Quantcast

കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കാന്‍ 8 കാര്യങ്ങള്‍..

കുട്ടികള്‍ പ്രഭാതഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. അത്താഴം രാത്രി എട്ട് മണിക്ക് മുന്‍പ് നല്‍കണം

MediaOne Logo

Web Desk

  • Published:

    10 Nov 2018 8:06 AM GMT

കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കാന്‍ 8 കാര്യങ്ങള്‍..
X

1) ശുചിത്വമാണ് കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കേണ്ട ഏറ്റവും ആദ്യത്തെ നല്ല ശീലം. രാവിലെയും രാത്രിയും പല്ല് തേക്കുക, ഭക്ഷണത്തിന് മുന്‍പും പിന്‍പും കൈകള്‍ കഴുകുക, ടോയ്‍ലറ്റില്‍ പോയ ശേഷം സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക എന്നിവ ചെറുപ്പത്തില്‍ തന്നെ ശീലിപ്പിക്കണം.

2) കുട്ടികള്‍ പ്രഭാതഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. തലച്ചോറിന്‍റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണിത്. ട്യൂഷനും സ്കൂളിലും പോകാനുള്ള തിരക്കിനിടയില്‍ പലരും ഒന്നുംകഴിക്കാതെ ഓട്ടമാണ്. രാവിലെ നേരത്തെ വീട്ടില്‍ നിന്നും ഇറങ്ങുന്ന കുട്ടികള്‍ക്ക് ഒരു ഗ്ലാസ് പാലും മുട്ടയും ഏത്തപ്പഴവും നല്‍കാവുന്നതാണ്. പിന്നീട് സ്കൂളില്‍ ചെന്നിട്ട് കഴിക്കാന്‍ പാകത്തിന് പ്രഭാതഭക്ഷണം ടിഫിനില്‍ നല്‍കാം.

3) കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം പോഷകാഹാര സമൃദ്ധമാവാന്‍ ശ്രദ്ധിക്കണം. പച്ചക്കറികളും മത്സ്യവും മാംസവും പയറുവര്‍ഗങ്ങളുമെല്ലാം മാറിമാറി ഉള്‍പ്പെടുത്തണം. എന്നും ഒരേ ഭക്ഷണം കൊടുത്തുവിട്ട് കുട്ടികളെ മടുപ്പിക്കാതെ വെണ്ട, ബീറ്റ്റൂട്ട്, കാരറ്റ്, തക്കാളി എന്നിങ്ങനെ വിവിധയിനം പച്ചക്കറികളും ചെറുപയര്‍, വന്‍പയര്‍ എന്നിങ്ങനെ പലതരം പയറുവര്‍ഗങ്ങളും മീനും ഇറച്ചിയും മുട്ടയുമെല്ലാം മാറിമാറി നല്‍കാവുന്നതാണ്.

4) നാല് മണി പലഹാരമായി ബേക്കറി സാധനങ്ങള്‍ നല്‍കാതെ വീട്ടില്‍ തന്നെ സ്നാക്സ് ഉണ്ടാക്കി നല്‍കാവുന്നതാണ്. കപ്പ അല്ലെങ്കില്‍ മധുരക്കിഴങ്ങ് പുഴുങ്ങിയത്, കൊഴുക്കട്ട, അവില്‍ നനച്ചത് തുടങ്ങിയവ നല്‍കാവുന്നതാണ്. ഒപ്പം ജ്യൂസോ ഷെയ്ക്കോ കൂടി നല്‍കാം.

5) അത്താഴം രാത്രി എട്ട് മണിക്ക് മുന്‍പ് നല്‍കണം. അമിതമായ കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണം ഒഴിവാക്കണം.

6) വെള്ളം തനിയെ എടുത്ത് കുടിക്കുന്ന ശീലം മിക്ക കുട്ടികള്‍ക്കുമില്ല. അതുകൊണ്ടുതന്നെ പലര്‍ക്കും വയറുവേദനയും മൂത്രക്കല്ലുമൊക്കെ ഉണ്ടാവും. നഗരങ്ങളിലൊക്കെ പച്ചവെള്ളം കുടിക്കുന്നത് അപകടമാണ്. തിളപ്പിച്ച് ആറ്റിയ വെള്ളമാണ് നല്ലത്. കരിക്ക്, മോരുവെള്ളം ലൈം ജ്യൂസ് എന്നിവയും നല്‍കാം.

7) വീട്, സ്കൂള്‍, സ്കൂള്‍ ബസ്സിലെ യാത്ര.. ഇതിനിടയില്‍ പല കുട്ടികളും നടക്കുന്നതുപോലും വിരളമാണ്. വീട്ടില്‍ വന്നാല്‍ കമ്പ്യൂട്ടറിലും മൊബൈല്‍ ഗെയിമിലും ടിവിയിലും ചുരുങ്ങാതെ പുറത്തിറങ്ങി കൂട്ടുകാരുമൊത്ത് കളിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കണം.

8) കുട്ടികള്‍ കുറഞ്ഞത് എട്ട്മണിക്കൂറെങ്കിലും ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉറക്കം നിര്‍ബന്ധമാണ്.

TAGS :

Next Story