ദീപാവലിക്ക് അധികം മധുരം കഴിക്കേണ്ട; പ്രശ്നങ്ങള്‍ ഇവയൊക്കെയാണ്..
കൃത്യമായി വ്യായാമം ചെയ്തിട്ടും പലരും വണ്ണം കുറയാത്തതിന്‍റെ കാരണങ്ങളിലൊന്ന് അമിതായി മധുരം കഴിക്കുന്നതാണ്
സന്തോഷം പങ്കുവെക്കാൻ എപ്പോഴും ആളുകള്‍ ഉപയോഗിക്കുന്ന ഒന്നാണ് മധുരം. ശുഭകാര്യത്തിന് മുൻപ് മധുരം കഴിക്കുന്ന ശീലം നമ്മുടെ ആരോഗ്യത്തിന് അത്ര ശുഭം അല്ലെന്നതാണ് വാസ്തവം. മധുരത്തിന്‍റെ അമിതമായ ഉപഭോഗം പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. ഹൃദയാരോഗ്യത്തെ വരെ ഈ മധുരം മോശമായി ബാധിക്കുമെന്നതാണ് വാസ്തവം.
ദീപാവലിയാണ് വരാനിരിക്കുന്നത്. ദീപങ്ങളുടെ ആഘോഷത്തിൽ മധുരത്തിന്‍റെ പങ്ക് ചെറുതൊന്നുമല്ല. സന്തോഷം പങ്കിടാനും സമ്മാനമായുമൊക്കെ നമുക്ക് ലഭിക്കുന്ന ദീപാവലി സ്വീറ്റ്സ് മുഴുവനും ഒറ്റക്കിരുന്ന് അകത്താക്കുന്നതിന് മുൻപ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
മധുരം അമിതമായി കഴിക്കുന്നത് നാമറിയാതെ പതിയെ പതിയെ നമ്മെ രോഗിയാക്കും. അതുകൊണ്ടു തന്നെ ഭക്ഷണത്തിൽ നിന്നും മധുരത്തെ നിയന്ത്രിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കും. പ്രത്യേകിച്ച് അമിതഭാരമുള്ളവർ മധുരത്തെ അത്രകണ്ട് സ്നേഹിക്കാത്തതാണ് നല്ലത്. മധുരം കഴിക്കുന്നതിലൂടെ വീണ്ടും നിങ്ങളുടെ വണ്ണം കൂടുന്നതിന് കാരണമാകും. കൃത്യമായി വ്യായാമം ചെയ്തിട്ടും പലരും വണ്ണം കുറയാത്തതിന്‍റെ കാരണം അമിതായി മധുരം കഴിക്കുന്നതാണ്.
പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങളും പാനീയങ്ങളും കലോറിയാൽ സമ്പന്നമാണ്, എന്നാൽ പ്രോട്ടീൻ, ഫൈബർ തുടങ്ങിയ പോഷകങ്ങൾ ഇവയിൽ പൊതുവേ കുറവാണ്. ഇക്കാരണത്താൽ മധുരമുള്ള ഭക്ഷണങ്ങൾ കൂടുതലുള്ള ഭക്ഷണക്രമം ശരീരഭാരം വർധിപ്പിക്കാൻ ഇടയാക്കും.
അമിതമായ പഞ്ചസാരയുടെ ഉപയോഗം ഫാറ്റി ലിവർ, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവക്കും കാരണമാകും.
മധുരമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും നിങ്ങളുടെ പല്ലുകള്‍ക്കും ദോഷമാണ്. പഞ്ചസാരയുടെ അമിത ഉപയോഗം കുട്ടികളിലും മുതിർന്നവരിലും പല്ലിലെ കേടുപാടുകള്‍, മോണ രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും. വായിലെ ബാക്ടീരിയകൾ പഞ്ചസാരയെ വിഘടിപ്പിക്കുകയും നിങ്ങളുടെ പല്ലുകൾക്ക് കേടുവരുത്തുന്ന ആസിഡ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നതാണ് ഇതിന് കാരണം.
കരളിന്‍റെ ആരോഗ്യത്തിനും മധുരം ദോഷം ചെയ്യും. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ഉണ്ടാകാനുള്ള സാധ്യത വർധധിപ്പിക്കും.
ഉയർന്ന രക്തസമ്മർദം, ട്രൈഗ്ലിസറൈഡ്, എൽ.ഡി.എൽ കൊളസ്ട്രോളിന്റെ അളവ് എന്നിവയുൾപ്പെടെ ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്ന ജീവിതശൈലി രോഗങ്ങളെ പഞ്ചസാര ഉപയോഗത്തിലൂടെ നാം തന്നെ വിളിച്ച് വരുത്തുകയാണ് ചെയ്യുന്നത്. അധികമായി പഞ്ചസാര കഴിക്കുന്നത് ഹൃദ്രോഗത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതായും പഠനങ്ങൾ കാണിക്കുന്നു. പഞ്ചസാര പരിമിതപ്പെടുത്തുന്ന ഭക്ഷണരീതികൾ ഉയർന്ന ട്രൈഗ്ലിസറൈഡ്, എൽഡിഎൽ കൊളസ്ട്രോൾ തുടങ്ങിയ ഹൃദ്രോഗ സാധ്യത ഘടകങ്ങളെ ഗണ്യമായി കുറയ്ക്കുന്നതായും പഠനങ്ങള്‍ കാണിക്കുന്നു.
ഇതിനെല്ലാം പുറമെ അമിതമായി മധുരം കഴിക്കുന്നതിലൂടെ പ്രമേഹം നിങ്ങളെ വരിഞ്ഞുമുറുക്കുമെന്നതും മറക്കേണ്ട. ജീവിതശൈലി രോഗങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച പ്രമേഹം പിടിപെട്ടാൽ വരാനുള്ള ദീപാവലികളും നിങ്ങള്‍ക്ക് നഷ്ടമാകും. അതിനാൽ ഇന്ന് മുതൽ മധുരത്തെ കൺട്രോളിലാക്കാം...
Adjust Story Font
16