നിങ്ങളൊരു പ്രമേഹരോഗിയാണോ? എങ്കിൽ ഈ ആറ് ഭക്ഷണങ്ങള്‍ ശീലമാക്കു...
ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കറുവപ്പട്ട സഹായിക്കും
ഇഷ്ടപ്പെട്ട ഭക്ഷണത്തോട് പലപ്പോഴും മുഖം തിരിച്ചു നിക്കേണ്ടി വരുന്നവരാണ് പ്രമേഹരോഗികൾ. എല്ലാ ഭക്ഷണങ്ങളും പ്രമേഹരോഗികളുടെ ആരോഗ്യത്തിന് അനുയോജ്യമല്ല എന്നതാണ് ഇതിന് കാരണം. ദൈനംദിന ജീവിതത്തെ ബാധിക്കുന്ന രോഗമായ പ്രമേഹത്തെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ ഭക്ഷണത്തിന്റെ കാര്യത്തിൽ അൽപം ശ്രദ്ധ കൂടുതൽ കൊടുക്കണം.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കാത്ത കുറഞ്ഞ ജിഐ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാനാകും. കൂടാതെ, ചില ഭക്ഷണങ്ങൾക്ക് സ്വാഭാവികമായും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള പ്രവണതയുണ്ട്. പോഷകാഹാര വിദഗ്ധൻ ലവ്‌നീത് ബത്ര നിർദ്ദേശിച്ച പ്രകാരം നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രമേഹ സൗഹൃദ ഭക്ഷണങ്ങളുടെ ഒരു ലിസ്റ്റ് ഇതാ.
നെല്ലിക്ക
കാർബോഹൈഡ്രേറ്റ് മെറ്റബോളിസത്തെ നിയന്ത്രിക്കുന്ന ധാതുവായ ക്രോമിയം അടങ്ങിയതാണ് നെല്ലിക്ക. ഇത് ഇൻസുലിനോട് കൂടുതൽ പ്രതികരിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
വേപ്പില
ഗ്ലൂക്കോസ് ട്രാൻസ്പോർട്ടർ 4 (GLUT4)-ന്റെ നിയന്ത്രണത്തിലൂടെയും ഗ്ലൂക്കോസിഡേസ് പോലുള്ള എൻസൈമുകളെ തടയുന്നതിലൂടെയും വേപ്പിന് ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കാൻ കഴിയും. അതിനാൽ തന്നെ വേപ്പിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കഴിയും.
ഞാവൽ
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ജാംബോളിൻ എന്ന സംയുക്തം അടങ്ങിയ ഒരു പഴമാണ് ഞാവൽ. പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മികച്ച പഴങ്ങളിൽ ഒന്നാണ് ഞാവൽ.
കറുവപ്പട്ട
ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ബയോട്ടിക്ക് ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് കറുവപ്പട്ട. ഇവ ദഹന ആരോഗ്യത്തിനും ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് ഗ്ലൂക്കോസും എൽ.ഡി.എൽ കൊളസ്ട്രോളും കുറക്കാൻ സഹായിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കുന്ന ഒരു സുഗന്ധവ്യഞ്ജനം കൂടിയാണ് കറുവപ്പട്ട.
കയ്പക്ക
ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് കയ്പക്ക. കാരണം, കയ്പേറിയ കയ്പക്കക്ക് ഇൻസുലിൻ പോലെ പ്രവർത്തിക്കുന്ന ഗുണങ്ങളുണ്ട്, ഇത് ഊർജ്ജത്തിനായി കോശങ്ങളിലേക്ക് ഗ്ലൂക്കോസിനെ എത്തിക്കാൻ സഹായിക്കുന്നു.
ഫ്ളാക്സ് സീഡുകൾ
നാരുകൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, ലിഗ്നാൻസ് എന്നിവയുടെ ഉറവിടമാണ് ഫ്ളാക്സ് സീഡുകൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും അവ സഹായിച്ചേക്കാം.
ഇത്തരം ഭക്ഷണങ്ങള്‍ ദൈനംദിന ഭക്ഷണക്രമത്തിൽ ഉള്‍പ്പെടുത്തുന്നതിനൊപ്പം ശരിയായ രീതിയിൽ മരുന്നും വ്യായാമവും ജീവിതശൈലിയും പാലിക്കേണ്ടതും അത്യാവശ്യമാണ്.
Adjust Story Font
16