ങളിൽ നിന്നും പുറത്ത് വന്ന് ശരിയായ രീതിയിൽ മുലയൂട്ടി, അന്ധവിശ്വാസങ്ങൾ മറന്ന്, 6 മാസം വരെ കുട്ടിയ്ക്ക് മുലപ്പാൽ മാത്രം കൊടുക്കുക.

മാസം തികയാതെ ഉണ്ടാകുന്ന കുട്ടികൾക്കു ചില സന്ദർഭങ്ങളിൽ മറ്റു വിറ്റാമിനുകൾ, ഫോർമുല ഇവ ഡോക്ടർ പറഞ്ഞാൽ മാത്രം കൊടുക്കുക. ഉദാഹരണത്തിന് അവർക്ക് മതിയായ ശരീരഭാരം കൂടുന്നില്ലെന്നുണ്ടെങ്കിൽ ഒരു പക്ഷെ ഡോക്ടർ ഫോർമുല പോലെയുള്ള പാൽ പൊടി. കൊടുക്കാൻ നിർദേശിക്കാം.

കുട്ടിയുടെ അവകാശമാണ് മുലപ്പാൽ. അത് നിഷേധിച്ചാൽ നിയമപരമായും ശിക്ഷാർഹമാണ്. കുഞ്ഞിന് മുലപ്പാലിലൂടെ ലഭിക്കേണ്ട പ്രതിരോധശേഷിയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. കുട്ടിയ്ക്ക് അതുമൂലം അസുഖങ്ങൾ വരാതെയിരിക്കുവാൻ മുലപ്പാൽ സഹായിക്കുന്നു. കൂടാതെ അമ്മയും കുഞ്ഞും തമ്മിലുള്ള മാനസികമായ അടുപ്പത്തിനും മുലയൂട്ടൽ അവർ തമ്മിൽ "ബോണ്ട്" ഉണ്ടാകുവാൻ സഹായിക്കുന്നു.

കൂടാതെ മുലയൂട്ടുന്നത് മൂലം സ്ത്രീകളിൽ ബ്രസ്റ്റ് ക്യാൻസർ, അണ്ഡാശയ ക്യാൻസർ ഇവ വരാതെയിരിക്കുവാൻ സഹായിക്കുന്നുവെന്നും പറയുന്നു. എത്രയുമധികനാൾ മുലയൂട്ടുന്നുവോ അത്രയുമേറെ അമ്മയ്ക്ക് ഈ രോഗങ്ങൾ വരാനുള്ള സാധ്യത കുറയുന്നു. മുലയൂട്ടുന്നതിന്നാൽ അമ്മയുടെ ശരീരഭാരം കൂടാതെയിരിക്കുവാനും,ഒരു പരിധിവരെ കുറയുവാനും സഹായിക്കുന്നു.

മുലയൂട്ടിയ കുട്ടികൾക്ക് മറ്റു കുട്ടികളെക്കാൾ IQ കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. മുലപ്പാൽ ഗർഭിണിയായിരിക്കുമ്പോൾ 24 ആഴ്ച മുതൽ തന്നെ സ്തനങ്ങളിൽ ഉൽപ്പാദിപ്പിക്കുന്നു. സ്തനങ്ങളുടെ വലിപ്പം കൂടും തോറും മുലപ്പാൽ കൂടും എന്നതും ശെരിയല്ല. ഇനിയും ഒരു കുഞ്ഞുപ്പോലും മുലപ്പാൽ കിട്ടാതെ കരയാതിരിക്കട്ടെ. ഓർക്കുക : കുട്ടിയുടെ അവകാശമാണ് മുലപ്പാൽ.

TAGS :

Next Story