Quantcast

കയ്ച്ചാലും മധുരിച്ചാലും ഗുണങ്ങളേറെ; കരളിനെ കാക്കും, കൊളസ്‌ട്രോൾ കുറയ്ക്കും

കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ മുൻനിരയിൽ തന്നെയാണ് നെല്ലിക്ക

MediaOne Logo

Web Desk

  • Published:

    3 Dec 2022 2:10 PM GMT

കയ്ച്ചാലും മധുരിച്ചാലും ഗുണങ്ങളേറെ; കരളിനെ കാക്കും, കൊളസ്‌ട്രോൾ കുറയ്ക്കും
X

നെല്ലിക്ക ആയുർവേദത്തിൽ ഒഴിച്ചുകൂട്ടാനാകാത്ത ഒരു ഫലമാണ്. നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധമാണ്. വിറ്റാമിൻ സിയുടെ കലവറയായതിനാൽ നെല്ലിക്കയിലെ ഘടകങ്ങൾ ഫലം ഉണങ്ങിയതിനു ശേഷവും പ്രയോജനപ്പെടുന്നു. എങ്കിലും, നെല്ലിക്ക എന്ന് കേൾക്കുമ്പോൾ തന്നെ ചിലരുടെയെങ്കിലും മുഖം ചുളിയാറുണ്ട്. കയ്പ്പ് തന്നെയാണ് കാരണം. എന്നാൽ, ശാരീരികാരോഗ്യത്തിന് ഈ കയ്പ്പ് എത്ര ഗുണകരമാണെന്ന് പലർക്കും ഇപ്പോഴും അറിയില്ല. ജലദോഷം അകറ്റുന്നത് മുതൽ പ്രമേഹ നിയന്ത്രണം വരെ, തലമുടിയുടെ പോഷണം മുതൽ മലബന്ധം ഇല്ലാതാക്കുന്നത് വരെ... ഒരു നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൂലം ലഭിക്കുന്ന ഗുണങ്ങളുടെ ലിസ്റ്റ് ഇങ്ങനെ നീളുന്നു. നെല്ലിക്ക നൽകുന്ന നാല് പ്രധാന ഗുണങ്ങൾ ഏതൊക്കെയെന്ന് നോക്കാം:-

കരൾ ഇവിടെ സേഫ് ആണ്

കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ മുൻനിരയിൽ തന്നെയാണ് നെല്ലിക്ക. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന ക്വെർസെറ്റിൻ, ഗാലിക് ആസിഡ്, കോറിലാജിൻ, എലാജിക് ആസിഡുകൾ തുടങ്ങിയ ഫൈറ്റോകെമിക്കലുകൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ വിഷാംശം ഇല്ലാതാക്കുന്നതിനും സഹായകമാണ്.

പ്രമേഹത്തിനും മരുന്നാണ്

പ്രമേഹ രോഗികളിൽ ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്താൻ നെല്ലിക്ക സഹായിക്കും. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ക്രോമിയം പ്രമേഹത്തിനെതിരെ പൊറുത്തുമെന്നും ആരോഗ്യവിദഗ്ദ്ധർ പറയുന്നു.

മുടി വളരാനും വഴിയുണ്ട്

മുടികൊഴിച്ചിലിനോട് ഇനി വിട പറയാം.. നെല്ലിക്ക ശീലമാക്കിയാൽ മതി. ഒരു പ്രത്യേക എൻസൈമിന്റെ പ്രവർത്തനത്തെ തടഞ്ഞ് കോശങ്ങളുടെ വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ മുടി കൊഴിച്ചിൽ തടയാനും മുടി വളരാനും നെല്ലിക്കയിലെ ഘടകങ്ങൾ സഹായിക്കും.

കൊളസ്‌ട്രോൾ നിയന്ത്രിക്കാം

രക്തത്തില്‍ കാണപ്പെടുന്ന മെഴുക് പോലുള്ള പദാര്‍ഥമായ കൊളസ്‌ട്രോൾ കോശങ്ങളുടെ നിർമാണ പ്രക്രിയയിൽ അത്യന്താപേക്ഷിതമായ ഘടകമാണെങ്കിലും ഇതിന്റെ അളവ് അമിതമായാൽ ഹൃദയം അടക്കമുള്ള അവയവങ്ങളെ ദോഷകരമായി ബാധിക്കും. കൊളസ്ട്രോള്‍ തോത് കുറയ്ക്കാന്‍ നല്ലൊരു മാർഗമാണ് നെല്ലിക്ക. രക്തക്കുഴലുകളിൽ കൊളസ്‌ട്രോൾ അടിഞ്ഞു കൂടുന്നത് തടയാനും ഇത് സഹായകമാണ്.

ശാരീരികാരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യം നിലനിർത്താനും നെല്ലിക്ക ഉപയോഗപ്രദമാണ്. കലകൾക്ക് ഊർജം നൽകാനും വരണ്ട ചർമത്തിന് പരിഹാരമായും നെല്ലിക്ക മുന്നിലുണ്ട്. അതിനാൽ ഈ സീസണിൽ നിങ്ങളുടെ ഡയറ്റിൽ നെല്ലിക്ക കൂടി ചേർത്തോളൂ..

TAGS :
Next Story