Quantcast

മൂന്നുമാസം കൊണ്ട് കുറച്ചത് 16 കിലോ; സ്പന്ദനയുടെ ജീവനെടുത്തത് അമിത വ്യായാമം?

കന്നഡ താരം പുനീത് കുമാറിന്റെ അപ്രതീക്ഷിത മരണവും അമിത വ്യായാമത്തെയും ഡയറ്റിനെയും ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു...

MediaOne Logo

Web Desk

  • Updated:

    2023-08-08 12:48:49.0

Published:

8 Aug 2023 12:32 PM GMT

Actor Spandana’s Death Triggers Debate On Keto Diet
X

ഹൃദയസ്തംഭനത്തെ തുടർന്ന് കഴിഞ്ഞ ദിവസം ബാങ്കോക്കിൽ അന്തരിച്ച നടി സ്പന്ദനയുടെ മരണത്തെ ചുറ്റിപ്പറ്റി ചർച്ച. അമിതവ്യായാമവും കീറ്റോ ഡയറ്റും സ്പന്ദനയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചതായി സമൂഹമാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

കീറ്റോ ഡയറ്റ് പിന്തുടർന്നതിന് പിന്നാലെ മൂന്ന് മാസം കൊണ്ട് 16കിലോയാണ് സ്പന്ദന കുറച്ചത്. ഇതിന് ധാരാളം പ്രശംസയും താരം ഏറ്റുവാങ്ങിയിരുന്നു. കാർബോഹൈഡ്രേറ്റ്‌സിന്റെ ഉപഭോഗം പാടേ കുറയ്ക്കുന്ന ഭക്ഷണരീതിയാണ് കീറ്റോ ഡയറ്റ്. ശരീരത്തിലെ അമിതവണ്ണവും കൊഴുപ്പും കുറയ്ക്കാൻ സെലിബ്രിറ്റികളിൽ ഭൂരിഭാഗം പേരും ഈ ഡയറ്റ് പിന്തുടരാറുണ്ട്. പ്രസവത്തിന് ശേഷം തടി കൂടിയതും കോവിഡുമെല്ലാം മൂലം ഡയറ്റ് പിന്തുടരുന്നതിൽ സ്പന്ദന വിട്ടുവീഴ്ച വരുത്തിയിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

ഹൃദയാഘാതം മൂലം കന്നഡ താരം പുനീത് കുമാറിന്റെ അപ്രതീക്ഷിത മരണവും അമിത വ്യായാമവും ഡയറ്റും മൂലമാണോയെന്ന ആശങ്കകൾക്ക് തുടക്കമിട്ടിരുന്നു. ഈ ചർച്ചകൾ നിലനിൽക്കവേയാണ് അകാലത്തിൽ സ്പന്ദനയുടെ മരണവും.

യഥാർഥത്തിൽ അമിതവ്യായാമം ഹൃദയാഘാതത്തിന് കാരണമാകുന്നുണ്ടോ? അമിതവണ്ണം നിയന്ത്രിക്കാൻ ഡയറ്റ് പിന്തുടരുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? വിദഗ്ധർ പറയുന്നതെന്തെന്ന് നോക്കാം...

അമിതഭാരം കുറയ്ക്കാൻ ആഹാരനിയന്ത്രണം, വ്യായാമം എന്നിവ ശീലമാക്കും മുമ്പ് വൈദ്യപരിശോധന നടത്തിയിരിക്കണമെന്നാണ് പട്ടം എസ്.യു.ടി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ.ധന്യ വി.ഉണ്ണികൃഷ്ണൻ പറയുന്നത്. ബി.പി, കൊളസ്‌ട്രോൾ, തൈറോയ്ഡ്,hba1c ലെവൽ എന്നിവ അറിഞ്ഞതിന് ശേഷമേ ഡയറ്റും വ്യായാമവും തുടങ്ങാവൂ എന്നും ഇക്കാര്യങ്ങൾക്ക് മരുന്ന് കഴിക്കുന്നവരാണെങ്കിൽ അക്കാര്യം ട്രെയിനറോട് വ്യക്തമാക്കണമെന്നും അവർ വ്യക്തമാക്കുന്നു. വിഷാദം, ഉറക്കക്കുറവ് എന്നിവയുള്ളവരും അതിനുള്ള ചികിത്സ തേടിയതിന് ശേഷം വേണം ഡയറ്റും വ്യായാമവും ആരംഭിക്കാൻ.

ഇനി ഡയറ്റിങ്ങിന്റെ കാര്യമാണെങ്കിലും ഒരു കാരണവശാലും ഡയറ്റ് പ്ലാനുകൾ സ്വയം തയ്യാറാക്കരുതെന്നാണ് മുതിർന്ന ഡയറ്റീഷ്യൻ ഉഷ മധുസൂദനൻ മുന്നറിയിപ്പ് നൽകുന്നത്. നിരവധി ഡയറ്റ് പ്ലാനുകളുണ്ടെങ്കിലും ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയ ഡയറ്റ് പ്ലാൻ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഡയറ്റ് ആരംഭിച്ചാൽ ചെറിയ ക്ഷീണം ഉണ്ടാവുന്നത് സാധാരണമാണെങ്കിലും കഠിനമായ ക്ഷീണം, തലവേദന, മറ്റ് പ്രശ്‌നങ്ങൾ എന്നിവ കണ്ടാൽ വിദഗ്ധ ചികിത്സ തേടാൻ മറക്കരുതെന്നും അവർ കൂട്ടിച്ചേർക്കുന്നു.

എത്ര നാൾ കൊണ്ട് എത്ര തടി കുറയ്ക്കാം എന്നതാവും പലർക്കുമുള്ള മറ്റൊരു സംശയം. ഒരു മാസം കൊണ്ട് പരമാവധി 4-5 കിലോഗ്രാം ഭാരം വരെ കുറയ്ക്കുന്നത് ശാസ്ത്രീയമായ രീതിയാണെന്നും കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ഭാരം കുറയ്ക്കുന്നത് ആരോഗ്യകരമല്ലെന്നും സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനറായ വിപിൻ സേവ്യർ ചൂണ്ടിക്കാട്ടുന്നു. തടി കുറയ്ക്കാൻ സ്വന്തമായി വ്യായാമം ചെയ്യുന്നത് പേശികളുടെ ക്ഷീണത്തിന് ഇടയാക്കുമെന്നും. ഓരോരുത്തരുടെയും ശരീരത്തിന് വേണ്ട വ്യായാമങ്ങൾ പറഞ്ഞു തരാൻ ട്രെയിനർക്ക് മാത്രമേ സാധിക്കൂ എന്നും വിപിൻ കൂട്ടിച്ചേർത്തു.

TAGS :

Next Story