നിങ്ങളുടെ ഭക്ഷണത്തില്‍ ഉപ്പുണ്ടോ?
അയഡിന്റെ കുറവാണ് തൈറോയിഡ് രോഗങ്ങളുടെ മുഖ്യകാരണം. ഇന്ന് ലോക അയഡിന്‍ അപര്യാപ്തതാദിനം
അയഡിന്റെ കുറവാണ് തൈറോയിഡ് രോഗങ്ങളുടെ മുഖ്യകാരണം. ഈ കുറവ് നികത്തണമെങ്കില്‍ ഭക്ഷണശീലങ്ങളില്‍ മാറ്റം വരുത്തിയേ മതിയാകൂ. അയഡിന്റെ കുറവു മൂലമുള്ള തൈറോയ്ഡ് രോഗങ്ങള്‍ ഒരു പരിധിവരെ അയഡിന്‍ ചേര്‍ന്ന ഉപ്പ് ഉപയോഗിക്കുന്നതുവഴി തടയാം. മീന്‍ അയഡിന്റെ ഒരു ഉറവിടമാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തവിട് കളയാതെ ധാന്യങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍, ചെറുമത്സ്യങ്ങള്‍ ഇവ ഭക്ഷണത്തില്‍ പെടുത്തണം. കഞ്ഞി, വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളം, കരിക്കിന്‍ വെള്ളം ഇവയും ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കാബേജ്, കോളിഫ്‌ളവര്‍ എന്നീ പച്ചക്കറികള്‍ അമിതമായി കഴിക്കുന്നതും അയഡിന്റെ കുറവിന് കാരണമായേക്കാം.
കഴുത്തിന്റെ മുന്‍ഭാഗത്ത് ഒരു ചിത്രശലഭിന്റെ ആകൃതിയിലാണ് തൈറോയിഡ് ഗ്രന്ഥി കാണപ്പെടുന്നത്. ഈ ഗ്രന്ഥി തൈറോക്സിന്‍ എന്നു പേരുള്ള വളരെ പ്രധാനപ്പെട്ട ഒരു ഹോർമോൺ ഉൽപാദിപ്പിക്കുന്നു. പ്രസ്തുത ഹോർമോൺ ശരീരത്തിലെ എല്ലാ ജൈവരാസ പ്രക്രിയകൾക്കും ശരീരോഷ്മാവിനെ നിയന്ത്രിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. കുഞ്ഞുങ്ങളുടെ മസ്തിഷ്കത്തിന്റെയും നാഡികളുടെയും സാധാരണ വളർച്ചയ്ക്ക് തൈറോക്സിന്‍ ഹോര്‍മോണ്‍ ആവശ്യമാണ്. ഗർഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്കും അമ്മയുടെ ഹോർമോൺ സാധാരണ നിലയിലായിരിക്കേണ്ടതുണ്ട്. തൈറോയ്ഡ് ഹോർമോണിൽ അടങ്ങിയിരിക്കുന്ന ഒരു പ്രധാനപ്പെട്ട മൂലകമാണ് അയൊഡിന്‍. ഇത് കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. അതുകൊണ്ടുതന്നെ മിതമായ അളവില്‍ വേണം അയഡിന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്.
തൈറോയ്ഡ് ഹോര്‍മോണ്‍ കുറഞ്ഞാല്‍:
തൈറോയ്ഡ് ഗ്രന്ഥി സാധാരണ അളവിൽ കുറവായി തൈറോയ്ഡ് ഹോർമോൺ ഉൽപാദിപ്പിക്കുന്ന അവസ്ഥയെ ഹൈപോതൈറോയ്ഡിസം എന്നാണ് പറയുക. ഗർഭിണികളിൽ അയോഡിന്റെ കുറവ്മൂലം അമ്മയ്ക്കും ഗർഭസ്ഥശിശുവിനും ഹൈപ്പോതൈറോയ്ഡിസം ഉണ്ടാകാം. ഉന്മേഷകുറവ്, അമിതമായ പകലുറക്കം, മലബന്ധം, വരണ്ടചർമം, ശരീരത്തിൽ നീരുണ്ടാകുക, അമിതമായ തണുപ്പ്, ക്ഷിപ്രകോപം, മുടികൊഴിച്ചിൽ, കുട്ടികളിൽ വളർച്ചക്കുറവ്, പഠന വൈകല്യങ്ങൾ ഇവയാണ് ഹൈപോതൈറോയ്ഡിസത്തിന്റെ പ്രധാന ലക്ഷണങ്ങൾ.
തൈറോയ്ഡ് ഹോര്‍മോണ്‍ കൂടിയാല്‍:
തൈറോയ്ഡ് ഗ്രന്ഥിയുടെ ക്രമാതീതമായ പ്രവർത്തനത്തില്‍ ഹൈപ്പർതൈറോയ്ഡിസം അല്ലെങ്കിൽ തൈറോടോക്സിക്കോസിസ് എന്ന അവസ്ഥ ഉണ്ടാകുന്നു. ഉയർന്ന നാഡിമിടിപ്പ്, അമിതമായ ചൂട്, ശരീരം ക്ഷീണിക്കൽ, അമിതവിയർപ്പ്, അമിത മലശോധന, മുടികൊഴിച്ചിൽ, തള്ളി നിൽക്കുന്ന കണ്ണുകൾ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
ഗോയിറ്റർ
തൈറോയ്ഡ് ഗ്രന്ഥി വലുതാകുന്ന അവസ്ഥയാണ് 'ഗോയിറ്റർ'. ഇത് കുട്ടിക്കാലത്തും കൗമാരക്കാരിലും കാണപ്പെടുന്നുണ്ട്. തൈറോയ്ഡ് ഹോർമോൺ അളവ് കൂടിയാലും കുറഞ്ഞാലും ഗോയിറ്റർ വരാം. അത് വളരെ വലുതായി ശ്വാസതടസ്സം, ആഹാരം ഇറക്കാന്‍ ബുദ്ധിമുട്ട്, ശബ്ദവ്യത്യാസം എന്നിവ സംഭവിക്കുകയാണെങ്കിൽ എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തി തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യേണ്ടിയും വരാം.
ക്രെറ്റിനിസം
കുട്ടികളിൽ അയോഡിന്റെ അളവ് വളരെ കുറഞ്ഞുപോയാൽ ഉണ്ടാകാവുന്ന അവസ്ഥയാണ് 'ക്രെറ്റിനിസം'. ഇതിൽ മസ്തിഷ്കവും നാഡീവ്യൂഹങ്ങളും ശരിയായ വളർച്ച എത്താതെ മന്ദീഭവിക്കുന്നതിനാൽ നേരെ നിൽക്കാനും നടക്കാനും ഉൾപ്പടെ ദൈനംദിനചര്യകളും ജീവിതവും മുന്നോട്ടുകൊണ്ടുപോകുവാനും ബുദ്ധിമുട്ടനുഭവപ്പെടും.
Adjust Story Font
16