രോഗിക്ക് വീട്ടില്‍ പരിചരണം ഒരുക്കേണ്ടത് എങ്ങനെ?
വീട്ടില്‍ മരുന്ന് കഴിച്ച് വിശ്രമിക്കുന്ന ഒരു രോഗിക്ക് പരിചരണം ഒരുക്കേണ്ടതെങ്ങനെയെന്ന് വിശദീകരിക്കുന്നു ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ വി. ജി പ്രദീപ് കുമാര്‍.
അസുഖങ്ങള്‍ക്ക് എത്രയും വേഗം ചികിത്സ തേടുന്നത് നല്ലതാണ്. ചികിത്സ തേടിയാലും എല്ലാത്തരം അസുഖങ്ങള്‍ക്കും ആശുപത്രിയിലെ കിടത്തി ചികിത്സ ആവശ്യമാവാറും ഇല്ല. പക്ഷേ, വീട്ടില്‍ അസുഖബാധിതനായി ഒരാളുണ്ടെങ്കില്‍, ചില മുന്‍കരുതലുകളെടുക്കുന്നത് നല്ലതാണ്. വീട്ടില്‍ മരുന്ന് കഴിച്ച് വിശ്രമിക്കുന്ന ഒരു രോഗിക്ക് പരിചരണം ഒരുക്കേണ്ടതെങ്ങനെയെന്ന് വിശദീകരിക്കുന്നു ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ വി. ജി പ്രദീപ് കുമാര്‍.
എച്ച്.വണ്‍ എന്‍.വണ്‍, ഡെങ്കു, മലേറിയ, എലിപ്പനി, ചെള്ള് പനി, ഡിഫ്ത്തീരിയ, ചികുന്‍ഗുനിയ തുടങ്ങിയ വിവിധതരം പടരുന്ന അസുഖങ്ങള്‍ കുറച്ച് വര്‍ഷമായി മലയാളികള്‍ക്ക് പരിചിതമാണ്. അസുഖത്തെ തുടര്‍ന്ന് ചിലര്‍ മരിക്കുന്നു. ചിലര്‍ ദിവസങ്ങളോളം ആശുപത്രിയില്‍ കിടക്കുന്നു. നമ്മുടെയൊക്കെ കുട്ടിക്കാലത്ത് മഴക്കാലത്തായിരുന്നു പനി ഉണ്ടാവുന്നത്. രണ്ടോ മൂന്നോ ദിവസം കൊണ്ട് രണ്ട് പാരസെറ്റാമോളിന്റെയോ ചില്ലറ നാട്ടുവൈദ്യമോ പ്രയോഗിച്ച് പനിയെ തുരത്തും. പനി രോഗലക്ഷണമായാണ് വൈദ്യശാസ്ത്രം കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ പനി മരണം വരെ സംഭവിക്കാന്‍ ഇടയുള്ള അസുഖമായി മാറി. സാധാരണ വൈറല്‍ പനി പോലും താങ്ങാനാവാതെ, കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും വിശ്രമിക്കണം. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാത്ത രോഗികള്‍ക്കായി വീടുകളില്‍ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.
ഡെങ്കു പോലുള്ള വൈറല്‍ പനികള്‍ വന്നാല്‍ വീടുകളില്‍ ഐസൊലേഷന് (ഒറ്റമുറി) മുറി ഒരുക്കുക. അവിടെ രോഗിയെ പൂര്‍ണ വിശ്രമം നല്‍കുക, രോഗിയെ പരിചരിക്കുന്നത് ഒന്നോ രണ്ടോ പേര്‍ മാത്രമായിരിക്കുക, രോഗിക്ക് വേണ്ട ഭക്ഷണം വൃത്തിയുള്ളതും ഫ്രെഷ് ആയതുമായിരിക്കണം. രോഗിക്ക് ഭക്ഷണം കൊടുക്കുന്നതിനും മുമ്പും നന്നായി കൈകള്‍ കഴുകണം, മാസ്ക് ഉപയോഗിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ മാസ്ക് ധരിക്കണം. സന്ദര്‍ശകരെ പരമാവധി ഒഴിവാക്കുക, കൊതുക് വല ഉപയോഗിക്കുക. ഇതൊക്കെ ചെയ്താല്‍ അസുഖം പടരുന്നത് ഒഴിവാക്കാം.
ടി.ബി ബാധിച്ച രോഗികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. അടുത്തിടപഴകുന്നവര്‍ക്ക് ടിബി വരാനുള്ള സാധ്യത കൂടുതലാണ്. രോഗിയും പരിചരിക്കുന്നവരും മാസ്ക് ധരിക്കണം, തുറസ്സായ സ്ഥലത്ത് രോഗി തുപ്പരുത്. അടപ്പുള്ള പാത്രത്തിലോ മറ്റോ തുപ്പി, കഫം ദൂരെ കളയുക. ഇതൊക്കെ ശ്രദ്ധിച്ചാല്‍ തന്നെ നമുക്ക് പടരുന്ന അസുഖങ്ങളെ ഒരു പരിധി വരെ തടയാനാകും. എപ്പോഴും ഒരു അസുഖം ഒരാളില്‍ മാത്രം ഒതുങ്ങി. കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ ശ്രദ്ധിക്കണം. സമാനമായ ലക്ഷണങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉണ്ടായാല്‍ ഡോക്ടരെ കണ്ട് ശരിയായ ചികിത്സ തേടണം.
തയ്യാറാക്കിയത്: സഫീറ മഠത്തിലകത്ത്
Adjust Story Font
16