നടുവേദനയാണോ? ഇരിപ്പും കിടപ്പും മാത്രമാവില്ല കാരണങ്ങൾ...
പുകവലിക്കുന്നവരിൽ നടുവേദന മറ്റുള്ളവരെ അപേക്ഷിച്ച് മൂന്ന് മടങ്ങ് കൂടുതലാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്
പ്രായഭേദമന്യേ സമീപകാലത്തായി എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് നടുവേദന. ഏറെ നേരം ഒരേ രീതിയിൽ ഇരിക്കുന്നതും കിടപ്പ് ശരിയാവാത്തതുമൊക്കെയാണ് പൊതുവേ നടുവേദനയുടെ കാരണങ്ങളായി പറയപ്പെടുന്നത്. എന്നാൽ ഇതു മാത്രമല്ലാതെ നടുവേദനയിലേക്ക് നയിക്കുന്ന വേറെയും കാരണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...
തെറ്റായ ഭക്ഷണരീതി
ശരീരത്തിന് ഹാനികരമായ ഭക്ഷണം കഴിക്കുന്നതും ശരിയായ ഭക്ഷണരീതി പിന്തുടരാത്തതുമൊക്കെ നടുവേദനയിലേക്ക് നയിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മസിലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിനും, നടുവിലെ കോശങ്ങളുടെ നിർമാണത്തിനുമെല്ലാം ആരോഗ്യപ്രദമായ ഭക്ഷണം ഉള്ളിലെത്തണം. പഴങ്ങളും പച്ചക്കറികളും സാൽമൺ പോലുള്ള മീനുകളുമെല്ലാം ഭക്ഷണത്തിലുൾപ്പെടുത്തിയാൽ നടുവേദനയ്ക്ക് ക്രമേണ പരിഹാരം കാണാം. ക്യാൽസ്യം,ഫോസ്ഫറസ്,വൈറ്റമിൻ ഡി തുടങ്ങിയ പോഷകങ്ങൾ ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.
കമിഴ്ന്ന് കിടക്കാതിരിക്കാം
എപ്പോഴും പുറകു വശം ബെഡിനോട് ചേർത്ത് കിടക്കുന്നതാണ് നടുവിന്റെ ആരോഗ്യത്തിന് നല്ലത്. കമിഴ്ന്ന് കിടന്നുറങ്ങുന്നത് നടുവിനെയും കഴുത്തിനെയും ഒരുപോലെ ബുദ്ധിമുട്ടിക്കും. ഇനി കമിഴ്ന്ന് കിടന്നാണ് ശീലമെങ്കിലും സോഫ്റ്റ് ആയ തലയിണ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. തലയിണ ഒഴിവാക്കുന്നതും ഗുണം ചെയ്യും.
വ്യായാമം മുടക്കരുത്...
ശരീരം ആക്ടീവ് ആയില്ലെങ്കിൽ നടുവേദന ഉണ്ടാവാനുള്ള സാധ്യതയുണ്ട്. നട്ടെല്ലിന്റെ പ്രവർത്തനം സുഗമമാക്കാൻ വയറിന്റെയും പുറകിലെ മസിലിന്റെയും പിന്തുണ ആവശ്യമാണ്. വെയിറ്റ് ലിഫ്റ്റിംഗ് ആണ് നടുവിന്റെ ആരോഗ്യത്തിനായി വിദഗ്ധർ നിർദേശിക്കുന്നത്. സ്‌റ്റെപ് കയറുന്നതും ഗുണം ചെയ്യും. നടക്കുന്നതും സൈക്കിൾ ചവിട്ടുന്നതും നീന്തലുമൊക്കെ ഉപകാരപ്രദമാണ്. എന്നാൽ ഇത് കൃത്യമായി ചെയ്യാൻ ശ്രദ്ധിക്കണം. ആഴ്ചയിലൊന്ന് എന്ന കണക്കിൽ വ്യായാമം ചെയ്യുന്നത് ഗുണം ചെയ്യില്ല.
പുകവലി വേണ്ട
പുകവലിക്കുന്നവരിൽ നടുവേദന മറ്റുള്ളവരെ അപേക്ഷിച്ച് മൂന്ന് മടങ്ങ് കൂടുതലാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പുകവലിക്കുന്നതിലൂടെ എല്ലുകളുടെ ബലം നഷ്ടപ്പെടും. പുകവലിക്കുമ്പോഴുണ്ടാകുന്ന ചുമ പോലും ചിലപ്പോൾ നടുവേദനയുണ്ടാക്കാറുണ്ട്. പുകവലി ശീലമാണെങ്കിൽ, നടുവേദന സ്ഥിരമാണെങ്കിൽ, ആ ശീലം ഒഴിവാക്കുന്നതാവും നല്ലത്.
ഇരുചക്ര വാഹനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം...
നടുവിന് അമിതമായി പണിയെടുക്കേണ്ട അവസ്ഥ ഉണ്ടാക്കാതിരിക്കാൻ ഇരുചക്രവാഹനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. ഹാൻഡിൽ ഒരുപാട് ദൂരത്തിലാവാതിരിക്കുന്നതാണ് നല്ലത്. ശരീരത്തിനനുയോജ്യമായ വാഹനം തിരഞ്ഞെടുക്കുന്നതിന് ഒരു ഫിസിക്കൽ തെറാപിസ്റ്റിനെ സമീപിക്കുന്നത് ഗുണം ചെയ്യും.
കിടക്ക ശരിയായില്ലെങ്കിൽ...
നട്ടെല്ലിന്റെ ആരോഗ്യത്തിന് കിടക്ക സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. കിടക്ക ഒരുപാട് കട്ടിയുള്ളതായാലും ഒരു പരിധിയിൽ കൂടുതൽ സോഫ്റ്റ് ആയാലും നടുവിന് പ്രശ്‌നമാണ്. ശരീരത്തെ സപ്പോർട്ട് ചെയ്യുന്ന തരത്തിലുള്ള കട്ടി കിടക്കയ്ക്കുണ്ടാവണം എന്നാണ് വിദഗ്ധാഭിപ്രായം.
Adjust Story Font
16