Quantcast

കുഞ്ഞ് ചെവിയിലെന്തെങ്കിലും ഇട്ടോ, അല്ലേല്‍ പ്രാണി പോയോ....

കുഞ്ഞുങ്ങള്‍ കയ്യില്‍ കിട്ടുന്ന കുഞ്ഞുകുഞ്ഞുസാധനങ്ങള്‍ ചെവിയിലിടുക സാധാരണയാണ്... ചിലപ്പോള്‍ ചില ജീവികളും പ്രാണികളുമൊക്കെ ചെവിയില്‍ പോകാനും സാധ്യതയേറെയാണ്..

MediaOne Logo

Web Desk

  • Published:

    26 Nov 2018 2:01 PM GMT

കുഞ്ഞ് ചെവിയിലെന്തെങ്കിലും ഇട്ടോ, അല്ലേല്‍ പ്രാണി പോയോ....
X

കുഞ്ഞുങ്ങള്‍ കയ്യില്‍ കിട്ടുന്ന കുഞ്ഞുകുഞ്ഞുസാധനങ്ങള്‍ ചെവിയിലിടുക സാധാരണയാണ്... മുത്ത്‌, മഞ്ചാടി, കുരുമുളക്, കല്ല്‌, ചോക്ക് കഷ്ണം, കുറ്റിപ്പെന്‍സില്‍, ചെടികളുടെയൊക്കെ വിത്ത് എന്നിവയൊക്കെയാണ് ഇവയില്‍ പ്രധാനം. ചിലപ്പോള്‍ ചില ജീവികളും പ്രാണികളുമൊക്കെ ചെവിയില്‍ പോകാനും സാധ്യതയേറെയാണ്.. മുതിര്‍ന്നവരിലും ചിലപ്പോഴെങ്കിലും ഇത്തരത്തില്‍ പ്രാണികള്‍ ചെവിയില്‍ അകപ്പെടാറുണ്ട്. പക്ഷേ, മുതിര്‍ന്നവര്‍ക്ക് അത്തരം സന്ദര്‍ഭങ്ങളെ സമചിത്തതയോടെ നേരിടാന്‍ സാധിക്കും. എന്നാല്‍ അതല്ല കുട്ടികളുടെ കാര്യം. അവര്‍ പരിഭ്രമിക്കും... കരച്ചിലും തുടങ്ങും. അതോടെ മാതാപിതാക്കളും പരിഭ്രാന്തരാകും.

ഉറുമ്പ്‌, വണ്ട്‌, പാറ്റ, കൊതുക് തുടങ്ങിയ ജീവികളും പ്രാണികളുമാണ് സാധാരണ ഗതിയില്‍ ചെവിക്കകത്ത് പോകാറുള്ളത്. കുഞ്ഞിന് ചെവിക്കകത്ത്‌ എന്തെങ്കിലും പോയാല്‍ വേദനയും ചിലപ്പോള്‍ ചെവിക്കകത്ത് നിന്ന് ചിറകടി ശബ്ദവും കേള്‍ക്കാം. കുഞ്ഞ് വല്ലാതെ പരിഭ്രമിച്ചിരിക്കുന്ന ഇത്തരം അവസരങ്ങളില്‍ പ്രാണിയെ ജീവനോടെ പുറത്തെടുക്കാന്‍ ശ്രമിക്കുന്നത് ദോഷം ചെയ്യുകയേയുള്ളൂ. വീട്ടില്‍ വെച്ചാണ് ഇത്തരം പ്രാണികള്‍ ചെവിക്കകത്ത് കടന്നത് എങ്കില്‍ വെളിച്ചെണ്ണ ചെറുതായി ചൂടാക്കി മൂന്ന്‍ തുള്ളി ചെവിയില്‍ ഒഴിച്ചു കൊടുത്താല്‍ മതിയാകും. പ്രാണി ചത്തുകഴിഞ്ഞ് ഒരു ഡോക്ടറെ സമീപിച്ച് അത് നീക്കം ചെയ്യുകയാവും ഉത്തമം.

അതുപോലെ കുഞ്ഞ് ചെവിയിലെടുത്തിടുന്ന മഞ്ചാടി, ചെടികളുടെ വിത്ത്‌ മുതലായവ സമയം കഴിയുംതോറും ജലം വലിച്ചെടുത്ത്‌ വികസിക്കാന്‍ സാധ്യതയുണ്ട്. സംശയം തോന്നിയ ഉടനെത്തന്നെ ഡോക്ടറെ കണ്ട് അവ നീക്കം ചെയ്യാനാണ് ശ്രമിക്കേണ്ടത്. എന്തെങ്കിലും തരത്തിലുള്ള കൂര്‍ത്ത സാധനങ്ങള്‍ ചെവിയില്‍ കടത്തി ഇവ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നത് ചെവിയില്‍ നീരു വരാനും ഡോക്ടറുടെ അടുത്തെത്തിയാലും കൂടുതല്‍ അപകടകരമാകാനും സാധ്യതയുണ്ട്.

കുട്ടികള്‍ ചെവിക്കുള്ളില്‍ എന്തെങ്കിലും തരത്തിലുള്ള സാധനങ്ങള്‍ ഇടുന്നുണ്ടെങ്കില്‍ അതിന് പ്രധാന കാരണം ചെവിക്കുള്ളിലെ അസ്വസ്ഥതയാവാം. കുട്ടി വിരലിട്ട് ഇടയ്ക്കിടയ്ക്ക് തിരിക്കുന്നതോ മറ്റോ ശ്രദ്ധയില്‍പ്പെട്ടാല്‍ പെട്ടെന്നുതന്നെ ഒരു ഡോക്ടറെ കാണാന്‍ ശ്രമിക്കണം. ചെവിക്കുള്ളില്‍ പഴുപ്പ്‌ ഉള്ളവരിലും തുടക്കത്തില്‍ ഈ പ്രവണതയുണ്ടാകാറുണ്ട്. അതിനാല്‍ ചെവിക്കുള്ളിലെ വസ്തു നീക്കം ചെയ്തു കഴിഞ്ഞാലും ഉള്ളില്‍ എന്തെങ്കിലും തരത്തിലുള്ള പഴുപ്പോ മറ്റ് അസ്വസ്ഥതകളോ ഉണ്ടോയെന്ന് പരിശോധിക്കുന്നത് നല്ലതാണ്.

TAGS :

Next Story