Quantcast

കോവിഷീല്‍ഡ് അപകടകാരിയോ?

മൂന്നു വർഷങ്ങൾ മുൻപ്, കോവിഡ് രോഗം ലോകം മുഴുവൻ ഉണ്ടാക്കിയ ഭീതിജനകമായ അവസ്ഥയും കൂട്ടമരണങ്ങളുടെ ഭീതിയും നമ്മൾ ഒരു പക്ഷെ മറന്നു തുടങ്ങിയിട്ടുണ്ടാവും

MediaOne Logo

Web Desk

  • Updated:

    2024-05-01 06:57:08.0

Published:

1 May 2024 6:56 AM GMT

covishield vaccine
X

കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടെന്ന് നിര്‍മാതാക്കളായ അസ്ട്രസെനക തുറന്നുസമ്മതിച്ചത് പൊതുജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്. കോവിഷീൽഡ് വാക്സിൻ അത്യപൂർവമായി TTS (Thromobocytopenic thrombotic syndrome) എന്ന രക്തം കട്ട പിടിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാക്കാം എന്നതാണ് പുതിയ കണ്ടെത്തല്‍. വാക്സിനുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഡോ. നവ്യ തൈക്കാട്ടില്‍. ഇന്‍ഫോ ക്ലിനിക് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ്

സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി, പുതിയ ഒരു സെൻസേഷണൽ കണ്ടെത്തലായി വാർത്തകൾ അവതരിപ്പിക്കുന്നത് ഇപ്പോൾ അപൂർവ്വമല്ല. അസ്‌ട്ര സെനക്ക എന്ന വാക്സിൻ കമ്പനി കോടതിയിൽ നൽകിയ റിപ്പോർട്ട് ആണ് ഇപ്പൊൾ ഇത്തരത്തിൽ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. കോവിഷീൽഡ് വാക്സിൻ (റിക്കോമ്പിനൻറ് വെക്ടർ വാക്സിൻ), അത്യപൂർവമായി TTS (Thromobocytopenic thrombotic syndrome) എന്ന രക്തം കട്ട പിടിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാക്കാം എന്നത് പുതിയ ഒരു കണ്ടെത്തൽ അല്ല. 2021ൽ തന്നെ വിവിധ കോവിഡ് വാക്‌സിനുകളുടെ അപൂർവ്വമായെങ്കിലും ഉണ്ടാവാനിടയുള്ള ആരോഗ്യപ്രശ്നങ്ങളെ ക്കുറിച്ചുള്ള പഠനങ്ങളിൽ ഈ അപൂർവ്വ സാധ്യത, കൃത്യമായ കണക്കുകളോടെ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് ശാസ്ത്ര ലോകത്തിന് അറിവുള്ളതും ആണ്. മറ്റൊരു വിഭാഗമായ mRNA കോവിഡ് വാക്സിനുകൾക്ക് അത്യപൂർവമായി മയോപെരിക്കാർഡൈറ്റിസ് എന്ന ആരോഗ്യ പ്രശ്നം ഉണ്ടാവാം എന്നതും അക്കാലത്ത് തന്നെ പ്രസിദ്ധപെടുത്തിയതാണ്. ഇതെല്ലാം കണക്കിലെടുത്ത് തന്നെയാണ് വികസിത രാജ്യങ്ങൾ അടക്കമുള്ള ലോകരാജ്യങ്ങൾ തങ്ങളുടെ മുഴുവൻ പൗരന്മാർക്കും വാക്സിനുകൾ നൽകിയത്.

മൂന്നു വർഷങ്ങൾ മുൻപ്, കോവിഡ് രോഗം ലോകം മുഴുവൻ ഉണ്ടാക്കിയ ഭീതിജനകമായ അവസ്ഥയും കൂട്ടമരണങ്ങളുടെ ഭീതിയും നമ്മൾ ഒരു പക്ഷെ മറന്നു തുടങ്ങിയിട്ടുണ്ടാവും. ലക്ഷകണക്കിന് ആളുകൾക്ക് വാക്സിൻ കൊടുക്കുമ്പോൾ രണ്ടോ മൂന്നോ പേർക്ക് വരാൻ സാധ്യതയുള്ള അത്യപൂർവ്വമായ TTS എന്ന രക്തം കട്ട പിടിക്കുന്ന അവസ്ഥയെകരുതി, ഉയർന്ന മരണനിരക്കും ഗുരുതരാവസ്ഥയും ഉണ്ടാക്കുന്ന അന്നത്തെ കോവിഡ് വൈറസിൽ (ഡെൽറ്റ വകഭേദം) നിന്നും സാമാന്യം ഉയർന്ന സംരക്ഷണം നൽകുമെന്ന് തെളിയിക്കപ്പെട്ട വാക്സിൻ, ഒരു സമൂഹത്തിന് നൽകാതിരുന്നെങ്കിൽ അതിനന്നു വലിയ വില കൊടുക്കേണ്ടി വന്നേനെ.

ആധുനിക വൈദ്യശാസ്ത്രത്തിനും, വാക്സിൻ നിർമ്മാണത്തിനും കൃത്യമായ ശാസ്ത്രീയ രീതികൾ ഉണ്ട്. പ്രതികൂലമായ ആരോഗ്യ പ്രശ്‌നങ്ങൾ എന്തെങ്കിലും മരുന്നോ, വാക്സിനോ മൂലം ഉണ്ടാകുമോ എന്ന് പല ഘട്ടത്തിലുള്ള പഠനങ്ങളിലൂടെ പഠിക്കുകയും, അവയുടെ തോത് കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യും.

അത്യപൂർവമായി ഒന്നോ രണ്ടോ വ്യക്തികൾക്ക് ഉണ്ടായേക്കാവുന്ന പ്രതികൂലമായ ആരോഗ്യപ്രശനങ്ങൾ കണ്ടെത്തിയാൽ, അവ തുറന്നു പറയുകയും, വാക്സിൻ മൂലമുള്ള ബുദ്ധിമുട്ടും, രോഗം മൂലം ഉണ്ടാകുന്ന മരണത്തിൻ്റെയും ഗുരുതരാവസ്ഥയുടെയും തോതുമായി, സ്റ്റാറ്റിസ്റ്റിക്കൽ താരതമ്യം ചെയ്യുകയും ചെയ്യും (റിസ്ക് ബെനഫിറ്റ് അനാലിസിസ്). ഭൂരിഭാഗം ജനങ്ങളുടെയും ജീവൻ രക്ഷിക്കുമെന്ന് കണ്ടെത്തിയാൽ, അത്യപൂർവമായ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത അറിഞ്ഞു കൊണ്ട് തന്നെ, അത് ഒരു പൊതു ജനാരോഗ്യ പോളിസി ആയി അംഗീകരിക്കുകയും ചെയ്യും. ഏതു കോടതിയിലും, അതിനാൽ തന്നെ ശാസ്ത്രീയമായി കണ്ടെത്തിയ കാര്യങ്ങൾ ചോദിച്ചാൽ, പഠന റിപ്പോർട്ട് സഹിതം, അത് കമ്പനി നൽകുന്നു എന്നത് വിമർശിക്കപ്പെടേണ്ട കാര്യമല്ല.

കോവിഡ് ന്യുമോണിയ മൂലം നേരിട്ടുള്ള മരണങ്ങൾ മാത്രമല്ല, കോവിഡാനന്തരം ഉണ്ടാവുന്ന രക്തം കട്ട പിടിക്കുന്ന അവസ്ഥ, (സ്ട്രോക്ക്, പൾമനറി എംബോളിസം, ഡി. വി. ടീ തുടങ്ങിയവ), ലോങ്ങ് കോവിഡ് എന്നറിയപ്പെടുന്ന ദീർഘകാലത്തോളം നിൽക്കുന്ന പലവിധ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിൽ നിന്നും വാക്സിൻ ഒരു പരിധിവരെ സംരക്ഷണം നൽകും എന്നത പഠനങ്ങളിലൂടെ കണ്ടെത്തിയതാണ്.

ശാസ്ത്രീയമായ വാക്സിൻ പഠനങ്ങൾ ഒരിക്കലും നിലയ്ക്കുന്നില്ല, അതൊരു തുടർ പ്രക്രിയയാണ്. വാക്സിൻ നൽകി തുടങ്ങിയ ശേഷവും നിരീക്ഷണപഠനങ്ങൾ കാലങ്ങളോളം തുടരുകയും, ഏതെങ്കിലും പ്രായ വിഭാഗത്തിനോ, രോഗാവസ്ഥയുള്ളവരിലോ, പ്രത്യേക വിഭാഗങ്ങളിലോ റിസ്ക് ബെനഫിറ്റ് പഠനങ്ങളിൽ, റിസ്ക് ആണ് ഫലത്തേക്കാൾ അധികം എന്ന് തെളിവുകൾ വന്നാൽ, അത് അടിസ്ഥാനപ്പെടുത്തി മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തുകയും ചെയ്യും. പുതിയ ഒരു പാൻഡമിക്ക് വൈറസിനെ തിരിച്ചറിഞ്ഞതിൻ്റെ ആഴ്ചകൾക്കുള്ളിൽ, അതിൻ്റെ ജനിതക ഘടന മുഴുവനും കണ്ടെത്തുകയും, വാക്സിൻ ചരിത്രത്തിൽ ഇത് വരെ ഇല്ലാത്ത വേഗതയിൽ വാക്സിന് വേണ്ടി ഗവേഷണങ്ങൾ ഊർജ്ജിതപ്പെടുത്തുകയും ഒരു വർഷത്തിനുള്ളിൽ ഫലപ്രാപ്തിയുള്ള വിവിധ വാക്സിൻ കാൻഡിഡേറ്റുകൾ വികസിപ്പിക്കപ്പെട്ടതും എക്കാലത്തെയും ചരിത്രമാണ്.

ഭൂരിഭാഗം ആളുകൾ വാക്സിൻ എടുത്തത് വഴി, കൊവിഡ് രോഗത്തിൽ നിന്നുള്ള മരണനിരക്ക് ഗണ്യമായി കുറയുകയും ഒമിക്രോൺ പോലെയുള്ള താരതമ്യേന മരണ നിരക്ക് കുറഞ്ഞ വകഭേദങ്ങൾ വരികയും ചെയ്തതോടെ, ചെറുപ്പക്കാരും പൂർണ്ണ ആരോഗ്യമുള്ളവരും മരിച്ചു വീണ ആദ്യകാല കോവിഡ് ഭീകരാവസ്ഥ നമ്മൾ മറന്നു. പഠനങ്ങളിൽ കണ്ടെത്തുന്ന അത്യപൂർവമായ ആരോഗ്യ പ്രശ്നങ്ങൾ പോലും രേഖപ്പെടുത്തുകയും അതിനു ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്ന രീതി ശാസ്ത്രത്തിൻ്റെതാണ്. അത് സുതാര്യമാണ്. അത് സ്വീകരിക്കപ്പെടേണ്ടതുമാണ്.

TAGS :

Next Story