Quantcast

കുട്ടികളുടെ വളര്‍ച്ചാക്കുറവിന്റെ കാരണങ്ങള്‍ ഇവയൊക്കെയാണ്

ഉയരത്തിന്റെ കാര്യത്തില്‍ കുട്ടിയുടെ ജനിതക സ്വാധീനം നിര്‍ണായക പങ്കുവഹിക്കുന്നു

MediaOne Logo

Web Desk

  • Published:

    23 Oct 2019 7:20 AM GMT

കുട്ടികളുടെ വളര്‍ച്ചാക്കുറവിന്റെ കാരണങ്ങള്‍ ഇവയൊക്കെയാണ്
X

കുട്ടികളുടെ വളർച്ച എന്നും മാതാപിതാക്കൾക്ക് ആവലാതിയാണ്... മാതാപിതാക്കൾ എന്ന നിലയിൽ, നമ്മുടെ മനസ്സിൽ നിരന്തരം വരുന്ന ചിന്ത മക്കൾക്ക് വളർച്ചയ്ക്കായി എന്ത് നൽകണം എന്നതാണ്.

കുഞ്ഞുങ്ങൾക്ക് സ്വാഭാവിക വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യമായത് എന്തൊക്കെ?

1. ഭക്ഷണം: പോഷകമൂല്യമുള്ള ഭക്ഷണം ശരിയായ അളവില്‍ കഴിച്ചാലേ കുട്ടികളില്‍ സ്വാഭാവിക വളര്‍ച്ചയുണ്ടാകൂ. വളരുന്ന കുട്ടികള്‍ക്ക് മുതിര്‍ന്ന വ്യക്തിക്ക് വേണ്ടതുപോലെയോ അതിലധികമോ ഭക്ഷണം ആവശ്യമാണ്. എല്ലുകള്‍ക്കും പേശികള്‍ക്കും കരുത്തുനല്‍കുന്ന കാത്സ്യം, ഇരുമ്പ് തുടങ്ങിയ ധാതുലവണങ്ങളും മാംസ്യവും ശരിയായ തോതില്‍ ഭക്ഷണത്തില്‍ അടങ്ങിയിരിക്കേണ്ടത് ആവശ്യമാണ്.

2. വ്യായാമം: അസ്ഥികള്‍ക്ക് ദൃഢതയുണ്ടാവാന്‍ വ്യായാമം അത്യാവശ്യമാണ്. പ്രത്യേകിച്ച് പെട്ടെന്ന് വളരുന്ന കൗമാരപ്രായത്തില്‍. കഴിയുന്നതും കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള കായികവിനോദങ്ങള്‍ ദിനചര്യയുടെ ഭാഗമാക്കിമാറ്റുക എന്നതാണ് കുട്ടികളെ സംബന്ധിച്ചിടത്തോളം വ്യായാമം എന്ന പദംകൊണ്ട് വിവക്ഷിക്കുന്നത്.

3. ഉറക്കം: ഉറങ്ങുന്ന സമയത്ത് മറ്റ് അവയവങ്ങള്‍ വിശ്രമിക്കുമ്പോള്‍ ഊര്‍ജം വളര്‍ച്ചാപ്രക്രിയയിലേക്ക് തിരിച്ചുവിടാന്‍ ശരീരത്തിന് സാധിക്കും. വളര്‍ച്ചയില്‍ സുപ്രധാന പങ്കു വഹിക്കുന്ന ഗ്രോത്ത് ഹോര്‍മോണ്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നതും രാത്രി ഉറങ്ങുന്ന സമയത്താണ്.

വളര്‍ച്ചക്കുറവിന്റെ കാരണങ്ങള്‍ എന്തൊക്കെ ?

കുട്ടികള്‍ക്ക് വളര്‍ച്ചക്കുറവുണ്ടാകുന്നത് പ്രധാനമായും താഴെ പറയുന്ന കാരണങ്ങളാലാണ്.

1. പാരമ്പര്യം: ഉയരത്തിന്റെ കാര്യത്തില്‍ കുട്ടിയുടെ ജനിതക സ്വാധീനം നിര്‍ണായക പങ്കുവഹിക്കുന്നു. അച്ഛനമ്മമാര്‍ക്ക് മാത്രമല്ല, രക്തബന്ധത്തിലുള്ള മറ്റു കുടുംബാംഗങ്ങള്‍ക്കാര്‍ക്കെങ്കിലും ഉയരക്കുറവുണ്ടോ എന്നു മനസ്സിലാക്കിയിരിക്കണം. കുടുംബാംഗങ്ങള്‍ പലരും ഉയരം കുറഞ്ഞവരായ കാരണത്താല്‍ ഉയരക്കുറവുള്ള കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ വൈകിക്കരുത്. പാരമ്പര്യമായ ഉയരക്കുറവില്‍ നല്ലൊരു ഭാഗം ചികിത്സയിലൂടെ പരിഹരിക്കാനാകും.

2. വൈകിയെത്തുന്ന സ്വാഭാവിക വളര്‍ച്ച: ഇതും പാരമ്പര്യമായി കാണപ്പെടുന്ന ഒരു വ്യതിയാനമാണ്. പത്താംക്ലാസ് വരെ അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ്‌വരെ ക്ലാസില്‍ ഏറ്റവും ചെറുതായിരുന്ന കുട്ടി ആ സമയത്ത് പെട്ടെന്ന് പൊക്കംവെച്ച് മറ്റുള്ളവരുടെ ഒപ്പമെത്തുന്നു. കൗമാരലക്ഷണങ്ങളും ഇക്കൂട്ടര്‍ക്ക് സാധാരണ വൈകിയാണ് വരുന്നത്.

3. ഗര്‍ഭാവസ്ഥയിലെ വളര്‍ച്ച മുരടിപ്പ്: ചില കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍തന്നെ നീളവും തൂക്കവും നന്നേ കുറവായിരിക്കും. ജനിതകവൈകല്യങ്ങള്‍, ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്ക് പോഷകാഹാരങ്ങളുടെ അഭാവം, അമ്മയ്ക്ക് ഗര്‍ഭകാലത്ത് വരുന്ന അസുഖങ്ങള്‍ ഇതൊക്കെയാണ് സാധാരണ വളര്‍ച്ച മുരടിക്കാന്‍ കാരണമാകുന്നത്. ഇങ്ങനെയുള്ള മിക്ക കുഞ്ഞുങ്ങളും ജനിച്ചതിനുശേഷം പെട്ടെന്നുതന്നെ അതിവേഗം വളര്‍ന്ന് മറ്റു കുഞ്ഞുങ്ങളോടൊപ്പമെത്തുമെങ്കിലും ചില കുഞ്ഞുങ്ങള്‍ക്ക് ഈ വളര്‍ച്ച കണ്ടില്ലെന്നുവരാം. ഇങ്ങനെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഭാവിയിലും ഉയരക്കുറവ് കണ്ടേക്കാം. ഒരളവുവരെ ഇത്തരം ഉയരക്കുറവും ശരിയായ സമയത്തുള്ള ചികിത്സയിലൂടെ പരിഹരിക്കാവുന്നതാണ്.

4. പോഷകാഹാരക്കുറവ്: ഭക്ഷണത്തിലെ പോഷകങ്ങളുടെ അഭാവം മാത്രമല്ല, വിവിധതരത്തിലുള്ള അസുഖങ്ങള്‍മൂലം ഭക്ഷണത്തിലുള്ള പോഷകങ്ങള്‍ ശരീരത്തിലേക്ക് മതിയായ അളവില്‍ ആഗിരണം ചെയ്യപ്പെടാതിരിക്കുന്നതും വളര്‍ച്ചക്കുറവിന് കാരണമാകാം. പ്രധാനമായും ഉദരരോഗങ്ങള്‍, കരള്‍, വൃക്ക, ഹൃദയം എന്നീ സുപ്രധാന അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍, പ്രമേഹം ഇതെല്ലാം വളര്‍ച്ചക്കുറവിന് കാരണമാകാം.

5. ഹൈപ്പോതൈറോയിഡിസം: ഉയരക്കുറവിന്റെ കാരണങ്ങളില്‍ ഇത്ര എളുപ്പത്തില്‍ പരിഹരിക്കാവുന്ന ഒരു അസുഖം വേറെയില്ല. അമിതവണ്ണം, അലസത, അമിതമായ ഉറക്കം, മലബന്ധം ഇതെല്ലാമാണ് മറ്റു പ്രധാന ലക്ഷണങ്ങള്‍. ചില കുട്ടികള്‍ക്ക് കഴുത്തിന്റെ മുന്‍ഭാഗത്ത് വീക്കം കണ്ടേക്കാം. മറ്റ് യാതൊരു രോഗലക്ഷണവുമില്ലാതെ ഉയരക്കുറവ് മാത്രമായും ഈ രോഗം പ്രത്യക്ഷപ്പെടാം. അതുകൊണ്ടുതന്നെ ഉയരക്കുറവുള്ള കുട്ടികള്‍ക്കെല്ലാം ഒരു പ്രാവശ്യമെങ്കിലും തൈറോയ്ഡിന്റെ പ്രവര്‍ത്തനക്കുറവുണ്ടോ എന്നറിയാനുതകുന്ന രക്തപരിശോധന ചെയ്യുന്നത് നല്ലതാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പലതരം സ്‌കാന്‍ നമ്മുടെ നാട്ടില്‍ ചെയ്യുന്നുണ്ടെങ്കിലും തൈറോയ്ഡിന്റെ പ്രവര്‍ത്തനം ശരിയായി വിലയിരുത്താന്‍ രക്തപരിശോധനയാണ് അഭികാമ്യം.

6. ഗ്രോത്ത് ഹോര്‍മോണിന്റെ അഭാവം: വളര്‍ച്ചയില്‍ വളരെ പ്രധാനമായ പങ്കുവഹിക്കുന്ന ഹോര്‍മോണാണ് ഗ്രോത്ത് ഹോര്‍മോണ്‍. വളര്‍ച്ചക്കുറവുള്ള കുട്ടികളില്‍ ഒരു ചെറിയ ശതമാനത്തിനേ ഗ്രോത്ത് ഹോര്‍മോണിന്റെ അഭാവം കാണാറുള്ളൂ. എന്നാല്‍ ഈ ഹോര്‍മോണിന്റെ അഭാവമുള്ള കുട്ടികള്‍ക്ക് സ്വാഭാവികമായി ഉയരം വളരെ കുറവായിരിക്കും. ശരിയായ സമയത്ത് ഹോര്‍മോണ്‍ ചികിത്സ നല്‍കിയാല്‍ മറ്റു കുട്ടികളുടെതു പോലെ ഇവര്‍ക്കും ഉയരംവെക്കും. അതുകൊണ്ട് ഈ അസുഖം ശരിയായ സമയത്ത് തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഉയരക്കുറവാണ് പ്രധാന ലക്ഷണം. എങ്കിലും എല്ലുകളുടെ ബലക്കുറവ്, അമിതവണ്ണം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഹൃദ്രോഗം എന്നിവയും ഹോര്‍മോണിന്റെ പോരായ്മകൊണ്ടുണ്ടാകുന്നു.

7. റിക്കറ്റ്‌സ്: കാത്സ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ ഡി ഇതിലേതെങ്കിലും ഒന്നിന്റെ പോരായ്മമൂലം എല്ലുകള്‍ക്ക് വളര്‍ച്ചക്കുറവും വൈകല്യങ്ങളും ഉയരക്കുറവും ഉണ്ടാകുന്നു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് റിക്കറ്റ്‌സ് നമ്മുടെ നാട്ടില്‍ കുറവാണ്. എന്നിരുന്നാലും സമ്പന്ന കുടുംബങ്ങളിലെ കുട്ടികളില്‍ പോലും ഈ പോഷകങ്ങളുടെ പോരായ്മ പലപ്പോഴും കാണാറുണ്ട്. ആവശ്യത്തിന് സൂര്യപ്രകാശമേല്‍ക്കാത്തതാണ് പ്രധാന കാരണം. മിക്കതരത്തിലുള്ള റിക്കറ്റ്‌സിന്റെയും ചികിത്സ വളരെ ലളിതമാണ്. മറ്റു കുടുംബാംഗങ്ങള്‍ക്ക് റിക്കറ്റസ് ഉണ്ടോ എന്നു നോക്കുന്നത് നല്ലതാണ്.

8. മരുന്നുകള്‍: മറ്റു രോഗങ്ങളുടെ ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകള്‍ പ്രത്യേകിച്ച് സ്റ്റിറോയ്ഡ് വിഭാഗത്തില്‍പെട്ട മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം ഉയരക്കുറവിന് കാരണമായേക്കാം.

9. ജനിതക വൈകല്യങ്ങള്‍: ടേണര്‍ സിന്‍ഡ്രോം, ഡൗണ്‍ഡ് സിന്‍ഡ്രോം തുടങ്ങി ജനിതകത്തകരാറുമൂലമുണ്ടാകുന്ന ചില അപൂര്‍വ രോഗങ്ങളും ഉയരക്കുറവിന് കാരണമായേക്കാം.

10. മസ്തിഷ്‌കരോഗങ്ങള്‍: വളരെ അപൂര്‍വമായി മസ്തിഷ്‌കത്തിലുണ്ടാകുന്ന ചില ട്യൂമറുകള്‍, അണുബാധകള്‍ ഇവയെല്ലാം വളര്‍ച്ചക്കുറവിനിടയാക്കാം. വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഹൈപ്പോത്തലാമസ്, പിറ്റിയൂട്ടറി ഗ്രന്ഥി ഇവയുടെ സ്വാഭാവിക പ്രവര്‍ത്തനം ഇങ്ങനെ തടസ്സപ്പെടുന്നതുമൂലമാണ് സാധാരണ വളര്‍ച്ചക്കുറവുണ്ടാകുന്നത്.

അമിത വളര്‍ച്ച എന്നുണ്ടോ?

വളര്‍ച്ചക്കുറവുപോലെ തന്നെ ആശങ്കയുണ്ടാക്കുന്നതാണ് അമിത വളര്‍ച്ചയും. ഗ്രോത്ത് ചാര്‍ട്ടില്‍ വളര്‍ച്ച കൃത്യമായി രേഖപ്പെടുത്തുകയാണ് അമിതവളര്‍ച്ച നേരത്തേ തിരിച്ചറിയാനുള്ള മാര്‍ഗം. അമിതവണ്ണം കുട്ടികളില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അമിതവണ്ണമുള്ള കുട്ടികള്‍ക്ക് മറ്റു കുട്ടികളെ അപേക്ഷിച്ച് പെട്ടെന്ന് പൊക്കംവെക്കുകയും കൗമാരലക്ഷണങ്ങള്‍ നേരത്തേ കാണിക്കുകയും ചെയ്‌തേക്കാം. പ്രമേഹം, രക്താതിസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീരോഗങ്ങള്‍ ചെറുപ്പത്തിലേതന്നെ വരാനും ദുര്‍മേദസ്സ് ഇടയാക്കുന്നു. ഭാരം കൂടുന്നത് എത്രയും വേഗം തിരിച്ചറിയുകയും വീണ്ടും ഭാരം കൂടാതിരിക്കാന്‍ ആഹാരനിയന്ത്രണം, വ്യായാമം മുതലായവ ശീലിക്കുകയുമാണ് നല്ല പ്രതിരോധം. ബാല്യകാലത്ത് അമിതഭാരമുള്ളവര്‍ക്ക് പില്‍ക്കാലത്തും അമിതഭാരമുണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

ഉയരക്കൂടുതല്‍ അമിതവണ്ണത്തെ അപേക്ഷിച്ച് നമ്മുടെ കുട്ടികളില്‍ കുറവാണ്. പാരമ്പര്യം, അമിതവണ്ണം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്കൂടുതല്‍, അപൂര്‍വം ചില ജനിതക വൈകല്യങ്ങള്‍, ഏഒന്റെ അമിത ഉത്പാദനം ഇതെല്ലാമാണ് ഉയരക്കൂടുതലിന്റെ പ്രധാന കാരണങ്ങള്‍. ചില കുട്ടികള്‍ക്ക് ഉയരക്കൂടുതലിനൊപ്പം പ്രായത്തില്‍ കവിഞ്ഞ ലൈംഗികവളര്‍ച്ചയും കണ്ടേക്കാം. ഇത് നേരത്തേയുള്ള കൗമാരത്തിന്റെ ലക്ഷണമാണ്. മസ്തിഷ്‌കത്തിന്റെ പ്രത്യേകിച്ച് ഹൈപ്പോതലാമസ് എന്ന ഭാഗത്തിന്റെ രോഗങ്ങള്‍, അഡ്രീനല്‍, ഓവറി, ടെസ്മിസ് തുടങ്ങിയ ഗ്രന്ഥികളുടെ തകരാറുകള്‍ ഇവമൂലമാണ് കൗമാരം നേരത്തേയെത്തുന്നത്. ചില കുട്ടികള്‍ക്ക് ഒരുവയസ്സാവുന്നതിനു മുന്‍പുതന്നെ ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടേക്കാം. പലപ്പോഴും ഗുരുതരമായ രോഗങ്ങളുടെ ബാഹ്യലക്ഷണമായിരിക്കും ഇത്. അതുകൊണ്ട് ഇത്തരത്തിലുള്ള വ്യതിയാനങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം.

നേരത്തേയെത്തുന്ന കൗമാരം പോലെ തന്നെ കൗമാരലക്ഷണങ്ങള്‍ പ്രതീക്ഷിക്കുന്ന സമയത്ത് പ്രത്യക്ഷപ്പെടാത്തതും ഗൗരവമുള്ള കാര്യമാണ്. ആണ്‍കുട്ടികള്‍ 14 വയസ്സിലും പെണ്‍കുട്ടികള്‍ 13 വയസ്സിലും കൗമാരലക്ഷണങ്ങളൊന്നും കാണിച്ചുതുടങ്ങിയിട്ടില്ലെങ്കില്‍ തീര്‍ച്ചയായും വൈദ്യസഹായം തേടണം.

കടപ്പാട്: ഡോ.ഡാനിഷ് സലിം

TAGS :

Next Story