Quantcast

ഏറ്റവും നല്ല ഉറക്കം കിട്ടുന്നതിനുള്ള ആറ് കുറുക്കു വഴികൾ

MediaOne Logo

Web Desk

  • Published:

    14 Oct 2018 2:51 PM GMT

ഏറ്റവും നല്ല ഉറക്കം കിട്ടുന്നതിനുള്ള ആറ് കുറുക്കു വഴികൾ
X

ആധുനിക മനുഷ്യ ജീവിതത്തിൽ ഏതൊരു വ്യക്തിയും ആഗ്രഹിക്കുന്ന ഒന്നാണ് ഏറ്റവും നല്ലൊരു ഉറക്കം ലഭിക്കുക എന്നത്. ജോലിയും ക്ഷീണവുമെല്ലാം കഴിഞ്ഞ് വീട്ടിലെത്തുന്ന പലർക്കും പിന്നീട് അർദ്ധ രാത്രിയായാലും ഉറക്കം ലഭിക്കാത്ത അവസ്ഥയുണ്ടാവാറുണ്ട്. ഐ.ടി മേഖലകളിലും മറ്റ് സർക്കാർ ഉദ്യോഗസ്‌ഥ തലങ്ങളിലും പ്രവർത്തിക്കുന്ന പലരും ഉറക്കത്തിന്റെ കുറവ് കാരണം പ്രയാസമനുഭവിക്കുന്നവരാണ്. ചെറിയ ചില ചിട്ട വട്ടങ്ങൾ മാറ്റുന്നതിലൂടെ നമുക്ക് നമ്മുടെ ഉറക്കം വളരെ ആരോഗ്യപ്രദവും ആയാസരഹിതവുമാക്കാവുന്നതാണ്.

അതിന് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക

  • ഉറങ്ങുന്നതും എഴുന്നേൽക്കുന്നതും കൃത്യ സമയത്തായിരിക്കുക

ഉറങ്ങാൻ കിടക്കുന്നതും എഴുന്നേൽക്കുന്നതും കൃത്യമായ സമയത്തായിരിക്കുക എന്നത് നല്ല ഉറക്കം കിട്ടുന്നതിനുള്ള ആദ്യ പടിയാണ്. ഈ സമയ ക്രമം പാലിക്കുന്നതിലൂടെ നമ്മുടെ ശരീരം തന്നെ കൃത്യമായി സമയ ക്രമം പാലിച്ച് പ്രവർത്തിക്കാൻ തുടങ്ങുകയും തലച്ചോറിനും മറ്റും അതിനനുസരിച്ച് പ്രവർത്തനം ക്രമ പെടുത്താനും സാധിക്കും.

  • വൈകിട്ട് മൂന്ന് മണിക്ക് ശേഷം കാപ്പി ഒഴിവാക്കുക

കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീന്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. കഫീന്‍ എന്ന രാസവസ്തു സ്ഥിരമായി കുടിച്ചോ, മറ്റു രീതികളില്‍ ഉപയോഗിച്ചോ ശീലമായാല്‍ അതിന് അടിമപ്പെടും, ഇത് ശരീരത്തില്‍ അപകടകരമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് ആരോഗ്യവിദഗ്ധര്‍ സാക്ഷ്യപ്പെത്തുന്നത്. കഫീന്‍ കുടിക്കുമ്പോള്‍ ഉന്മേഷം കിട്ടുമെന്നത് ശരിയാണ്, എന്നാല്‍ കഫീനിന് അടിമപ്പെടുന്നത് മൂലം ഒരു വ്യക്തിയില്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും കൂടുമെന്നാണ് പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്. സ്ഥിരമായി കഫീന്‍ ഉപയോഗിക്കുന്നയാള്‍ക്ക് ഹൃദയമിടിപ്പ് കൂടുക(സത്വരമായ നെഞ്ചിടിപ്പ്), വിറയല്‍, അമിതമായ ഉത്കണ്ഠ തുടങ്ങിയ ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. വൈകിട്ടുള്ള കാപ്പി കുടി അതിനാൽ തന്നെ രാത്രിയുള്ള ഉറക്കത്തെ സാരമായി തന്നെ ബാധിക്കും. ഇത്രയേറെ മാനസിക ബുദ്ധിമുട്ടുകൾ തലയിൽ വെച്ച് ആർക്കും തന്നെ ഉറക്കം ശരിയാംവണ്ണം ലഭിച്ചു കൊള്ളണമെന്നില്ല.

  • മദ്യമുപയോഗിക്കുന്നത് ഒഴിവാക്കുക

ശരീരത്തെ ഉറക്കാൻ ചിലർ മദ്യമുപയോഗിക്കാറുണ്ട്. ഇത് വളരെ മാരകമായ അവസ്ഥയിലേക്കാണ് പിന്നീട് നമ്മുടെ ശരീരത്തെ എത്തിക്കുക. തുടർച്ചയായി ഇങ്ങനെ സംഭവിക്കുന്നതിലൂടെ ഒരു വ്യക്തിയിൽ ഉറക്കത്തിന്റെ കൃത്യത നഷ്ടപ്പെടുകയും ശരീരത്തെ ഗുരുതരമായി ഇത് ബാധിക്കുകയും ചെയ്യും. മദ്യമുപയോഗം ഉറക്കത്തിന് മുൻപ് നിർബന്ധമായും ഒഴിവാക്കുക.

  • ഉറങ്ങുന്നതിന് മുൻപ് മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക

മൊബൈൽ ഫോണിൽ നിന്നുമുള്ള പ്രകാശം കണ്ണുകൾക്ക് നൽകുന്ന അസ്വസ്ഥത ചെറുതല്ല. ഇരുട്ടത്ത് മൊബൈൽ ഉപയോഗിക്കുന്നതിലൂടെ പ്രകാശം നേർ ദിശയിൽ കണ്ണിൽ പതിക്കുന്നതിലൂടെ കണ്ണിനും തലക്കും അസ്വസ്ഥത സൃഷ്ട്ടിക്കും. രാത്രി ഉറക്കത്തിന് മുൻപ് കഴിവതും മൊബൈൽ ഉപയോഗം ഒഴിവാക്കുക. ഒരു നിശ്ചിത പരിധി അകലത്തിൽ തന്നെ മൊബൈൽ ഫോൺ മാറ്റി വെച്ച് വേണം ഉറങ്ങാൻ കിടക്കാൻ. തലയുടെ സമീപത്ത് നിന്നും പരമാവധി മാറ്റി വെക്കാൻ ശ്രദ്ധിക്കണം.

  • വ്യായാമം ശീലമാക്കുക

ദിവസവും വ്യായാമം ശീലമാക്കുന്നതിലൂടെ ശരീരം ക്ഷീണിക്കുകയും പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് മനുഷ്യനെ എത്തിക്കുകയും ചെയ്യും. വ്യായാമത്തിലൂടെ മനുഷ്യ ശരീരത്തിന് മികച്ച ആരോഗ്യവും ലഭിക്കുന്നതിലൂടെ ഇത് എല്ലാ തരത്തിലും മികച്ചത് മാത്രമേ ഒരു വ്യക്തിക്ക് സമ്മാനിക്കൂ.

  • യോഗ ശീലിക്കുക

ഉറങ്ങുന്നതിന് മുൻപ് ചെറുതായി കണ്ണുകളടച്ച് യോഗ ചെയ്യുന്നത് ശീലമാക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു. കണ്ണുകളടച്ച് മനസ്സ് ശാന്തമാക്കി അനങ്ങാതെ വേണം യോഗ ചെയ്യാൻ. ചെറിയ രീതിയിലുള്ള ശരീരത്തിന്റെ ഈ യോഗ പ്രവർത്തനം ഉറക്കം മികച്ചതാക്കാൻ സഹായിക്കും.

TAGS :

Next Story