പെറ്റു കിടക്കുന്ന പെണ്ണ് നന്നാവണോ? ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങളാണ്
പ്രസവം കഴിഞ്ഞ ഏഴിൽ ഒരു സ്‌ത്രീക്ക് ഉണ്ടാകുന്ന ഈ രോഗം വളരെ തീവ്രമാണ് - നമ്മളറിയേണ്ടതാണ്, മനസ്സിലാക്കേണ്ടതാണ്
പത്തു മാസത്തെ ഗർഭകാലം ഹോർമോണുകളുടെ ചാഞ്ചാട്ടങ്ങളാൽ സമ്പന്നമാണ്. അത് കഴിഞ്ഞ് കുഞ്ഞുവാവ വന്ന് കഴിയുമ്പോൾ സിനിമേലെ ചേച്ചി മാതൃത്വം മൂത്ത് കണ്ണ് നിറക്കുന്നു, മൂക്ക് ചീറ്റുന്നു, താരാട്ട് പാടുന്നു. എന്നാൽ യഥാർത്‌ഥ ജീവിതത്തിലോ...? അവിടെ അമ്മ കുഞ്ഞിനോട് അടുക്കാനാവാതെ അന്ധാളിക്കുന്നു, തന്റെ ജീവിതം പോയെന്ന് കരുതുന്നു, കുഞ്ഞുവാവേടെ അച്‌ഛനോട് വെറുപ്പ് തോന്നുന്നു, ആത്മഹത്യാപ്രവണത പോലുമുണ്ടാകുന്നു. പുതിയ അമ്മയുടെ നെഞ്ചിൽ സഹിക്കാനാവാത്ത നോവുകൾ കോറിയിടുന്ന "പോസ്റ്റ്പാർട്ടം ബ്ലൂ" എന്ന അവസ്‌ഥ വളരെ സാധാരണമാണ്. ഇത് മൂർച്‌ഛിക്കുമ്പോൾ "പോസ്‌റ്റ്‌പാർട്ടം ഡിപ്രഷൻ" എന്ന രോഗാവസ്‌ഥയിലേക്ക് എത്തിച്ചേരും. പ്രസവം കഴിഞ്ഞ ഏഴിൽ ഒരു സ്‌ത്രീക്ക് ഉണ്ടാകുന്ന ഈ രോഗം വളരെ തീവ്രമാണ് - നമ്മളറിയേണ്ടതാണ്, മനസ്സിലാക്കേണ്ടതാണ്.- ഡോക്ടര്‍ ഷിംന അസീസ് എഴുതുന്നു...
ആദ്യമേ പറയട്ടെ, പ്രസവശേഷമുണ്ടാകുന്ന അകാരണമായ ദുഃഖം തികച്ചും സ്വാഭാവികമാണ്. ഏകദേശം രണ്ടാഴ്‌ചയോളം കഴിഞ്ഞാൽ തനിയേ മാറുന്ന ഒന്ന്. എന്നിരുന്നാലും, സ്വയം ഉപദ്രവിക്കാനോ കുഞ്ഞിനെ ഇല്ലാതാക്കാനോ ഉള്ള തോന്നലുകൾ, കടുത്ത മാനസികസംഘർഷം, സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സാധിക്കാതിരിക്കുക, അസ്വാഭാവികമായ പെരുമാറ്റങ്ങൾ, മാറിമറിയുന്ന ഉറക്കത്തിന്റെ താളം എന്നിവയോ അതല്ലെങ്കിൽ രണ്ടാഴ്‌ച കഴിഞ്ഞും മാറാത്ത കടുത്ത വിഷമമോ ഉണ്ടാവുകയുമാണെങ്കിൽ മനഃശാസ്‌ത്ര ചികിത്സ അനിവാര്യമാണ്. 'ഡോക്‌ടർ മരുന്ന് കൊടുക്കും. ഓൾക്കും കുട്ടിക്കും തടിക്ക് കേടാണ്' എന്നൊന്നും പറഞ്ഞിരിക്കരുത്. പോസ്‌റ്റ്‌പാർട്ടം ഡിപ്രഷന്റെ മരുന്നുകൾ തികച്ചും സുരക്ഷിതമാണ്, നൽകാതിരുന്നാൽ അപകടവുമാണ്.
പലപ്പോഴും 'നവജാതശിശുവിനെ അമ്മ തലക്കടിച്ച് കൊന്നു' എന്ന വാർത്തയെല്ലാം ഇതേ രോഗത്തിന്റെ വകഭേദമായ പോസ്‌റ്റ്‌പാർട്ടം സൈക്കോസിസ് എന്ന സങ്കീർണമായ മാനസികാവസ്‌ഥയിലെത്തിയ അമ്മമാർക്ക് സംഭവിക്കുന്നതാണ്. അതിനും രോഗിയായ അമ്മയെക്കുറിച്ച് കഥയുണ്ടാക്കും നാട്ടുകാർ. ജനനമെന്ന പ്രക്രിയയിൽ സർവ്വസ്വമായ അമ്മക്ക് ശബ്‌ദമുള്ള വീടുകൾ ഇന്നും കേരളത്തിൽ തീരെ കുറവാണ്. പരമ്പരാഗത പ്രസവരക്ഷ എന്ന ശിക്ഷ അമ്മമാരെ വെയിലിൽ നിന്ന് നരകത്തിലേക്ക് പിടിച്ചിടുന്ന ഒന്നുമാണ്.
ലോകത്ത് എല്ലായിടത്തും സ്വാഭാവികമായി നടക്കുന്ന ജൈവപ്രക്രിയയായ പ്രസവം നമ്മുടെ നാട്ടിലെത്തുമ്പോൾ രോഗമാണ്. ഓരോ അനക്കത്തിലും ഗർഭിണിക്ക് ആധി പകരാൻ അനേകം പേരുടെ അഭിപ്രായകമ്മറ്റി ഉണ്ടാകുകയും ചെയ്യും. ഗർഭസമയത്ത് ഓരോ മാസവും ഡോക്‌ടറെ കാണാൻ പറയുന്നതും ഫോളിക് ആസിഡ്/കാൽസ്യം/ഇരുമ്പ് ഗുളികകൾ കഴിക്കാൻ നിർദേശിക്കുന്നതും സ്‌കാനുമെല്ലാം അമ്മയുടേയും കുഞ്ഞിന്റെയും സുരക്ഷയ്ക്കാണ്. ഓരോ പരിശോധനയും അപകടങ്ങൾ വല്ലതുമുണ്ടെങ്കിൽ അത് മുൻകൂട്ടി കണ്ട് വേണ്ട മുൻകരുതലുകളെടുത്ത് രണ്ട് ജീവന് കാവലാകാനാണ്. അല്ലാതെ, ഡോക്‌ടറെ കാണാൻ പോകുന്നവരെല്ലാം രോഗികളെന്ന് കരുതരുത്. പ്രതിരോധവും സംരക്ഷണവും ഡോക്‌ടറുടെ പ്രധാന ജോലികളിൽ പെട്ടതാണ്.
പ്രസവമോ സിസേറിയനോ ആകട്ടെ, അമ്മയെ മാനസികമായും ശാരീരികമായും തളർത്തുന്നതിൽ കുപ്രസിദ്ധി ആർജിച്ചതാണ് നമ്മുടെ പ്രസവരക്ഷാമുറകൾ. പ്രസവിച്ച് കഴിഞ്ഞ് കുഞ്ഞിനെ എടുക്കാനോ മാറോട് ചേർക്കാനോ അമ്മക്ക് അനുവാദമില്ല. കുഞ്ഞിനെ എടുക്കാൻ പാടില്ലത്രേ. അമ്മ മലർന്നല്ലാതെ കിടന്നൂടാ എന്ന് അടുത്ത നിർദേശം, കുഞ്ഞ് വേറെയുള്ളവരുടെ അടുത്തും. തെറ്റാണത്. അമ്മയും കുഞ്ഞുമായുള്ള ബന്ധം അവരെ അടുത്ത് കിടത്തിയും, കുഞ്ഞിനോട് മിണ്ടിയും തൊട്ടും മണത്തും കൊഞ്ചിയുമൊക്കെ തന്നെയാണ് ഉണ്ടാകുന്നത്. സാമ്പ്രദായികമായി നടന്ന് വരുന്ന ഈ രീതി പകരുന്ന ആശയക്കുഴപ്പം ചെറുതല്ല. കൂടെ, എല്ലാത്തിനും നേർപാതിയാകേണ്ട ഭർത്താവിനെ കണ്ടം വഴി ഓടിക്കുന്ന നാട്ടുനീതിയുടെ കാവൽക്കാരായ മുതിർന്ന സ്‌ത്രീകളും കൂടിയാകുമ്പോൾ കഷ്‌ടപ്പാടിന്റെ ഒപ്പം ബുദ്ധിമുട്ട് എന്ന് പറഞ്ഞത് പോലെയാകും. കുഞ്ഞിപ്പൈതലിന്റെ കാര്യങ്ങൾ നോക്കാൻ അമ്മയെപ്പോലെ അച്‌ഛനും പഠിക്കേണ്ടതുണ്ട്.
വായിക്കരുത്, മൊബൈൽ ഫോണിൽ നോക്കരുത്, ടിവി കാണരുത് - കണ്ണ് കേടുവരുമത്രേ! മറ്റ് സ്‌ഥലങ്ങളിൽ കുഞ്ഞിന്റെ ആവശ്യങ്ങളെക്കുറിച്ച് തിരഞ്ഞ് പിടിച്ച് വായിച്ച് അനുനിമിഷം അമ്മയെന്ന അനുഭവം ആഘോഷമാക്കുമ്പോൾ, ഇവിടെ പരമ്പരാഗതരീതിയെന്ന് പേരിട്ട് അബദ്ധധാരണകൾ പരത്തുന്നവരാൽ കയറില്ലാതെ കെട്ടിയിടപ്പെടുന്ന അമ്മമാർ. കുഞ്ഞിനെ കാണാൻ വരുന്നവരുടെ നൂറായിരം അഭിപ്രായങ്ങൾ, പ്രസവരക്ഷ നടത്താൻ വന്ന സ്‌ത്രീയുടെ വകയായി തീറ്റിക്കലും തിളച്ച വെള്ളം ദേഹത്ത് കോരിയൊഴിക്കലും പുറമേ.
പ്രസവാനന്തര ശുശ്രൂഷക്ക് വരുന്ന സ്‌ത്രീയുടെ മുന്നിൽ നഗ്‌നത കാണിക്കേണ്ടി വരുന്ന അസ്വസ്‌ഥത, ഇഷ്‌ടമുള്ള ഭക്ഷണം/വസ്‌ത്രം/വിശ്രമം/വിനോദം- ഒന്നും പാടില്ലെന്നത്, പ്രസവശേഷം യോനിയിലൂടെ വരുന്ന രക്‌തം തടയാൻ തുണി വെച്ച് പഴുതില്ലാതെ അടച്ച് കെട്ടുന്നത് (യോനിയിലൂടെ ഗർഭപാത്രത്തിലേക്ക് കാറ്റ് കയറാതിരിക്കാനാണ് പോലും), നാൽപത് ദിവസം മുടി ചീകരുത്, വയറ് ചാടാതിരിക്കാൻ 'അര മുറുക്കുക' എന്ന് പറഞ്ഞ് തോർത്ത് കൊണ്ട് വരിഞ്ഞ് മുറുക്കിയുള്ള കെട്ട്, കുഞ്ഞ് കിടന്ന വയറ് ഒഴിഞ്ഞു കിടക്കാൻ പാടില്ലെന്ന് പറഞ്ഞുള്ള ഭക്ഷ്യാക്രമണം - ശാസ്‌ത്രീയമായി ഒരടിസ്‌ഥാനവുമില്ലാത്ത ഈ പീഡനങ്ങൾ സാധാരണ മാനസികാവസ്‌ഥയിലുള്ള പെണ്ണിന് പോലും സഹിക്കാനാകില്ല. അപ്പോൾ, കടുത്ത രീതിയിൽ മാനസികാസ്വാസ്‌ഥ്യമുള്ള പുതിയ അമ്മക്ക് ഇവയെല്ലാം മരണതുല്യമായിരിക്കും. പക്ഷേ, മിണ്ടിക്കൂടാ എന്ന് നിയമം. ഭർതൃവീട് കൂടിയാണെങ്കിൽ പറയുകയേ വേണ്ട. 'സർവ്വംസഹ, ക്ഷമാശീല' എന്നീ ടാഗുകൾ ഒഴിവാക്കുന്നത് സമൂഹം അംഗീകരിക്കില്ലല്ലോ.
കുഞ്ഞിനോടുള്ള ക്രൂരതകളും അമ്മക്ക് നോവാണ്. കുഞ്ഞിനെ ചിലയിടങ്ങളിൽ ഏതാണ്ട് 'ഇപ്പോ പൊട്ടും' എന്ന മട്ടിൽ അനക്കം തട്ടാതെ കൊണ്ടു നടക്കും. വേറെ ചിലയിടത്ത് വാവയുടെ മുലക്കണ്ണ് പിഴിയൽ, പൗഡറിൽ മുക്കിയെടുക്കൽ, കൺമഷി വാരിത്തേപ്പ്, മഞ്ഞളും കണ്ണിൽ കണ്ടതെല്ലാം ചേർത്ത എണ്ണ തേച്ച് നീറി പുകയ്‌ക്കൽ, അമ്മയുടെ തലമുടി പറിച്ച് കുഞ്ഞിന്റെ നാക്ക് വടിക്കൽ, സന്ധികളിൽ ചൂടുള്ള വെള്ളമൊഴിച്ച് കുഞ്ഞ് പൊള്ളിയിട്ട് കാലിട്ടിളക്കുന്നത് കാലിന് നല്ലതാണെന്നും മറ്റും പറഞ്ഞ് കാണിക്കുന്ന പരാക്രമങ്ങൾ, പൊക്കിളിൽ മരുന്ന്‌പൊടി തേക്കൽ, മുലപ്പാലല്ലാത്ത സാധനങ്ങൾ വായിലൊഴിക്കൽ എന്നിവ തൊട്ട് കഴുത്ത് നീളാൻ തല കീഴായി/തല മാത്രം പിടിച്ച് ആട്ടലും വരെയൊക്കെയുണ്ട്. കണ്ടു നിൽക്കുന്ന അമ്മ എതിർത്ത് യാതൊന്നും മിണ്ടിക്കൂട എന്ന തിട്ടൂരവും.
അരുത്, പ്രകൃതിയിലുള്ള ജീവികളാണ് ആ അമ്മയും കുഞ്ഞും. അവർക്ക് വേണ്ടത് അവർ തമ്മിലടുക്കാനുള്ള മനസ്സമാധാനവും സ്വകാര്യതയുമുള്ള കുറച്ച് ദിവസങ്ങളാണ്. ആദ്യമായി പ്രസവിച്ച അമ്മയെങ്കിൽ, അവരുടെ ആശങ്കകളിൽ താങ്ങാവുക, അവളെയും സ്വയംപര്യാപ്‌തയാകാൻ സഹായിക്കുക. 'ഓൾക്ക് കുട്ടിയെ എടുക്കാൻ പോലും അറിയില്ല' എന്ന് പറയുന്നത് ക്രെഡിറ്റല്ല. അവരെ സഹായിക്കുക, പഠിക്കട്ടെ. അമ്മക്ക് കുഞ്ഞുറങ്ങുമ്പോഴേ വിശ്രമിക്കാനാവൂ. ആ നേരത്ത് പകലുറങ്ങരുത് എന്ന് കൽപ്പിച്ച് കുഞ്ഞിനെ നുള്ളി ഉണർത്തുന്നതൊക്കെ ഏറ്റവും മോശമായ പ്രവർത്തിയാണ്. കുഞ്ഞ് എല്ലാ അർത്‌ഥത്തിലും അമ്മക്ക് പുതിയതാണ്. അവൾക്ക് സഹായം മാത്രമേ ആവശ്യമുള്ളൂ, ഭരണം അരുത്. അവളുടെ കുഞ്ഞിനെ പരിചരിക്കാനും സ്‌നേഹിക്കാനും ആ ചോരപൈതലിന്റെ കാര്യത്തിൽ തീരുമാനങ്ങളെടുക്കാനും അവൾ പഠിക്കട്ടെ. ലോകത്തെങ്ങും ഇല്ലാത്ത പരീക്ഷണങ്ങൾ സുപ്രധാനമായ ജൈവഘട്ടത്തിലൂടെ പോകുന്ന അവൾക്ക് വേണ്ട. സഹിക്കാൻ വയ്യാത്ത വിഷമങ്ങളിലേക്ക് വീണു പോകുന്നത് രോഗം തന്നെയാണ്. പ്രകടമായ ലക്ഷണങ്ങൾ കാണിക്കുന്ന, സ്‌ഥിരബുദ്ധിയില്ലാത്ത രീതിയിൽ പെരുമാറുന്ന, ഞങ്ങൾ മലപ്പുറത്തുകാർ 'പേറ്റുചന്നി' എന്ന് വിളിക്കുന്ന അവസ്‌ഥയെത്തിയാൽ മന്ത്രവാദ/മായാജാല/മതചികിത്സകളുമായി നടക്കരുത്. അവരെ മനഃശ്ശാസ്‌ത്രവിദഗ്‌ധരുടെ മുന്നിലെത്തിക്കുക.
ആത്മഹത്യയെക്കുറിച്ചോ മറ്റോ ചെറിയൊരു സൂചന തരുന്ന അമ്മയെപ്പോലും അവഗണിക്കരുത്. 'എന്റെ അമ്മയെ എനിക്ക് തന്നൂടായിരുന്നോ' എന്ന് നമ്മുടെ മടിയിലുള്ള നരുന്ത് ജീവൻ നാളെ വളർന്ന് ചോദിക്കുക തന്നെ ചെയ്യും. അമ്മക്കും കുഞ്ഞിനും കൂട്ടാകുക. പോസ്‌റ്റ്‌പാർട്ടം ഡിപ്രഷൻ പൂർണമായും ചികിത്സിച്ച് മാറ്റാനാകും. വേണ്ടത്, വീട്ടുകാരുടേയും ബന്ധുക്കളുടേയും വിരുന്നുകാരുടേയും നാട്ടുകാരുടേയും ഒരു പണിയുമില്ലാത്തപ്പോൾ കുത്തിത്തിരിപ്പുണ്ടാക്കാൻ വരുന്ന അപ്പുറത്തെ വീട്ടിലെ കാരണവത്തിയുടേയുമെല്ലാം ഭാഗത്ത് നിന്നുള്ള സഹകരണമാണ്. 'അവഗണിച്ചു കൂടേ' എന്ന് ചോദിച്ചാൽ മനസ്സ് വിഷമിച്ചിരിക്കുന്ന അമ്മക്കത് എളുപ്പം സാധിക്കുന്ന ഒന്നാവണമെന്നില്ല. പത്തു മാസം ഒന്നായിരുന്ന അമ്മയേയും കുഞ്ഞിനേയും പരസ്‌പരം ബന്ധിപ്പിക്കാനോ രക്ഷിക്കാനോ ആരും വേണ്ട. അതൊരായുസ്സിന്റെ ചങ്ങലപ്പൂട്ടാണ്, ഏറ്റവും ആത്മാവുള്ള ആത്മബന്ധം. അവർക്കുള്ള സ്‌പേസ്, അത് നൽകൽ മാത്രമാണ് നമ്മുടെ കർമ്മം...
പെറ്റു കിടന്ന പെണ്ണ് 'നന്നാവണം' എന്ന് പറഞ്ഞ് കൊടുക്കുന്ന അധികഭക്ഷണം നന്നാക്കുകയല്ല, അവർക്ക് അമിതവണ്ണവും ജീവിതശൈലീരോഗങ്ങളും വരാനുള്ള സാധ്യത വർധിപ്പിച്ച് അവരെ ചീത്തയാക്കുകയാണ് ചെയ്യുക. അമിതവണ്ണമുള്ള അമ്മയെയല്ല, ആരോഗ്യമുള്ള അമ്മയെയാണ് നമുക്കാവശ്യം. സാധാരണ ഭക്ഷണത്തോടൊപ്പം വെറും അഞ്ഞൂറ് കാലറിയാണ് മുലയൂട്ടുന്ന അമ്മക്കാവശ്യം. 'നെയ്യിൽ വാട്ടിയ നേന്ത്രപ്പഴം' എന്ന സുപ്രസിദ്ധ പ്രസവരക്ഷ വിഭവം മാത്രം ഒരു ചെറിയ ബൗളെടുത്താൽ ഇതിലേറെ കാലറിയുണ്ടാകും. ഏതാണ്ടൊരു ഊഹം കിട്ടിയെന്ന് കരുതുന്നു. വിശക്കുമ്പോൾ കഴിച്ചാൽ മതിയാകും, അനാവശ്യമായി ഭക്ഷിക്കേണ്ടതില്ല.
കൂടാതെ, സിസേറിയൻ കഴിഞ്ഞെന്ന് വെച്ച് പാവം അമ്മയെ രുചിയുള്ള യാതൊന്നും കൊടുക്കാതെ പീഡിപ്പിക്കരുത്. അകത്തേക്ക് കഴിക്കുന്ന ഭക്ഷണം കൊണ്ട് പുറമെയുള്ള മുറിവ് പഴുക്കില്ല. പക്ഷേ, അമ്മക്ക് ദഹിക്കാൻ എളുപ്പമുള്ള, വയറിൽ ഗ്യാസ് നിറയാത്ത ഭക്ഷണം നൽകണം. എഴുന്നേറ്റ് നടക്കാതെ തുടർച്ചയായി കിടന്നാൽ വയറിൽ ഗ്യാസും, കാലിലെ സിരകളിൽ രക്‌തം കട്ട പിടിച്ച് ആ രക്‌തക്കട്ട ഹൃദയത്തിലെത്തി ഹൃദയാഘാതം ഉണ്ടാകാൻ പോലും സാധ്യതയുണ്ട്. ഒരു മേജർ സർജറി കഴിഞ്ഞ വ്യക്‌തിയെന്ന നിലയിൽ ഫ്രഷായ ഭക്ഷണം നൽകി, ആവുന്നത്ര സന്ദർശകരെ കുറച്ച് അവർക്ക് അണുബാധക്കുള്ള സാധ്യത കുറയ്‌ക്കണം. ഭാരമെടുക്കുന്നതും പടികൾ കയറുന്നതും ഒന്നര മാസത്തേക്കെങ്കിലും കഴിയുന്നത്ര ഒഴിവാക്കണം. എങ്ങനെ പ്രസവിച്ച ആളായാലും പൂട്ടിയിട്ട് പീഡിപ്പിക്കാതെ, അവരുടെ ജീവിതത്തിലെ ഏറ്റവും അർത്‌ഥവത്തായ നേരം സ്വപ്‌നതുല്യമാക്കണം. അമ്മയായതല്ലേ അവർ, ആ പുതിയ ലോകത്തിന്റെ നൈർമ്മല്യം ആവോളമറിയട്ടെ അമ്മയും കുഞ്ഞുവാവയും..
സെക്കൻഡ് ഒപീനിയൻ - 051 പത്തു മാസത്തെ ഗർഭകാലം ഹോർമോണുകളുടെ ചാഞ്ചാട്ടങ്ങളാൽ സമ്പന്നമാണ്. അത് കഴിഞ്ഞ് കുഞ്ഞുവാവ വന്ന്...
Posted by Shimna Azeez on Monday, November 5, 2018
Adjust Story Font
16