എലിപ്പനി: മനുഷ്യർക്ക് അണുബാധ ഉണ്ടാകുന്നത് എങ്ങനെ
ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ ജോലിക്കാർക്കും മുറിവുപറ്റാനും ഈർപ്പമുള്ള ഇടങ്ങളിൽ ജോലി ചെയ്യുക വഴി രോഗം വരാനും സാധ്യത ഏറെയാണ്
ഏകദേശം പത്തുവർഷം മുമ്പ് നടന്ന സംഭവം ആണ്. സ്ഥലം ഒരു മെഡിക്കൽ കോളേജിലെ പകർച്ചവ്യാധി വിഭാഗം (infectious disease unit). ഒരുദിവസം ഉച്ചകഴിഞ്ഞ സമയം, രണ്ടു രോഗികൾ അഡ്മിറ്റായി വരുന്നു. അവരിൽ ഒരാൾക്ക് ചിക്കൻപോക്സ് മൂർച്ഛിച്ചു തലച്ചോറിനെ ബാധിച്ച varicella encephalitis ആണ്. ഒരു തവണ ജന്നി വന്നതിൽപ്പിന്നെ, അദ്ദേഹം ബോധം വീണ്ടെടുത്തിട്ടില്ല. സ്‌ട്രെച്ചറിൽ, ഓക്സിജൻ വച്ച് ആണ് വാർഡിൽ എത്തുന്നത്.
രണ്ടാമത്തെ രോഗി, കുറച്ചകലെയുള്ള ആരോഗ്യകേന്ദ്രത്തിൽ എലിപ്പനിക്ക് സമാനമായ ലക്ഷണങ്ങളോടുകൂടെ വന്നതിനാൽ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യപ്പെട്ടതാണ്. പനി, ചെറിയ ശരീരവേദന, മൂത്രത്തിന് മഞ്ഞനിറം, എന്നതിൽക്കവിഞ്ഞ് വലിയ ബുദ്ധിമുട്ട് ഒന്നുമില്ല. കൂടെ വന്ന മകൻ എന്തോ വാങ്ങിക്കുവാൻ പുറത്തേക്കു പോയതിനാൽ, അദ്ദേഹം കാഷ്വാലിറ്റിയിൽ നിന്ന് ഒറ്റയ്ക്ക് നടന്നുവരികയായിരുന്നു.
ഡ്യൂട്ടി ഡോക്ടർ രണ്ടുപേരെയും പരിശോധിച്ച് വേണ്ട ചികിത്സ തുടങ്ങി. സ്വാഭാവികമായി, ചിക്കൻപോക്സ് രോഗിയുടെ സ്ഥിതി മോശമാണ് എന്ന കാര്യം ബന്ധുക്കളോട് പറഞ്ഞു. എലിപ്പനി സംശയിച്ച രോഗിക്ക് പരിശോധനയിൽ ചെറിയ മഞ്ഞപ്പിത്തം ഒഴികെ മറ്റ് കുഴപ്പങ്ങൾ ഒന്നും ഇല്ലായിരുന്നു.
അല്പസമയത്തിനുള്ളിൽ രണ്ടുപേരുടെയും പരിശോധനാഫലം കിട്ടി. എലിപ്പനി രോഗിയുടെ റിപ്പോർട്ട് അസുഖം അതുതന്നെയെന്ന് ഉറപ്പിക്കുന്നതിനൊപ്പം അദ്ദേഹത്തിന്റെ വൃക്ക, കരൾ എന്നിവയെ രോഗം ബാധിച്ചതായി കാണിച്ചിരുന്നു. അതോടൊപ്പം ECG യിൽ ചില മാറ്റങ്ങളും ശ്രദ്ധയിൽപ്പെട്ടു.
വകുപ്പ് മേധാവിയുടെ നിർദ്ദേശപ്രകാരം നെഫ്രോളജി, കാർഡിയോളജി വിഭാഗങ്ങളിലെ ഡോക്ടർമാർ വന്നു പരിശോധിച്ചു. മറ്റുചില പരിശോധനകൾക്കുശേഷം മനസ്സിലായി; എലിപ്പനിയുടെ വളരെ കടുത്ത രോഗാവസ്ഥയായ, ഹൃദയത്തെ ബാധിക്കുന്ന myocarditis ആയിരുന്നു അദ്ദേഹത്തിന്.
അഡ്മിറ്റായി ഏകദേശം രണ്ടു മണിക്കൂറിനുള്ളിൽ, എലിപ്പനി ഉള്ള രോഗിയുടെ സ്ഥിതി മോശമാവാൻ തുടങ്ങി. രക്തസമ്മർദ്ദം പെട്ടെന്ന് താഴ്ന്നു, ഹൃദയത്തെ ബാധിച്ചതിന്റെ ലക്ഷണം. ഐസിയുവിലേക്ക് അദ്ദേഹത്തെ മാറ്റി, കൂടുതൽ തീവ്രമായി ചികിത്സ തുടർന്നു. പക്ഷേ, അപ്പോഴേക്കും രോഗിയുടെ സ്ഥിതി വളരെ മോശമായി, രക്തസമ്മർദ്ദം അപകടകരമായി താഴ്ന്നു, മരുന്നുകളോട് പ്രതികരിക്കാതെ ആയിരുന്നു. എല്ലാ ചികിത്സയെയും പരാജയപ്പെടുത്തി, പിറ്റേന്നു പുലർച്ചെ ആ രോഗി മരണത്തിനു കീഴടങ്ങി: ആശുപതിയിലെത്തി കേവലം 12 മണിക്കൂറുകൾക്കുള്ളിൽ.
ഈ സമയം, കൂടെ അഡ്മിറ്റായ ചിക്കൻപോക്സ് രോഗി മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയിരുന്നു. കൃത്യമായ ചികിത്സമൂലം അദ്ദേഹം സാവധാനം രോഗമുക്തനായി; കാര്യമായ ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ.
ഈ സംഭവം 'എലിപ്പനി' എന്ന അസുഖത്തിന്റെ തീവ്രതയും, സമയത്തിന് ചികിത്സ തുടങ്ങിയാൽപ്പോലും സംഭവിക്കാനിടയുള്ള സങ്കീർണ്ണതകളും ചൂണ്ടിക്കാട്ടുന്നു. 'രണ്ടു നാലു ദിനം' പോയിട്ട്, 24 മണിക്കൂർ പോലും ആയിരുന്നില്ല..
എന്താണ് എലിപ്പനിയെന്ന അസുഖം
നമ്മുടെ നാട്ടിൽ, ജോലിയുമായി വളരെയധികം ബന്ധപ്പെട്ടുനിൽക്കുന്ന ഒരു ജന്തുജന്യരോഗമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്‌പൈറോസിസ്. പ്രളയത്തിനു ശേഷമുള്ള ഇക്കാലത്ത് എലിപ്പനി നാട്ടിൽ പടർന്നു പിടിക്കാൻ നല്ല സാധ്യതയുണ്ട്. ദിനംപ്രതി എലിപ്പനി വളരെയധികം പേരിൽ കണ്ടെത്തുന്നു, അവരിൽ ഗണ്യമായ ഒരു വിഭാഗം മരണത്തിന് കീഴടങ്ങുന്നു. വളരെ ലഘുവായ രോഗക്ഷണങ്ങൾ മുതൽ മേൽപ്പറഞ്ഞ പോലുള്ള തീർത്തും മാരകമായ രീതിയിൽ വരെ ഈ അസുഖം കാണപ്പെടാം. ആഗോളതലത്തിൽ, എലിപ്പനിയുടെ കഠിനരൂപമായ വീൽസ് സിൻഡ്രോം (Weil's syndrome) ഉണ്ടാകുന്നവരിൽ 1% മുതൽ 50% വരെ പേർ മരണത്തിനു കീഴടങ്ങുന്നു. കേരളത്തിൽ ഈ വർഷത്തെ കണക്കനുസരിച്ച് 1098 പേർക്ക് ഈ അസുഖം ഉണ്ടായതിൽ 29 പേർ; അതായത് 2.6% രോഗികൾ മരണത്തിനു കീഴടങ്ങി. ഡെങ്കിപ്പനി പോലെയുള്ള മറ്റ് അസുഖങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ് ഇത്.
ലെപ്റ്റോസ്പൈറ വിഭാഗത്തിൽപ്പെടുന്ന ബാക്റ്റീരിയം ആണ് എലിപ്പനി ഉണ്ടാക്കുന്നത്. സസ്തനികളിൽ ഏതാണ്ട് എല്ലാ ജീവികളിലും ഈ അണുവിനെ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, എലികളിലാണ് ഇത് വളരെയധികം പെരുകുന്നത്. മിക്ക സസ്തനികളിലും ഈ ബാക്റ്റീരിയ യാതൊരു അസുഖവും ഉണ്ടാക്കാതെ അവയുടെ മൂത്രനാളിയിൽ കഴിയുന്നു. ഇക്കാരണത്താൽ തന്നെ, മൃഗങ്ങളുടെ മൂത്രത്തിലൂടെ ഇവ പുറത്തെത്തുകയും, അതുമായി സമ്പർക്കം പുലർത്തുന്ന മനുഷ്യർക്ക് അണുബാധ ഉണ്ടാവുകയും ചെയ്യുന്നു.
എങ്ങനെ മനുഷ്യർക്ക് ഈ അണുബാധ ഉണ്ടാകുന്നു
മൃഗങ്ങളെ പരിപാലിക്കുന്നവർ, അവയുടെ മൂത്രവുമായി നേരിട്ട് സമ്പർക്കം പുലർത്തിയാൽ, ഉദാഹരണത്തിന് തൊലിപ്പുറമേ മുറിവുമായി വെള്ളം കയറിയ വീടും പരിസരവും വൃത്തിയാക്കുന്ന ആളുടെ മുറിവിൽ അണുബാധയുള്ള മൂത്രം തട്ടിയാൽ, അവരിലേക്ക് രോഗാണു പകരാം. എന്നാൽ ഇക്കാലത്ത് നമ്മുടെ നാട്ടിൽ കാണുന്ന അണുബാധ മറ്റൊരു തരത്തിലാണ് സംഭവിക്കുക. എലിയുടെ, അല്ലെങ്കിൽ രോഗാണുവാഹകനായ മറ്റേതു മൃഗത്തിന്റെ മൂത്രം കൊണ്ട് മലിനമായ ജലത്തിൽ നിന്ന്. മൃഗങ്ങളുടെ മൂത്രത്തിലൂടെ ജലത്തിലെത്തുന്ന ലെപ്റ്റോസ്പൈറയ്ക്ക് ആഴ്ച്ചകളോളം ജലത്തിൽ ജീവിക്കാനുള്ള കഴിവുണ്ട്. മലിനജലത്തിൽ ഇറങ്ങിനിന്ന് ജോലിചെയ്യുന്നവർക്ക് ഇങ്ങനെയാണ് അസുഖം ഉണ്ടാവുക. വെള്ളത്തിൽ മുങ്ങി ജോലിചെയ്യുന്ന ആളുകളിൽ, മുറിവുകളില്ലെങ്കിൽ കൂടി, അവരുടെ കണ്ണിലെയും വായ്ക്കുള്ളിലെയും നേർത്ത ചർമ്മത്തിലൂടെയും ഈ അണുവിന് നേരിട്ട് ശരീരത്തിൽ പ്രവേശിക്കാം.
പൈനാപ്പിൾ കൃഷിയിടങ്ങളിലെ ജോലിക്കാരുടെ കൈകളിൽ ഇപ്പോഴും മുള്ളുകൊണ്ടുള്ള ചെറിയ മുറിവുകൾ കാണും. എലിശല്യമുണ്ടെങ്കിൽ ഈ ചെടികളിൽ എലിമൂത്രം ഉണ്ടാകാനും അങ്ങനെ അണുബാധ പകരാനും സാധ്യതയുണ്ട്. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ ജോലിക്കാർക്കും മുറിവുപറ്റാനും ഈർപ്പമുള്ള ഇടങ്ങളിൽ ജോലി ചെയ്യുക വഴി രോഗം വരാനും സാധ്യത ഏറെയാണ്.
രോഗലക്ഷണങ്ങള്‍
അണു ശരീരത്തിൽ കടന്നതിനുശേഷം 1 മുതൽ 30 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാം. ഭൂരിഭാഗം രോഗികൾക്കും വളരെ ലഘുവായ ലക്ഷണങ്ങൾ മാത്രമേ ഉണ്ടാകൂ. നേരിയ പനി, കുളിര്, ശരീരവേദന, തലവേദന, ഛർദ്ദി, വയറുവേദന, കണ്ണിനു ചുവപ്പുനിറം എന്നിവ ഉണ്ടാകാം. ലഘുവായ തരം രോഗം 7 മുതൽ 10 ദിവസം നീണ്ടുനിൽക്കുകയും, ചികിത്സ ഒന്നുമില്ലെങ്കിൽ പോലും പൂർണ്ണമായി സുഖപ്പെടുകയും ചെയ്യുന്നു.
എലിപ്പനിയുടെ കഠിനരൂപമായ "വീൽസ് സിൻഡ്രോം" എന്ന അവസ്ഥ വളരെ അപകടകരവും, ചികിത്സ കൃത്യമായി കിട്ടിയാൽ പോലും ഒരു വലിയ ശതമാനം പേരിൽ മാരകവും ആണ്. മേൽപ്പറഞ്ഞ ലക്ഷണങ്ങളുമായി തുടങ്ങുന്ന രോഗം, ക്രമേണ മറ്റ് അവയവങ്ങളെ ബാധിച്ചു തുടങ്ങുന്നു. രക്തസ്രാവം, മഞ്ഞപ്പിത്തം, വൃക്കരോഗം എന്നിവയാണ് വീൽസ് സിൻഡ്രോമിൽ കൂടുതലായി കാണുക. ഇവയ്ക്കുപുറമേ തലച്ചോറിന്റെ ആവരണത്തെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ്, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ, താഴ്ന്ന രക്തസമ്മർദ്ദം, ശ്വാസതടസ്സം എന്നിവയും കാണപ്പെടുന്നു. കൂടുതൽ അവയവങ്ങളെ ബാധിക്കുന്നത് അസുഖത്തിന്റെ മാരകശേഷി കൂട്ടുന്നു. വൃക്കരോഗത്തിനു ചികിൽസയായി ഡയാലിസിസ് വേണ്ടിവന്നേക്കാം. മറ്റു പല പനികളിൽ കാണുന്നതുപോലെ എലിപ്പനിയിലും പ്ലേറ്റ‍്‍ലെറ്റ് കൗണ്ട് കുറയുന്നു. ഇതും രക്തസ്രാവത്തിനു കാരണമാകുന്നു.
രോഗം കണ്ടെത്തുന്നതെങ്ങനെ?
രോഗനിർണ്ണയം രക്തപരിശോധനയിലൂടെ സാധ്യമാണ്. അതോടൊപ്പം സങ്കീർണ്ണതകൾ നിർണ്ണയിക്കാനായുള്ള ലബോറട്ടറി പരിശോധനകൾ, ഇ സി ജി, അൾട്രാസൗണ്ട് സ്കാൻ, സി ടി സ്കാൻ എന്നിവയും വേണ്ടിവന്നേക്കാം.
ചികിത്സ
ചികിത്സയായി ലെപ്‌റ്റോസ്പൈറയ്‌ക്കെതിരെ ഉള്ള ആന്റിബയോട്ടിക്കുകൾ നൽകുന്നു. ഡോക്സിസൈക്ലിൻ, പെനിസിലിൻ എന്നിവയാണ് ഏറ്റവും ഫലപ്രദമായവ. ചികിത്സ വൈകുന്നത് സങ്കീർണ്ണതകൾക്ക് സാധ്യത കൂട്ടുന്നു. ഇതിനുപുറമെ, രോഗം ബാധിക്കുന്ന അവയവത്തെ അനുസരിച്ച് ഡയാലിസിസ് പോലുള്ള മറ്റു ചികിത്സകൾ നല്കേണ്ടിവരുന്നു. എന്നിരുന്നാലും, വീൽസ് സിൻഡ്രോം വരുന്ന രോഗികളിൽ ഒരു ഗണ്യമായ ശതമാനം പേർ മരണത്തിനു കീഴടങ്ങുന്നു എന്നത് സമ്മതിച്ചേ പറ്റൂ.
രോഗ പ്രതിരോധം
രോഗപ്രതിരോധത്തിന്റെ പ്രസക്തി ഇവിടെയാണ്. മൃഗങ്ങളുടെ മൂത്രവുമായി സമ്പർക്കം സാധ്യതയുള്ളവർ (ഉദാ: ശുചീകരണ പ്രവർത്തകർ കൂടാതെ, മൃഗപാലകർ, മൃഗഡോക്ടർമാർ, പാടത്തു ജോലിചെയ്യുന്നവർ, പൈനാപ്പിൾ കൃഷിക്കാർ, ജലത്തിൽ ഇറങ്ങി മത്സ്യബന്ധനം ചെയ്യുന്നവർ..) കഴിവതും അത് ഒഴിവാക്കാൻ വേണ്ടത് ചെയ്യണം. മുട്ടറ്റം എത്തുന്ന കാലുറ, കൈയുറ എന്നിവ ഉപയോഗിക്കുക. മലിനജലത്തിൽ മുങ്ങാതെ ശ്രദ്ധിക്കുക. മുറിവുള്ളവർ ഇത്തരം സമ്പർക്കം തീർത്തും ഒഴിവാക്കുക.
ഇതിനുപുറമെ, രോഗം തടയാനായുള്ള മരുന്നുകൾ ലഭ്യമാണ്. ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഡോക്സിസൈക്ലിൻ ഗുളിക രണ്ടെണ്ണം (200 മില്ലിഗ്രാം) ആഴ്ചയിലൊരിക്കൽ കഴിക്കാം. 12 വയസ്സിന് മുകളിൽ ഉള്ളവർക്കാണ് ഈ ഡോസ്. 2 വയസ്സുമുതലുള്ള കുട്ടികൾക്കും ഡോക്സിസൈക്ലിൻ കൊടുക്കാം; ശരീരഭാരമനുസരിച്ചു ഡോസ് നിർണ്ണയിക്കണം. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ അമോക്‌സിസിലിൻ എന്ന മരുന്നാണ് ഉപയോഗിക്കേണ്ടത്. പ്രളയശേഷമുള്ള ശുചീകരണജോലിയിൽ ഏർപ്പെടുന്ന എല്ലാവർക്കും സർക്കാർ ആശുപത്രികൾ വഴി ഇവ വിതരണം ചെയ്തുവരുന്നു.
എല്ലാറ്റിനുമുപരി, സ്വന്തം ആരോഗ്യവും സ്വജീവനും രക്ഷിക്കേണ്ടത് അവരവർ തന്നെ. മേൽപ്പറഞ്ഞ അപകടകരമായ ജോലികൾ ചെയ്യുമ്പോൾ ശ്രദ്ധ അവശ്യം ഉണ്ടാവണം. എലിപ്പനി.. അത് മാരകം തന്നെയാണ്.
കടപ്പാട്:
*"രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ..തണ്ടിലേറ്റി നടത്തുന്നതും...."* ഏകദേശം പത്തുവർഷം മുമ്പ് നടന്ന സംഭവം ആണ്. സ്ഥലം ഒരു...
Posted by Amrithakiranam on Monday, September 3, 2018
Adjust Story Font
16