സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങള്‍..? എങ്കിൽ മനസിനൊപ്പം നിങ്ങളുടെ ആരോഗ്യവും ഓക്കെയാണ്..
ക്രമരഹിതമായ ഭക്ഷണക്രമങ്ങള്‍ ഇല്ലാതാക്കാൻ സന്തോഷകരമായ നിമിഷങ്ങള്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്
നമ്മളിൽ പലർക്കും ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്ന കാര്യങ്ങളിൽ ഒന്ന് ഭക്ഷണം കഴിക്കുന്നതാണ്. ജീവിതത്തിൽ സന്തോഷം ലഭിക്കുന്ന സമയത്ത് നല്ല ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരുമുണ്ട്. ഭക്ഷണവേളകൾ ആസ്വാദ്യകരമായ അനുഭവമാക്കി മാറ്റുമ്പോള്‍ മനസിന് ലഭിക്കുന്ന സന്തോഷത്തോടൊപ്പം ആരോഗ്യകരമായ ചില ഗുണങ്ങള്‍ കൂടിയുണ്ട്. കൃത്യമായ രീതിയിൽ ഭക്ഷണം ദഹിക്കാനും ക്രമരഹിതമായ ഭക്ഷണക്രമം ഇല്ലാതാക്കാനും സന്തോഷകരമായ ഈ നിമിഷങ്ങള്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ആനന്ദത്തിനായി ഭക്ഷണം കഴിക്കുന്നതിനു പിന്നിലെ മനശാസ്ത്രം
ആനന്ദത്തിനായി ഭക്ഷണം കഴിക്കുന്നതിനു പിന്നിലെ ശാസ്ത്രത്തെക്കുറിച്ച് വർഷങ്ങളായി പഠനങ്ങള്‍ നടക്കുകയാണ്. ഭക്ഷണം കഴിക്കുന്ന ഒരാളിൽ ഉണ്ടാകുന്ന സന്തോഷം അയാളുടെ വായിലും തലച്ചോറിലും നിലനിൽക്കുമെന്നാണ് പറയുന്നത്. വൈസ് ഹാർട്ട് ന്യൂട്രീഷൻ ആൻഡ് വെൽനസിന്റെ തെറാപ്പിസ്റ്റും ഡയറ്റീഷ്യനുമായ അലെറ്റ സ്റ്റോർച്ച് പറയുന്നതനുസരിച്ച് സന്തോഷം, ശാന്തത, പ്രചോദനം, ശ്രദ്ധ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്ന ഫീൽ ഗുഡ് ഹോർമോൺ ആണ് ഡോപാമൈൻ. നല്ല ഭക്ഷണം ലഭിക്കുന്ന സമയത്ത് ഡോപാമൈൻ നമുക്ക് സന്തോഷവും നൽകുന്നു.
2011 ൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നതനുസരിച്ച് അമിതവണ്ണമുള്ള ആളുകൾ ഡോപാമൈൻ സംവേദനക്ഷമതയിൽ തടസം ഉണ്ടാകാം. ഇത് ഭക്ഷണത്തിൽ നിന്ന് മതിയായ ആനന്ദം നേടുന്നതിന് കാരണമാകുകയും അവരെ അമിതമായി കഴിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. എന്നാൽ മസ്തിഷ്കം ശരിയായി പ്രവർത്തിക്കുമ്പോൾ ഭക്ഷണത്തെ ആസ്വദിക്കുന്നത് ശാരീരിക നേട്ടങ്ങൾക്ക് ഇടയാക്കും.
നമ്മൾ കഴിക്കുന്ന ഭക്ഷണം ആസ്വദിക്കുകയും ഡോപാമൈൻ ഉത്തേജിപ്പിക്കുകയും ചെയ്യുമ്പോൾ ഉപാപചയ പ്രക്രിയ കൃത്യമായി നടക്കുന്നു. സന്തോഷത്തോടെ ഭക്ഷണം കഴിച്ചതിന് ശേഷം വിശ്രമിക്കുമ്പോള്‍ നമ്മുടെ നാഡീവ്യൂഹം വിശ്രമത്തിലേക്കും ഡൈജസ്റ്റ് മോഡിലേക്കും പോകുന്നു. ഇത് ഭക്ഷണങ്ങളിൽ നിന്നുള്ള പോഷകങ്ങൾ കൃത്യമായി ഉപയോഗിക്കാൻ സഹായിക്കും.
സന്തോഷത്തിനായി ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ഭക്ഷണത്തെ പ്രോത്സാഹിപ്പിക്കും.
ഭക്ഷണ ആസ്വാദനവും ആരോഗ്യകരമായ ഭക്ഷണക്രമവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടത്തിയ 119 പഠനങ്ങളിൽ ഭൂരിഭാഗം പഠനങ്ങളും പറയുന്നതനുസരിച്ച് സന്തോഷത്തിനായി ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ഭക്ഷണത്തെ പ്രോത്സാഹിപ്പിക്കും.
നല്ല ഭക്ഷണ സമയങ്ങള്‍ ഉണ്ടാകുന്നത് ആളുകളുമായി നല്ല ബന്ധം ഉണ്ടാക്കാൻ സഹായിക്കുന്നു. ഭക്ഷണ സമയം ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭക്ഷണത്തിനോടും മടുപ്പ് തോന്നും. ഇത് ആരോഗ്യത്തെയും ബാധിക്കും. നല്ല ഭക്ഷണം ഒരു ദിവസത്തെ മുഴുവൻ സന്തോഷത്തോടെ ഇരിക്കാൻ സഹായിക്കും. മോശം ഭക്ഷണം വിപരീത ഫലവും നൽകും. എന്നാൽ എല്ലായിപ്പോഴും എല്ലാ ഭക്ഷണങ്ങളും കഴിക്കരുത്. ആരോഗ്യകരമായ കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും ശ്രദ്ധാലുക്കളായിരിക്കണം. വൈറ്റമിനും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാൻ ശ്രമിക്കണം.
സ്‌ട്രെസ് ഈറ്റിങ് ഡിസോഡർ
വൈകാരികമായി ഭക്ഷണത്തെ കാണുന്നവരും നിരവധിയാണ്. എന്നാൽ ഇത് എല്ലായിപ്പോഴും നല്ലതല്ല. അതായത് സങ്കടം, ടെൻഷൻ എന്നിവ അനുഭവപ്പെടുമ്പോള്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് അത്ര നല്ലതല്ല. കുറഞ്ഞ നേരത്തേക്ക് മാത്രം നീണ്ടു നിൽക്കുന്ന വികാരങ്ങളെ ഇല്ലാതാക്കാൻ വേണ്ടി വലിയ വിപത്ത് ക്ഷണിച്ചു വരുത്തുന്നവരാണ് ഇത്തരക്കാർ. ടെൻഷൻ അടിക്കുന്ന സമയത്ത് ആരോഗ്യകരമാണോ എന്ന് പോലും നോക്കാതെ ചുറ്റുമുള്ളതെല്ലാം കഴിക്കുന്നത് നാളെ നിങ്ങള്‍ക്ക് ദോഷകരമായി ബാധിച്ചേക്കാം എന്ന തിരിച്ചറിവ് അത്യാവശ്യമാണ്.
അനാരോഗ്യകരമായ ഇത്തരം ഭക്ഷണം കഴിക്കൽ ശരീരഭാരം വർധിപ്പിക്കുകയും ചെയ്തു. ഇത് പിന്നീട് നിങ്ങളുടെ ഉറക്കം എന്നെന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്യും. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നതിന് പിന്നിലെ കാരണങ്ങൾ തിരിച്ചറിയാൻ കഴിയുമെങ്കിൽ നിങ്ങൾക്കും ഈ ശീലം ഉപേക്ഷിക്കാം.
സ്‌ട്രെസ് ഈറ്റിങ് ഡിസോഡർ നിങ്ങളുടെ അസ്വസ്ഥമാക്കുന്ന പ്രശ്നത്തിന് പരിഹാരമാകില്ലെന്ന് മനസിലാക്കുകയാണ് അതിന് ആദ്യം വേണ്ടത്. ടെൻഷൻ കൂടുമ്പോഴും മാനസിക സംഘർഷം അനുഭവിക്കുമ്പോഴോ ഭക്ഷണം കഴിക്കുന്നത് കോർട്ടിസോളിന്റെ അളവ് വർധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് ഗ്രെലിൻ ഹോർമോണിന്റെ വർധനവിന് കാരണമാകുന്നു. ഗ്രെലിൻ ഹോർമോൺ കാർബോഹൈഡ്രേറ്റുകളോടും മധുരപലഹാരങ്ങളോടും ആസക്തി കൂട്ടുകയും ഇതുവഴി അമിതഭാരം ഉണ്ടാകുകയും ചെയ്യുന്നു.
പലപ്പോഴും മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോഴാണ് അനാവശ്യമായ ഉത്കണ്ഠയിലും സമ്മർദത്തിലും മനുഷ്യനെ കൊണ്ടെത്തിക്കുന്നത്. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് ഒഴിവാക്കണമെന്നും അതുവഴി മാനസിക സംഘർഷങ്ങൾ കുറക്കാനും സ്‌ട്രെസ് ഈറ്റിങ് ഇല്ലാതാക്കാനും സാധിക്കും.
പ്രതിവിധി
. ഏത് സമയത്താണ് ഭക്ഷണം കഴിക്കാൻ തോന്നുന്നതെന്ന് കണ്ടെത്തി ആ സാഹചര്യത്തിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കുക
. പെട്ടന്ന് കഴിക്കാൻ പാകത്തിന് അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ വീട്ടിൽ സൂക്ഷിക്കാതിരിക്കുക
. പോഷകപ്രദമായ ഭക്ഷണങ്ങള്‍ വീട്ടിൽ സൂക്ഷിക്കുക
. യോഗ, ധ്യാനം പോലുള്ള കാര്യങ്ങളിലൂടെ വികാരങ്ങളെ അടക്കാൻ ശ്രമിക്കുക
Adjust Story Font
16