Quantcast

യാത്ര ചെയ്യുമ്പോൾ തലകറക്കവും ഛർദിയും ഉണ്ടോ?; ഇവ കൈയിൽ കരുതിക്കോളൂ...

മോഷൻ സിക്ക്‌നസ് പലപ്പോഴും യാത്രയുടെ സന്തോഷം തന്നെ കെടുത്താറുണ്ട്

MediaOne Logo

Web Desk

  • Published:

    31 Aug 2023 8:44 AM GMT

Ayurvedic Remedies,Ayurveda,natural treatments,Ayurvedic Remedies To Keep By  Side To Prevent Motion Sickness,മോഷന്‍ സിക്നസ്,യാത്രയിലെ ബുദ്ധിമുട്ടുകള്‍,ആയുര്‍വേദ പരിഹാരം,Motion SicknessAyurvedic Remedies,health news malayalam
X

പ്രതീകാത്മക ചിത്രം

ദീര്‍ഘദൂര യാത്രയായിക്കൊള്ളട്ടെ, ചെറിയ ബസ് യാത്രയായിക്കൊള്ളട്ടെ... വാഹനത്തില്‍ കയറിയാല്‍ തലകറക്കവും ഛർദിയും തലവേദനയുമടക്കമുള്ള ബുദ്ധിമുട്ടുകൾ കൊണ്ട് വലയുന്നവര്‍ ഏറെയാണ്. മോഷൻ സിക്ക്‌നസ് എന്നറിയപ്പെടുന്ന ഇവ പലപ്പോഴും യാത്രയുടെ സന്തോഷം തന്നെ കെടുത്തും. ഇക്കാരണത്താൽ യാത്ര ചെയ്യാൻ പലർക്കും മടിയാണ്. ചില പൊടിക്കൈകൾ സ്വീകരിച്ചാൽ മോഷൻ സിക്ക്‌നസ് ഒഴിവാക്കാനാകും. ഇതിനായി ചില ആയുർവേദ പ്രതിവിധികൾ യാത്രയിൽ ഉൾപ്പെടുത്താവുന്നതാണ്. യാത്രയിൽ നിങ്ങൾക്കൊപ്പം കൊണ്ടുപോകാവുന്ന വീട്ടിൽ തന്നെ ലഭിക്കുകയും വലിയ ചെലവില്ലാത്തതുമായ ചില ആയുർവേദ പൊടിക്കൈകള്‍ ഇതാ...


ഇഞ്ചി/ഇഞ്ചി മിഠായികൾ

ഛർദി,മനം പിരട്ടൽ,ഓക്കാനം തുടങ്ങിയവക്ക് ഇഞ്ചി മികച്ച പരിഹാരമായാണ് ആയുർവേദം പറയുന്നത്. യാത്രക്ക് പോകുമ്പോൾ ഒരു കഷ്ണം ഇഞ്ചിയോ അതല്ലെങ്കിൽ ഇഞ്ചി മിഠായിയോ കൈയിൽ കരുതാവുന്നതാണ്. ഇവ ഛർദി,ഓക്കാനം എന്നിവ കുറക്കാൻ സഹായിക്കും. ഇഞ്ചിയുടെ ഊഷ്മളവും തീക്ഷ്ണവുമായ സുഗന്ധവ്യഞ്ജനം ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും വയറുവേദനയെ ശമിപ്പിക്കുകയും ചെയ്യുമെന്ന് ആയുർവേദം പറയുന്നു.


ഏലക്കായ

ഏലക്കായ ഭക്ഷണങ്ങളിൽ രുചിക്ക് ചേർക്കാൻ മാത്രമല്ല, മോഷൻ സിക്‌നസ് കുറക്കാനും സഹായിക്കും. യാത്രക്കിടെ ഒരു ഏലക്കായ ചവക്കുന്നത് നല്ലതാണ്. അതുകൊണ്ട് യാത്ര പോകുമ്പോൾ ഏലക്കായകൾ ബാഗിൽ കരുതിക്കോളൂ..


പുതിന എണ്ണ

ഓക്കാനം അല്ലെങ്കിൽ മനംപിരട്ടലിന് ഏറ്റവും ഫലപ്രദമാണ് പുതിന ഇല. ഇത് വയറിന്റെ അസ്വസ്ഥതകളെ കുറക്കാനും സഹായിക്കും. യാത്രക്ക് ഒരുങ്ങുമ്പോൾ കുറച്ച് പുതിന ഇലയോ അതല്ലെങ്കിൽ പുതിന ഇല എണ്ണയോ ചെറിയ കുപ്പിയിൽ കൊണ്ടുപോകാം. പുതിന എണ്ണ ഇടക്കിടെ മണക്കുന്നത് മോഷൻ സിക്‌നസ് ലക്ഷണങ്ങൾക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കും.


പെരുംജീരകം ടീ ബാഗുകൾ

പെരുംജീരകം ചായ ഓക്കാനം ഒഴിവാക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. യാത്ര ചെയ്യുമ്പോൾ രണ്ട് പെരുംജീരകം ടീ ബാഗുകളും ചൂടുവെള്ളവും കൂടെ കൊണ്ടുപോകുക. അസ്വസ്ഥത തോന്നുമ്പോൾ ചൂടുവെള്ളത്തിൽ ടീ ബാഗ് ഇട്ടുവെച്ച് കുടിക്കാവുന്നതാണ്.

അരോമാതെറാപ്പി ഇൻഹേലർ

പുതിന, ഇഞ്ചി, ഏലം തുടങ്ങിയ അവശ്യ എണ്ണകളുടെ ഏതാനും തുള്ളി ചേർത്ത് ഒരുകുപ്പിയിൽ കൊണ്ടുപോകാം. ഇത് ഇടക്കിടക്ക് മണക്കാം.. ഓക്കാനം, വേദന എന്നിവ വേഗത്തിൽ ഒഴിവാക്കാൻ സഹായിക്കും.

അതേസമയം, ഏതെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുള്ളവരാണെങ്കിൽ യാത്രക്ക് മുമ്പ് ആയുർവേദ ഫിസിഷ്യനെയോ മെഡിക്കൽ വിദഗ്ധനെയോ കണ്ട് ഉപദേശം തേടണം. എല്ലാവർക്കും ഈ മാർഗങ്ങൾ ഫലിച്ചെന്ന് വരില്ല. യാത്രക്ക് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ലഘുഭക്ഷണം കഴിക്കുക, നന്നായി വെള്ളം കുടിക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്യാൻ മറക്കരുത്.

TAGS :

Next Story