അവര്‍ നമുക്ക് ഇനി കുഞ്ഞുങ്ങളാണ്....
ലോകത്തിന് വാര്‍ധക്യദിനമാണ് ഇന്ന്. വൃദ്ധരുടെ പ്രശ്നങ്ങള്‍, മക്കളുടെ അവഗണനകള്‍, ഒറ്റപ്പെടലുകള്‍, കൂടുന്ന വൃദ്ധസദനങ്ങള്‍, കൂടിവന്നാല്‍ വാര്‍ധക്യ സംരക്ഷണത്തിന്റെ പ്രസക്തി - കഴിഞ്ഞു നമ്മുടെ വൃദ്ധദിനാചരണം.
ലോകത്തിന് വാര്‍ധക്യദിനമാണ് ഇന്ന്. ഒക്ടോബര്‍ 1 ആണ് ലോകവൃദ്ധദിനമായി നാം ആചരിക്കുന്നത്. വൃദ്ധരുടെ പ്രശ്നങ്ങള്‍, മക്കളുടെ അവഗണനകള്‍, ഒറ്റപ്പെടലുകള്‍, കൂടുന്ന വൃദ്ധസദനങ്ങള്‍, കൂടിവന്നാല്‍ വാര്‍ധക്യ സംരക്ഷണത്തിന്റെ പ്രസക്തി - കഴിഞ്ഞു നമ്മുടെ വൃദ്ധദിനാചരണം.
മലപ്പുറം തവന്നൂരിലെ സര്‍ക്കാര്‍ അഗതി മന്ദിരത്തിലെ കൂട്ടമരണങ്ങള്‍, വൃദ്ധദമ്പതികളുടെ ആത്മഹത്യകള്‍ തുടങ്ങി നമ്മള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന അനവധി വാര്‍ത്തകള്‍ക്കിടയിലേക്കാണ് ഒരു വൃദ്ധദിനം കൂടി കടന്നുവന്നിരിക്കുന്നത്. തങ്ങളുടെ സ്വകാര്യതയ്ക്ക് തടസ്സം നില്‍ക്കുന്നതെന്തും ഇന്നത്തെ കാലത്തെ മനുഷ്യന് ബുദ്ധിമുട്ട് സൃഷ്ടിക്കും എന്ന തത്വം വൃദ്ധജനങ്ങളുടെ കാര്യത്തിലും ആവര്‍ത്തിക്കുകയാണ്. സിനിമകളില്‍ പോലും മുത്തശ്ശനോ മുത്തശ്ശിയോ ഇല്ലാതായി. അച്ഛനും അമ്മയും ന്യൂ ജനറേഷനായാലേ പടം ഓടൂ എന്നായതോടെ കഥാപാത്രങ്ങളുടെ സൃഷ്ടിയും അങ്ങനെയായി മാറി.
അടങ്ങിയൊതുങ്ങി ഇരുന്നൂടെ, എന്തിനാ വെറുതെ റോഡിലേക്ക് എല്ലാം പോകുന്നത്, എല്ലാം ഞാനിവിടെ കൊണ്ടുവന്നുതരുന്നില്ലേ, വല്ലയിടത്തും തട്ടിത്തടഞ്ഞ് വീണാല്‍ ഞങ്ങള്‍ ശ്രദ്ധിക്കാഞ്ഞിട്ടാണെന്നേ പറയൂ നാട്ടുകാര്‍ - എന്നു തുടങ്ങി അമിത കരുതലെന്ന ന്യായം പറഞ്ഞ് നമ്മള്‍ പ്രായമായവര്‍ക്കു ചുറ്റും വെക്കുന്ന അമിത നിയന്ത്രണങ്ങളെ കുറിച്ച് എപ്പോഴെങ്കിലും ഓര്‍ത്തിട്ടുണ്ടോ.... കുഞ്ഞുങ്ങള്‍ക്കു ചുറ്റും നമ്മള്‍ ആ കരുതല്‍ സൃഷ്ടിക്കാറുണ്ടെങ്കിലും, ശാസിക്കാറുണ്ടെങ്കിലും, ആ ശാസനയുടെ ഭാഷയല്ല, മാതാപിതാക്കളെ ശകാരിക്കുന്പോള്‍ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കുഞ്ഞിനെ ഒന്ന് ശാസിച്ചാല്‍, അടുത്ത നിമിഷം തന്നെ വാരിപ്പുണര്‍ന്ന് ഉമ്മകള്‍ വാരിക്കോരിക്കൊടുത്തിരിക്കും നമ്മള്‍.
എന്നാലോ, കുഞ്ഞായി കണ്ട് നമ്മുടെ അച്ഛന്റെയും അമ്മയെയും കുഞ്ഞുകുഞ്ഞ് ഇഷ്ടങ്ങളെ, വാശിക്കളെ അതേപോലെ ഏറ്റെടുക്കാന്‍ എപ്പോഴെങ്കിലും നമ്മള്‍ തയ്യാറായിട്ടുണ്ടോ... കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാനായി അവരെ യാത്ര കൊണ്ടുപോകുന്നപോലെ, കൈ വിട്ടാല്‍ എന്തെങ്കിലും അപകടമുണ്ടായാലോ എന്ന് കരുതി കണ്ണ് തെറ്റാതെ ചേര്‍ത്തു പിടിച്ച് നാടുകാണിക്കാന്‍ കൊണ്ടുപോയിട്ടുണ്ടോ...
കുഞ്ഞൊന്ന് കരഞ്ഞാല്‍, ആ കരച്ചില് മാറ്റാന്‍ യൂട്യൂബ് ചാനല്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍, അല്ലെങ്കില്‍ അവര്‍ക്കിഷ്ടമുള്ള വീഡിയോ ഗെയിമുകള്‍, കാര്‍ട്ടൂണുകള്‍ എല്ലാം വെച്ചു കൊടുത്ത് മാറി നിന്ന് സന്തോഷിക്കാറില്ലേ നമ്മള്‍, അവരുടെ സന്തോഷമാണ് നമ്മുടെ സന്തോഷമെന്ന് മനസ്സില്‍ ആനന്ദനിര്‍വൃതി അടയാറില്ലേ നമ്മള്‍.... അച്ഛനുമമ്മയ്ക്കും ഉള്ള നേരം ഇരുന്ന് പ്രാര്‍ത്ഥിച്ചാല്‍ പോരെ, ഓരോന്ന് ചോദിച്ച് വന്നോളും എന്ന് പറഞ്ഞ് ഒഴിവാക്കാതെ, അവരോട് സംസാരിക്കാന്‍ തയ്യാറുള്ള ഒരു സുഹൃദ്‍വലയത്തെ സോഷ്യല്‍ മീഡിയയില്‍ കണ്ടെത്തിക്കൊടുക്കാന്‍ ശ്രദ്ധിക്കുന്നവര്‍ നമ്മളില്‍ എത്ര പേരുണ്ട്... നമ്മളെ ഓരോ അക്ഷരവും പഠിപ്പിച്ചിച്ചെടുക്കാന്‍ അവരെത്ര ക്ഷമ കാണിച്ചിട്ടുണ്ടാകും എന്ന് ചിന്തിച്ച്, അവരെ സോഷ്യല്‍മീഡിയ സാക്ഷരരാക്കിയെടുക്കാനുള്ള ശ്രമത്തിനിടെ ഉയരുന്ന ചോദ്യങ്ങളെയും അവഗണിച്ചേക്കുക. ഒരു പരിധി വരെ അവരുടെ ബോറടി മാറ്റിയെടുക്കുമത്.
കുഞ്ഞുങ്ങള്‍ക്കു കൊടുക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍, മരുന്നിന്റെ കാര്യത്തില്‍ നമ്മളെത്രെ കരുതലുകളെടുക്കുന്നുവോ, അതേ കരുതല്‍ പ്രായമായവരുടെ കാര്യത്തിലും കൈക്കൊണ്ടേക്കുക... അവരുടെ വസ്ത്രത്തിന്റെ കാര്യത്തില്‍, അവരുപയോഗിക്കുന്ന മറ്റ് വസ്തുക്കളുടെ കാര്യത്തില്‍ എല്ലാം ഈ ശ്രദ്ധ വേണം... കുഞ്ഞുങ്ങളില്‍ വിനോദങ്ങള്‍ വളര്‍ത്താന്‍, വ്യായാമം ശീലിപ്പിക്കാന്‍ നമ്മളെത്രത്തോളം ശ്രദ്ധിക്കുന്നോ, അതെല്ലാം നമ്മുടെ അച്ഛനമ്മമാരും അര്‍ഹിക്കുന്നു എന്ന് ഓര്‍മയിലുണ്ടാകുക
കണ്ണൊന്നു തെറ്റിയാലാണ് നമ്മുടെ കുരുന്നുകള്‍ കുറുമ്പുകാണിക്കുകയെങ്കില്‍, കണ്ണെത്തുന്നിടത്ത് കയ്യെത്താതെയായ, കയ്യെത്തുന്നിടത്ത് കണ്ണെത്താതെയാ നമ്മുടെ അരുമകളായിതന്നെ വേണം നമ്മുടെ മാതാപിതാക്കളെയും പരിപാലിക്കാനെന്ന് എന്ന് അവരുടെ കണ്ണടയും വരെ നമ്മുടെ മനസ്സിലുണ്ടാകുക...
Adjust Story Font
16