ഭക്ഷണം കഴിച്ചയുടനെ പുകവലിക്കുന്നതും ഉറങ്ങുന്നതും നല്ലതാണോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
ഉച്ചഭക്ഷണമോ അത്താഴമോ കഴിച്ചതിന് ശേഷം നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില ശീലങ്ങളുണ്ട്
ഭക്ഷണം കഴിച്ചതിന് ശേഷം ഒന്ന് മയങ്ങാൻ ഇഷ്ടപ്പെടുന്നവരായിരിക്കും ഭൂരിഭാഗം പേരും. അതല്ലെങ്കിൽ പുകവലിക്കുന്നതാണ് ചിലരുടെ ശീലം, ചിലരാകട്ടെ വയറുനിറയെ ഭക്ഷണം കഴിച്ചശേഷമാകും കുളിക്കാൻ പോകുന്നത്... ഓരോരുത്തർക്കും ഓരോ ശീലങ്ങളായിരിക്കും. എന്നാൽ ഭക്ഷണം കഴിച്ചയുടനെയുള്ള ഇത്തരം ശീലങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ ? ഉച്ചഭക്ഷണമോ അത്താഴമോ കഴിച്ചതിന് ശേഷം നിങ്ങൾ ഒഴിവാക്കേണ്ട ചില ശീലങ്ങൾ ഇതാ...
ഉറക്കം
ഉച്ചയൂണിന് ശേഷം ഒന്നുമയങ്ങാൻ ഇഷ്ടമില്ലാത്തവർ ആരാണ്.. അതല്ലെങ്കിൽ അത്താഴത്തിന് ശേഷം നേരെ കിടന്നുറങ്ങുന്നവരും ഏറെയാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ദഹന പ്രക്രിയയെ തടസപ്പെടുത്തുകയും ഭക്ഷണം ദഹിക്കാൻ ഏറെ സമയമെടുക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ വയറുനിറെ ഭക്ഷണം കഴിച്ചയുടനെ ഉറങ്ങുന്നത് ഒഴിവാക്കാം.
പുകവലി
ഭക്ഷണത്തിന് തൊട്ടുപിന്നാലെ പുകവലി ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ ആ ശീലം ഒഴിവാക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ ആരോഗ്യത്തെയും മെറ്റബോളിസത്തെയും ബാധിക്കും. ഭക്ഷണത്തിന് ശേഷം പുകവലിക്കുന്നത് 10 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
കുളിക്കുന്നത് ഒഴിവാക്കുക
വയറു നിറയെ ഭക്ഷണം കഴിച്ചയുടൻ കുളിക്കുന്നത് ഒഴിവാക്കുക. ഇത് ദഹന പ്രക്രിയയെ വൈകിപ്പിക്കും. കുളിക്കുന്ന സമയത്ത് ആമാശയത്തിന് ചുറ്റുമുള്ള രക്തപ്രവാഹത്തെ ബാധിക്കും. രക്തം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഒഴുകുകയും ദഹനത്തെ തടസപ്പെടുത്തുകയും ചെയ്യും.
പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കാം
പഴങ്ങൾ ആരോഗ്യകരമാണെന്നതിൽ ആർക്കും സംശയമില്ല. എന്നാൽ ഭക്ഷണത്തിന് തൊട്ടുപിന്നാലെ പഴങ്ങൾ കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും. പഴങ്ങൾ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഭക്ഷണത്തിന് രണ്ടു മണിക്കൂർ മുമ്പോ അതല്ലെങ്കിൽ ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂർ ശേഷമോ ആണ്. ഇങ്ങനെ ചെയ്യുമ്പോൾ മെറ്റബോളിസം വർധിപ്പിക്കാനും പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാനും സഹായിക്കും.
ചായ
കഫീനിന്റെ സാന്നിധ്യമുള്ളതിനാൽ ചായക്ക് അസിഡിറ്റി സ്വഭാവമുണ്ടാകും. ഭക്ഷണം കഴിച്ചയുടനെ ചായകുടിക്കുന്നത് ദഹനത്തെ ബാധിക്കും. ഇത് ഭക്ഷണം ദഹിക്കാൻ സമയമെടുക്കുകയും പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് തടയുകയും ചെയ്യും. ഭക്ഷണത്തിന് ശേഷം ചായ കുടിക്കുന്നത് ഇരുമ്പിന്റെ ആഗിരണം തടസപ്പെടുത്തും. അതുകൊണ്ടുതന്നെ ഭക്ഷണത്തിന് ശേഷം ചായ കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
Adjust Story Font
16