Quantcast

ഈ ഭക്ഷണങ്ങളോട് നോ പറയാം... കൊളസ്‌ട്രോളിനെ പടിക്കു പുറത്താക്കാം

ഹൃദ്രോഗങ്ങളുടെ പ്രധാന കാരണവും ഉയർന്ന അളവിലുള്ള കൊളസ്‌ട്രോളാണ്

MediaOne Logo

Web Desk

  • Updated:

    2022-08-30 11:07:45.0

Published:

30 Aug 2022 10:24 AM GMT

ഈ ഭക്ഷണങ്ങളോട് നോ പറയാം... കൊളസ്‌ട്രോളിനെ പടിക്കു പുറത്താക്കാം
X

മനുഷ്യശരീരത്തിലെ കോശസ്തരങ്ങളുടെ നിർമാണത്തിന് സഹായിക്കുന്ന മെഴുകുപോലെയുള്ള തന്മാത്രയാണ് കൊളസ്‌ട്രോൾ. ഹോർമോണുകൾ, വിറ്റാമിൻ ഡി, കൊഴുപ്പ് ദഹനത്തിന് ആവശ്യമായ പിത്തരസം എന്നിവയുടെ നിർമ്മാണത്തിന് ഇത് അത്യന്താപേക്ഷിതമാണ്. ഇതിൽ തന്നെ നല്ല കൊളസ്‌ട്രോളും (ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (HDL) ചീത്ത കൊളസ്‌ട്രോളുമുണ്ട് (ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ (LDL). രണ്ടും ശരീരത്തിന് ആവശ്യമാണ്. ഇതിൽ ചീത്ത കൊളസ്‌ട്രോൾ ഉയരുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. ഹൃദ്രോഗങ്ങളുടെ പ്രധാന കാരണമവും ഉയർന്ന അളവിലുള്ള കൊളസ്‌ട്രോളാണ്. ചില ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ ശരീരത്തിൽ അടിഞ്ഞുകൂടാൻ ഇടയാക്കും. ഇവ ഏതെക്കെയാണെന്ന് തിരിച്ചറിഞ്ഞ് മാറ്റി നിർത്താം.


റെഡ് മീറ്റ്

ബീഫ്, പന്നി, ആട്ടിറിച്ചി തുടങ്ങിയ ചുവന്ന മാംസങ്ങളിൽ പൂരിത കൊഴുപ്പിന്റെ അംശം കൂടുതലാണ്. എന്ന് കരുതി ഇത് ഒട്ടും കഴിക്കരുത് എന്നല്ല. ഇത് ശരീരത്തിന് ആവശ്യമായ ഒന്നു കൂടിയാണ്.റെഡ് മീറ്റുകൾ കഴിക്കുന്നതിന്റെ അളവ് കുറച്ചില്ലെങ്കിൽ ചീത്തകൊളസ്‌ട്രോൾ അടിഞ്ഞുകൂടും. കൊളസ്ട്രോള്‍ ഉള്ളവര്‍ ഏറ്റവും കൂടുതല്‍ നിയന്ത്രിക്കേണ്ട ഭക്ഷണം കൂടിയാണ് റെഡ് മീറ്റ്.


കേക്കുകൾ,ബ്രഡുകൾ

ബേക്ക് ചെയ്‌തെടുത്ത ഭക്ഷണ പദാർഥങ്ങൾ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. കേക്കുകൾ, ബ്രഡുകൾ,കുക്കീസുകൾ ഇവയൊക്കെ ഏറെ രുചികരമായതിനാൽ എല്ലാവർക്കും ഇഷ്ടവുമാണ്. എന്നാൽ ഇവ ഒരു പരിധിയിൽ കൂടുതൽ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അമിതമായ അളവിൽ വെണ്ണ , പഞ്ചസാര,മൈദ തുടങ്ങിയവ ഈ ഭക്ഷണങ്ങളില്‍ ചേർക്കുന്നുണ്ട്. കേക്കുകളും കുക്കീസുകളുമടക്കമുള്ള ബേക്ക് ചെയ്‌തെടുക്കുന്ന പലഹാരങ്ങൾ കൂടുതൽ കഴിക്കുന്നത് കൊളസ്‌ട്രോൾ വർധിപ്പിക്കും.കൊളസ്‌ട്രോൾ കൂടുതലുള്ളവർ ഈ ഭക്ഷണപദാർഥങ്ങൾ തീർച്ചയായും ഒഴിവാക്കേണ്ടതാണ്.


ഫാസ്റ്റ് ഫുഡ്

ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി എന്നിവയുൾപ്പെടെയുള്ള വിവിധ വിട്ടുമാറാത്ത രോഗങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്നാണ് ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗം. ഫാസ്റ്റ് ഫുഡ് കഴിക്കുന്നവർക്ക് കൊളസ്‌ട്രോൾ, കുടവയർ,രക്തസമ്മർദം എന്നിവ കൂടുതലായി കണ്ടുവരുന്നു.

ഫാസ്റ്റ് ഫുഡുകൾ കഴിക്കുന്നത് കുറയ്ക്കുകയും വീട്ടിലുണ്ടാക്കുന്ന ഭക്ഷങ്ങൾ ശീലമാക്കുന്നതും നിങ്ങളുടെ ശരീരം ഭാരം കുറക്കാനും, കൊഴുപ്പ് കുറക്കാനും ഹൃദ്രോഗസാധ്യത ഇല്ലാതാക്കാനും സഹായിക്കും.


എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണം

എണ്ണയിൽ പൊരിച്ചെടുത്ത ഭക്ഷണങ്ങളുടെ രുചി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഒരിക്കൽ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്നതാണ് ഇത്തരം ഭക്ഷണങ്ങൾ. എന്നാൽ ഇത് ശരീരത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങൾ കുറച്ചൊന്നുമല്ല. ചീത്ത കൊളസ്‌ട്രോളിന്റെ വലിയൊരു ഉറവിടമാണ് ഇത്തരത്തിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ. ഇത് നിങ്ങളുടെ ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും മറ്റ് പല തരത്തിലും ആരോഗ്യത്തിന് ഹാനികരമാകുകയും ചെയ്യും. എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ സ്ഥിരമായി അമിത അളവിൽ കഴിക്കുന്നവരിൽ ഹൃദ്രോഗം, പൊണ്ണത്തടി, പ്രമേഹം എന്നിവ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

സംസ്‌കരിച്ച മാംസം

സോസേജ്, ഹോട്ട് ഡോഗ് തുടങ്ങിയ സംസ്‌കരിച്ച മാംസങ്ങളിൽ കൊളസ്‌ട്രോൾ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇവ കൂടുതലായി കഴിക്കുന്നവരിൽ ഹൃദ്രോഗവും വൻകുടലിലെ കാൻസർ പോലുള്ള ചില മാരകരോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.


ഡെസേർട്ടുകൾ

ഡെസേർട്ടുകൾ അത് എന്തുമായിക്കൊള്ളട്ടെ, കേക്കുകൾ, ഐസ്‌ക്രീം, പേസ്ട്രികൾ, മറ്റ് മധുരപലഹാരങ്ങൾ ഇവ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ പഞ്ചസാരകൾ, ദോഷകരമായ കൊഴുപ്പുകൾ, കലോറികൾ എന്നിവയും ഇത്തരം ഭക്ഷണങ്ങളിൽ കൂടുതലാണ്. ഇവ പതിവായി കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും കാലക്രമേണ ശരീരഭാരം വർധിപ്പിക്കുകയും ചെയ്യും. പഞ്ചസാര അമിതമായി ഇടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം, മാനസിക വൈകല്യങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ട് ഇവയും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കി നിർത്തുന്നത് ചീത്ത കൊളസ്‌ട്രോളിനെ അകറ്റിനിർത്താൻ സഹായിക്കും.

TAGS :

Next Story