സാമൂഹിക അകലം പാലിച്ച് സാന്ത്വന ചികിത്സ പ്രായോഗികമോ?
ഈ കോവിഡ് കാലത്ത് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് മുന്നോട്ടു പോകുന്നത്...
പ്രായാധിക്യം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍, ഗുരുതര രോഗബാധിതര്‍, അപകടത്താലോ മറ്റോ ശരീരത്തിന് പൂര്‍ണമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെട്ടവര്‍- അങ്ങനെയുള്ള രോഗികള്‍ക്കുള്ളതാണ് പാലിയേറ്റീവ് കെയര്‍, അഥവാ സാന്ത്വന ചികിത്സ. പേര് കേള്‍ക്കുമ്പോഴേ അറിയാം മരുന്നുകളല്ല, ചേര്‍ത്തുനിര്‍ത്തലുകളാണ് ഇത്തരം രോഗികള്‍ക്ക് മരുന്നെന്ന്.. പക്ഷേ, പുറത്തിറങ്ങരുതെന്നും , സാമൂഹിക അകലം പാലിക്കെന്നും ഉദ്‍ബോധിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിക്കാലത്ത് എങ്ങനെയാണ് നാമവരെ ചേര്‍ത്ത് പിടിക്കുക.. എങ്ങനെയാണ് ഈ കോവിഡ് കാലത്ത് സാന്ത്വന ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ ദൌത്യവുമായി മുന്നോട്ടു പോകുന്നത്?
കോവിഡ് കാലമാണെങ്കിലും, മറ്റ് അസുഖമായി ഓ.പിയില്‍ വരുന്ന രോഗികളെ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ട്.. കൃത്യമായ അകലം പാലിച്ചാണെന്ന് മാത്രം.. ഫെയ്സ് ഷീല്‍ഡ് വെക്കുന്നുണ്ട്. കൈകള്‍ സാനിറ്റൈസ് ചെയ്യുന്നുണ്ട്. കോവിഡിന് മുമ്പായിരുന്നെങ്കില്‍ ഡോക്ടര്‍ക്ക് അടുത്തായിട്ടായിരുന്നു രോഗി ഇരുന്നിരുന്നത്. പോട്ടെ, സാരമില്ലെന്ന്, എല്ലാം ശരിയാകുമെന്ന് പതിയെ കൈയില്‍ തട്ടി പറഞ്ഞിരുന്നു. പക്ഷേ, ഇപ്പോള്‍ അതെല്ലാം ഇല്ലാതെയായി. ഒരു ആശുപത്രി സംവിധാനത്തില്‍ എങ്ങനെയാണോ ഇപ്പോള്‍ ഒരു രോഗിയെ പരിചരിക്കുന്നത് അതേ പരിചരണം തന്നെയാണ് ഒരു ഹോം കെയര്‍ സംവിധാനത്തിലും സാന്ത്വന ചികിത്സകര്‍ കൊണ്ടുവന്നിരിക്കുന്നത്.
ഹോം കെയറുമായി ബന്ധപ്പെട്ടുള്ള പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും മുടക്കമില്ലാതെ നടക്കുന്നുണ്ട്. സാന്ത്വനചികിത്സ പ്രവര്‍ത്തനങ്ങളെ ലോക്ഡൌണ്‍, ഒന്ന് മന്ദീഭവിപ്പിച്ചെങ്കിലും സര്‍ക്കാരിന്‍റെയും ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിച്ച് അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തി പെയിന്‍ ആന്‍റ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍ സജീവമാണിപ്പോഴും. ഹോം കെയറിനായി പോകുംമുമ്പ് ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തിസുരക്ഷയ്ക്ക് ഒന്ന്കൂടി പ്രധാന്യം കൊടുത്തു തുടങ്ങി. മാസ്കും ഗ്ലൌസും നിര്‍ബന്ധമായും ധരിക്കാന്‍ തുടങ്ങി. കൃത്യമായ ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിക്കാന്‍ തുടങ്ങി.
വീട്ടിലെത്തുന്നതിന് മുമ്പായി, രോഗിയുടെ ബന്ധുക്കളെ ആരെയെങ്കിലും ഫോണ്‍ വിളിച്ച് അറിയിക്കും. രോഗിയുടെ റൂമില്‍ എല്ലാവരും കൂടി നില്‍ക്കുന്നതിന് പകരം ഒരാള്‍ മാത്രം നില്‍ക്കുക, ആ വ്യക്തി നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കുക. ട്യൂബ് ഒക്കെ ഇട്ട് കിടക്കുന്ന ഒരു പേഷ്യന്‍റ് ആണെങ്കില്‍ അതെല്ലാം കൃത്യമായിട്ടാണോ ഉള്ളത് എന്നെല്ലാം ഉറപ്പുവരുത്തി തന്നെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ തിരിച്ചു പോകുന്നത്.
മുമ്പ് ഒരു രോഗിയോട് കൂടുതല്‍ സമയം സംസാരിച്ചിരിക്കാന്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ അതില്ലാതെയായി. വീടുകളിലെത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ അധികസമയം ചെലവഴിക്കാതെയാണ് ഇപ്പോള്‍ തിരിച്ചുപോകുന്നത്. രോഗികളും സാഹചര്യം മനസ്സിലാക്കി ഇപ്പോള്‍ അത് ആവശ്യപ്പെടാതെയായി. കാരണം നിരവധി വീടുകള്‍ കയറിയാണ് ആരോഗ്യപ്രവര്‍ത്തകര്‍ വരുന്നത് എന്ന് അവര്‍ക്കും അറിയാം.
ഒരു ഡോക്ടറും ഒരു നഴ്‍സും മാത്രമാണ് ഇപ്പോള്‍ ഹോം കെയറിനായി പോകുന്നത്. പണ്ട് വളണ്ടിയര്‍മാരും കൂടെ പോകാറുണ്ടായിരുന്നു. ഒരു രോഗിയുടെ ആരോഗ്യപരമായ ശ്രുശ്രൂഷയ്ക്ക് ആവശ്യമായ ആളുകള്‍ എത്തുന്നുണ്ട് എന്നതുകൊണ്ടുതന്നെ രോഗിയുടെ ശാരീരിക ബുദ്ധിമുട്ടുകളെല്ലാം പരിഹരിക്കപ്പെടുന്നുണ്ട്. പക്ഷേ, കൂടുതല്‍ സമയം സംസാരിച്ചിരിക്കാന്‍ ആരുമില്ല എന്നത് രോഗികളെ സംബന്ധിച്ച് മാനസികമായ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
പാലിയേറ്റീവ് കെയറില്‍ മാത്രമല്ല, സമസ്ത മേഖലയിലും കോവിഡ് മാറ്റം കൊണ്ടുവന്നിട്ടുണ്ട്. സാന്ത്വന പരിചാരകര്‍ മാത്രമല്ല, രോഗികളെ കാണാനെത്തുന്ന ബന്ധുക്കളും പരിചയക്കാരും എല്ലാം കുറഞ്ഞു. അയല്‍പക്ക സന്ദര്‍ശനം കുറഞ്ഞു. തീര്‍ത്തും ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ട്. വയോജന കേന്ദ്രങ്ങളിലേക്ക് മക്കള്‍ക്ക് വരാന്‍ കഴിയാതെയായി. വീല്‍ച്ചെയറിലായിപ്പോയവര്‍, കിടപ്പിലായിപ്പോയവര്‍ എല്ലാവര്‍ക്കും വിഷമമുണ്ട്. ഒറ്റപ്പെടലിന്‍റേ തായ അവസ്ഥ എല്ലാവരെയും ബാധിച്ചിട്ടുണ്ട്. ഫോണ്‍ വഴി ഡോക്ടര്‍മാരെയും നഴ്സ്‍മാരെയും ബന്ധപ്പെടാനുള്ള സൌകര്യം ഉണ്ടാക്കിയിട്ടുണ്ട്. പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്കായുള്ള മീറ്റിംഗുകള്‍, ക്ലാസുകള്‍, ട്രെയിനിംഗുകള്‍ എല്ലാം ഓണ്‍ലൈനാക്കി കഴിഞ്ഞു.
കോവിഡ് കാലമായതിനാല്‍ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും വീട്ടിലേക്ക് ആളുകള്‍ വരുന്നത് ബുദ്ധിമുട്ടായും തോന്നുന്നുണ്ട്. പാലിയേറ്റീവ് പ്രവര്‍ത്തകര്‍ വിളിച്ചാല്‍, പ്രത്യേകിച്ച് ബുദ്ധിമുട്ട് ഒന്നുമില്ല, വരണമെന്നില്ല എന്ന് പറയുന്ന ബന്ധുക്കളുമുണ്ടെന്ന് പറയുന്നു ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍. കോവിഡ് വരാതെ നോക്കാം എന്നാണ് എല്ലാവരുടെയും മനസ്സില്‍.
കോവിഡ് 19 എന്ന മഹാമാരി നല്‍കിയ ഏറ്റവും വലിയ ആശ്വാസം പല വീടുകളിലും രോഗികള്‍ ഒറ്റക്കല്ലാതെയായി എന്നതാണ്. പലയിടത്തും വീട്ടില്‍ ആളുണ്ട്.. സ്കൂളുകളില്ലാത്തതുകൊണ്ട് കുട്ടികള്‍ വീട്ടിലുണ്ട്. കുട്ടികളുടെ സാന്നിധ്യം തന്നെയാണ് പ്രായമായവര്‍ക്കായാലും കിടപ്പുരോഗികള്‍ക്കായാലും ആശ്വാസം പകരുന്നത്.
വിവരങ്ങള്‍ക്ക് കടപ്പാട്: ചന്ദ്രലേഖ കെ. പി (സെക്രട്ടറി, പെയിന്‍ ആന്‍റ് പാലിയേറ്റീവ് സൊസൈറ്റി കോഴിക്കോട്)
Adjust Story Font
16