Quantcast

ഹെല്‍മെറ്റ് പൊലീസിന്റെ പിഴയില്‍ നിന്ന് രക്ഷപ്പെടാന്‍ മാത്രമോ?

പ്രാധാന്യം മനസ്സിലാക്കിയോ സ്വയരക്ഷയെ കരുതിയോ അല്ല, മറിച്ച് പോലീസ് പിഴ ഒഴിവാക്കാന്‍ ഹെല്‍മെറ്റ് ധരിക്കുന്നവരോട്

MediaOne Logo

Web Desk

  • Published:

    15 Nov 2018 8:07 AM GMT

ഹെല്‍മെറ്റ് പൊലീസിന്റെ പിഴയില്‍ നിന്ന് രക്ഷപ്പെടാന്‍ മാത്രമോ?
X

ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന നിയമം കര്‍ശനമാക്കിയപ്പോള്‍ മാത്രം ഹെല്‍മെറ്റ് ധരിച്ചവരാണ് പലരും. പ്രാധാന്യം മനസ്സിലാക്കിയോ സ്വയരക്ഷയെ കരുതിയോ അല്ല, മറിച്ച് പോലീസ് പിഴ ഒഴിവാക്കാനാണെന്ന് മാത്രം. പലരും വാഹനത്തിന്റെ മുന്നിലോ സൈഡിലോ ഹെല്‍മെറ്റ് തൂക്കി ഇടുകയോ കൂടെ ഇരിക്കുന്നവരുടെ കയ്യില്‍ ഏല്‍പ്പിക്കുകയോ ചെയ്തിട്ട് നഗരപരിധി എത്തുമ്പോള്‍ എടുത്ത് തലയില്‍ വെക്കും. ഒരു കൈ കൊണ്ട് വണ്ടി നിയന്ത്രിച്ച് മറുകൈകൊണ്ട് ഹെല്‍മെറ്റ് ഇടുന്നവരുമുണ്ട്.

എന്താണ് ഹെല്‍മെറ്റ് ?

പോലീസുകാര്‍, റേസിംഗ് താരങ്ങള്‍, കായികതാരങ്ങള്‍, അപകട സാധ്യതയുള്ള ജോലികള്‍ ചെയ്യുന്നവര്‍ തുടങ്ങിയവര്‍ ഉപയോഗിക്കുന്ന വിവിധയിനം ഹെല്‍മെറ്റുകളുണ്ട്. അത്തരത്തിലുള്ളവ ധരിക്കുന്നതും വ്യക്തിയുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ്. അതുതന്നെയാണ് ഇരുചക്രവാഹനയാത്രികരുടെ ഹെല്‍മെറ്റിന്റെ ധര്‍മ്മവും.

എന്താണ് ഹെല്‍മെറ്റിന്റെ പ്രാധാന്യം

ഇരുചക്ര വാഹനക്കാര്‍ അപകടങ്ങളില്‍പ്പെടുന്നതിനുള്ള സാധ്യത ഏറെയാണ്. അങ്ങനെയുള്ള അപകടങ്ങളില്‍ അധികവും പരിക്ക് പറ്റുന്നതും തലയ്ക്കാണ്. മരണകാരണം ആവുന്ന പരിക്കുകളില്‍ 50 ശതമാനത്തിലധികവും ഇത്തരം തലയ്ക്കേല്‍ക്കുന്ന ക്ഷതങ്ങളാണ്. മനുഷ്യ ശരീരത്തിന്റെ ജൈവിക പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം തലച്ചോറിനാണ്. തലയ്ക്കേല്‍ക്കുന്ന പരിക്ക് അത്യന്തം അപകടമാകുന്നതും അതുകൊണ്ടുതന്നെയാണ്. ഹെല്‍മെറ്റ് ശരിയായ രീതിയില്‍ ധരിച്ചാല്‍ തലയ്ക്കു ഉണ്ടാവുന്ന പരിക്ക് 69 ശതമാനവും മരണ സാധ്യത 42 ശതമാനത്തോളവും കുറയും എന്നാണ് 2008 ല്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

ഹെല്‍മെറ്റുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകള്‍

  • സാധാരണ ആരോഗ്യമുള്ള ഒരാളില്‍ ഹെല്‍മെറ്റ് ധരിക്കുന്നത് പ്രത്യേകിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവില്ല.
  • ഹെല്‍മെറ്റിന്റെ ഭാരം മൂലം അപകടത്തില്‍ കൂടുതല്‍ പരുക്കുകള്‍ ഉണ്ടാവാം എന്നത് അബദ്ധ ധാരണയാണ്
  • തലച്ചോറിന്റെ പരിക്കുകള്‍ മാത്രമല്ല നട്ടെല്ലിനുള്ളിലെ സുഷുമ്ന നാഡിക്കേല്‍ക്കുന്ന പരിക്കുകള്‍ കുറയ്ക്കാനും ഹെല്‍മെറ്റ് സഹായിക്കുന്നു
  • ഹെല്‍മെറ്റ് ധരിക്കുന്നത് കാഴ്ച്ചയെ തടസ്സപ്പെടുത്തും എന്നതും തെറ്റായ ധാരണയാണ്. വാഹനം ഓടിക്കുന്നതിന് ആവശ്യമായ വിഷ്വല്‍ ഫീല്‍ഡ് ഹെല്‍മെറ്റ് തടസ്സപ്പെടുത്തുന്നില്ല എന്നതാണ് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുത.
  • ഹെല്‍മെറ്റ് ധരിക്കുന്നത് കേള്‍വിയെ ബാധിക്കും എന്നതും തെറ്റായ ധാരണയാണ്. ഹെല്‍മെറ്റ് ധരിക്കുന്നത് ശബ്ദ കോലാഹലം കുറയ്ക്കും. എന്നാല്‍, സ്വരഭേദങ്ങള്‍ വേര്‍തിരിച്ചറിയാനുള്ള ചെവിയുടെ പ്രവര്‍ത്തനത്തെ ഹെല്‍മെറ്റ് തടസ്സപ്പെടുത്തുന്നില്ല. വാഹനം ഓടിക്കുന്ന ആള്‍ കേള്‍ക്കേണ്ട ശബ്ദങ്ങള്‍ കേള്‍ക്കാനും തിരിച്ചറിയാനും ഹെല്‍മെറ്റ് തടസ്സമാവുന്നില്ല.
  • ചെറിയ ദൂരം സഞ്ചരിക്കുമ്പോള്‍ ഹെല്‍മെറ്റ് ഉപയോഗിക്കേണ്ടതില്ല എന്ന് ചിലര്‍ കരുതുന്നത് അബദ്ധമാണ്. വാഹനം ഉപയോഗിക്കുന്ന ഏതൊരു അവസരത്തിലും അപകടം ഉണ്ടായേക്കാം. ആയതിനാല്‍ മുന്‍കരുതല്‍ എല്ലായ്‌പ്പോഴും ആവശ്യമാണ്.

ഹെല്‍മെറ്റ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശരിയായ ഹെല്‍മെറ്റ് വേണം തെരഞ്ഞെടുക്കാന്‍. ശരിയായ ഹെല്‍മെറ്റ് ധരിക്കാതിരിക്കുന്നതും, ശരിയായ രീതിയില്‍ ഹെല്‍മെറ്റ് ധരിക്കാതിരിക്കുന്നതും പരുക്കുകള്‍ പറ്റാനുള്ള സാധ്യത കൂട്ടുന്നു. ഗുണ നിലവാരമുള്ള ഹെല്‍മെറ്റ് തന്നെ വാങ്ങുന്നതില്‍ പ്രത്യേക നിഷ്‌കര്‍ഷ പുലര്‍ത്തണം. ഐ എസ് ഐ എസ് 4151 ആണ് ഇന്ത്യയിലെ നിശ്ചിത സ്റ്റാന്‍ഡേര്‍ഡ്.

വഴിയരികിലും മറ്റും വില്‍ക്കുന്ന വില കുറഞ്ഞ തരം ഹെല്‍മെറ്റുകള്‍ വാങ്ങി ഉപയോഗിക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും. മോശമായ ഹെല്‍മെറ്റ് പരുക്കുകളെ തടയുന്നതില്‍ പരാജയപ്പെടുക മാത്രമല്ല ചിലപ്പോള്‍ ഇവയുടെ ഭാഗങ്ങള്‍ പൊട്ടി കണ്ണിലോ മുഖത്തോ ഒക്കെ തുളച്ചു കയറുകയും ചെയ്യാം.

ഇവ സെക്കേന്‍ഡ് ഹാന്റ് ആവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. യാതൊരു കാരണവശാലും സെക്കന്റ് ഹാന്‍ഡ് ഹെല്‍മറ്റ് വാങ്ങരുത്. കാരണം അത് മുന്‍പ് അപകടത്തില്‍പ്പെട്ടവയോ, കാലപ്പഴക്കംകൊണ്ട് കേടുവന്നതോ, ഗുണനിലവാരം കുറഞ്ഞതോ ആയ ഒന്നാവാം. അപകടത്തിന് ഇടയായ ഹെല്‍മെറ്റ് ചിലപ്പോള്‍ പുറമേ കണ്ടാല്‍ തിരിച്ചറിയാനാവണമെന്നില്ല. എന്നാല്‍ ഉള്ളിലെ ലൈനെര്‍ സംരക്ഷണം കേടുപറ്റി ഉപയോഗശൂന്യം ആയിക്കാണും.

ഏത് ആകൃതിയിലുള്ള ഹെല്‍മെറ്റ് തിരഞ്ഞെടുക്കണം?

പൂര്‍ണ്ണ മുഖാവരണം ഉള്ള ഹെല്‍മെറ്റ് ആണ് ഏറ്റവും സുരക്ഷിതം. അതോടൊപ്പം ശബ്ദകോലാഹലം കുറയ്ക്കാനും, വായു പ്രതിരോധം കുറയ്ക്കാനും, ഉള്ളിലെ വായു സഞ്ചാരം ക്രമീകരിക്കാനും ഉള്ള പ്രത്യേകതകള്‍ ഇവയുടെ അധിക യോഗ്യതകള്‍ ആയി കണക്കാക്കാം. 35% ത്തോളം അപകടങ്ങളില്‍ താടിഭാഗത്തിനും ക്ഷതം ഉണ്ടാക്കുന്നു എന്നാണു കണക്കുകള്‍. മുന്‍വശം കവര്‍ ചെയ്യാത്ത ഹെല്‍മെറ്റ് സ്വാഭാവികമായും താരതമ്യേന കുറഞ്ഞ സംരക്ഷണം ആണ് പ്രദാനം ചെയ്യുന്നത്.

പലരും ഉപയോഗിക്കുന്ന ഹാഫ് ഹെല്‍മെറ്റ് യഥാര്‍ഥത്തില്‍ മോട്ടോര്‍ വാഹന യാത്രയില്‍ സുരക്ഷ പ്രദാനം ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതല്ല. നിയമത്തില്‍ നിന്ന് പരിരക്ഷ കിട്ടാന്‍ വേണ്ടി ചിലര്‍ വഴിപാടു പോലെ ഉപയോഗിക്കുന്ന ചട്ടി കമിഴ്ത്തിയത് പോലുള്ള ആകൃതിയുള്ള ഇത്തരം ഹെല്‍മെറ്റുകള്‍ തലയോടിനെ വെയിലില്‍ നിന്ന് സംരക്ഷിക്കുക മാത്രമാണ് ചെയ്യുക. കൂടിപ്പോയാല്‍ പുറമേ ഉരസല്‍ മൂലമുള്ള പരുക്ക് തടഞ്ഞേക്കാം. എന്നാല്‍ തലയോടിനും മസ്തിഷ്‌കത്തിനും ഒക്കെ ഉണ്ടായേക്കാവുന്ന ഗുരുതരമായ ആഘാതം തടയുകയില്ല. ആയതിനാല്‍ ഇത് സംരക്ഷണത്തിനു സഹായിക്കുന്നില്ല.

ഹെല്‍മെറ്റിന്റെ നിറം

ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇരുണ്ട നിറങ്ങളെക്കാള്‍ ഇളം നിറമുള്ള ഹെല്‍മെറ്റ് ധരിക്കുന്നത് മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ഹെല്‍മെറ്റ്ധാരിയെ കാണാന്‍ സഹായിക്കുന്നുവെന്നാണ്. അതിനാല്‍തന്നെ അപകട സാധ്യത കുറയുന്നു.

ഹെല്‍മെറ്റിന്റെ വലിപ്പം

ഹെല്‍മെറ്റിന്റെ വലിപ്പം ഒരു വ്യക്തിയുടെ തലയുടെ വലിപ്പത്തിന് അനുസരിച്ച് തിരഞ്ഞെടുക്കേണ്ടതാണ് അമിതമായി അയഞ്ഞിരിക്കുന്ന ഹെല്‍മെറ്റ് ആഘാതം ഉണ്ടാവുന്ന സമയത്ത് ചലിക്കും എന്നതിനാല്‍ ഉദ്ദേശിക്കുന്ന സംരക്ഷണം നല്‍കാതെ പോയേക്കാം. ആയതിനാല്‍ അനുയോജ്യമായ സൈസ് നോക്കി തിരഞ്ഞെടുക്കുന്നതും പ്രധാനമാണ്.

ഹെല്‍മെറ്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഹെല്‍മെറ്റ് ഉപയോഗിക്കുന്നവരില്‍ വലിയൊരു ശതമാനം ചിന്‍ സ്ട്രാപ് ശരിയായി ധരിക്കുന്നത് അവഗണിക്കുന്നു. ഹെല്‍മെറ്റിന്റെ സ്ട്രാപ് ധരിക്കാതെ ഉപയോഗിച്ചാല്‍ അപകടം നടക്കുന്ന സമയത്ത് ഹെല്‍മെറ്റ് ഊരി തെറിച്ചു പോവുകയും അതുകൊണ്ട് തന്നെ ഉദ്ദേശിച്ച ഫലമേ ഉണ്ടാവാതെ പോവുകയും ചെയ്യാം. ഹെല്‍മെറ്റ് ഉപയോഗിക്കുന്നതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ് സ്ട്രാപ് കൃത്യമായി മുറുക്കി ഹെല്‍മെറ്റിന് സ്ഥാനഭ്രംശം ഉണ്ടാക്കാത്ത രീതിയില്‍ ധരിക്കേണ്ടത്.

ഹെല്‍മെറ്റിന് ഒരിക്കല്‍ കാര്യമായ ഒരു ക്ഷതം ഏറ്റാല്‍ അതിന്റെ പ്രവര്‍ത്തനക്ഷമത കുറയും ആയതിനാല്‍ അങ്ങനെ ഉള്ള അവസരങ്ങളില്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി പഴയത് ഉപേക്ഷിച്ച് പുതിയത് ഉപയോഗിക്കണം. വലിയ ക്ഷതം ഉണ്ടായാലും ചിലപ്പോള്‍ ഹെല്‍മെറ്റിന് പുറമേ അതിന്റെ വലിയ ലക്ഷണങ്ങള്‍ ഉണ്ടാവില്ല. എന്നാല്‍ അകമേ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമത കുറഞ്ഞിട്ടുണ്ടാവം.

ഒരു ഹെല്‍മെറ്റ് പലര്‍ മാറി മാറി ഉപയോഗിക്കുന്നതും നല്ലതല്ല. തലയുടെ വലിപ്പ വ്യത്യാസത്തിനു അനുസരിച്ച് ഹെല്‍മെറ്റ് വികസിക്കുകയും/അകമേ ഉള്ള സംരക്ഷണ ഫോം ചുരുങ്ങുകയും ചെയ്ത് എളുപ്പം ഊരിപ്പോവുന്ന അവസ്ഥയില്‍ ആവാം. സാധാരണഗതിയില്‍ ഒരു ഹെല്‍മെറ്റിന് ഏകദേശം അഞ്ചു വര്‍ഷമാണ് ആയുസ്സ്. എന്നാല്‍ നിരന്തരം ഉപയോഗിക്കുന്നുവെങ്കില്‍ മൂന്നു വര്‍ഷം കഴിയുമ്പോള്‍ മാറണം.

ഹെല്‍മെറ്റ് പ്രവര്‍ത്തിക്കുന്നതെങ്ങനെ

തലയോട്ടി പൊട്ടുന്നത് തടയാന്‍ ആണ് ഹെല്‍മെറ്റ് എന്നൊരു ധാരണ ആയിരിക്കും പലരുടെയും മനസ്സിലേക്ക് വരുക. എന്നാല്‍ തലയോടിനുണ്ടാവുന്ന പൊട്ടല്‍ മാത്രമാണ് ഉണ്ടാവുന്നതെങ്കില്‍ അത് അത്ര ഗുരുതരം അല്ല. മസ്തിഷ്‌കത്തിനുണ്ടാവുന്ന പരുക്കാണ് ഗുരുതരാവസ്ഥ സൃഷ്ടിക്കുക. ആയതിനാല്‍ തന്നെ ഹെല്‍മെറ്റിന്റെ പ്രാഥമിക ധര്‍മ്മം തലച്ചോറിനു ഉണ്ടാവുന്ന പരുക്കുകള്‍ കുറയ്ക്കുക എന്നതാണ്. തലയോടിനും മുഖത്തിനും ഉണ്ടാവുന്ന പരുക്കുകള്‍ രണ്ടാമത്തെ പരിഗണനാ വിഷയം മാത്രമാണ്.

ആഘാതം ശിരസ്സിലേക്ക് എത്തുന്നത് കുറയ്ക്കുക എന്ന ധര്‍മ്മമാണ് ഹെല്‍മെറ്റിനുള്ളത്. പുറമേയുള്ള ഷെല്‍, കൂര്‍ത്ത വസ്തുക്കള്‍ ഉള്ളിലേക്ക് തുളച്ചു കയറുന്നതിനെ പരമാവധി പ്രതിരോധിക്കുകയും ഇന്നെര്‍ ലൈനെര്‍ ആഘാതത്തിന്റെ ഭാഗമായി തലച്ചോര്‍ വിഘടിച്ചു പോവുന്നത് തടയുകയും ചെയ്യുന്നു. ഇന്നെര്‍ ലൈനെറിന്റെ ഉപയോഗം ആഘാതത്തിന്റെ സമയത്ത് സ്വയം ഞെരുങ്ങി ഹെല്‍മെറ്റിനുള്ളില്‍ ശിരസ്സിനുണ്ടാകാവുന്ന ആഘാതം കുറയ്ക്കും.

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഹെല്‍മെറ്റ് ധരിക്കുന്നത് കര്‍ശനമായി നടപ്പിലാക്കാന്‍ പോലീസ് എടുത്ത നടപടികളെ തുടര്‍ന്ന് കേരളത്തിലെ പല പ്രമുഖ ആശുപത്രികളിലും തലയ്ക്കു പരുക്കുമായി എത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു എന്ന് വാര്‍ത്തകളും അതെ തുടര്‍ന്ന് ചില പഠനങ്ങളില്‍ ഇതേ വിവരം സ്ഥിരീകരിക്കുകയും ഉണ്ടായിട്ടുണ്ട്.

ഹെല്‍മെറ്റിനെക്കുറിച്ച് പലവിധ ആവലാതികള്‍ പറയുന്നവരുണ്ട്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും പ്രത്യേകിച്ച് കഴമ്പില്ലാത്ത വ്യക്തിഗത നിരീക്ഷണങ്ങള്‍ മാത്രമാണ്. ഓര്‍ക്കേണ്ട സംഗതി ഹെല്‍മെറ്റ് ഉപയോഗിക്കാതിരുന്നാല്‍ ഉണ്ടായേക്കാവുന്ന അപകട സാധ്യതയുമായി തുലനം ചെയ്യുമ്പോള്‍ അത് ഉപയോഗിക്കുമ്പോള്‍ ചിലര്‍ക്ക് ഉണ്ടാവുന്ന അസ്വസ്ഥകള്‍ നിസ്സാരമാണ്. ജീവനോളം/ആരോഗ്യത്തോളം വില മറ്റൊന്നിനും ഇല്ലെന്നത് മനസ്സിലാക്കി സ്വമേധയാ ഹെല്‍മെറ്റ് ശീലമാക്കാന്‍ ഓരോ ഇരുചക്രവാഹന യാത്രികരും തീരുമാനം എടുക്കേണ്ടത് അവശ്യമാണ്.

കടപ്പാട്: വികാസ്പീഡിയ

TAGS :

Next Story