എത്ര ശ്രമിച്ചിട്ടും ഉറക്കം കിട്ടുന്നില്ലേ? കിടക്കും മുമ്പ് ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ...
ഉറക്കക്കുറവ് പലപ്പോഴും വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകുന്നു
രാത്രി നല്ല ഉറക്കം ലഭിക്കുക എന്നത് നമ്മുടെ ആരോഗ്യത്തിനും വളരെ പ്രധാനപ്പെട്ടതാണ്. നല്ല ഉറക്കം ലഭിക്കുന്നത് തലച്ചോറിനെ ആരോഗ്യകരമായി നിലനിർക്കാനും രോഗപ്രതിരോധ ശേഷി ലഭിക്കാനും സഹായിക്കും. എന്നാൽ ഉറക്കക്കുറവ് പലപ്പോഴും വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകുന്നു.
ഏഴുമുതൽ ഒന്‍പത് മണിക്കൂർ വരെ തടസമില്ലാത്ത രാത്രി ഉറങ്ങാനാണ് ഡോക്ടർമാർ ശിപാർശ ചെയ്യുന്നത്. എന്നാൽ തിരക്കുപിടിച്ച ജീവിതവും ജോലി ഭാരവും വീട്ടുജോലികളും അതിലേറെ സോഷ്യൽമീഡിയ ഉപയോഗവുമെല്ലാം പലരുടെയും ഉറക്കം ഇല്ലാതാക്കുകയാണ്. എന്നാൽ രാത്രി നന്നായി ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് ഹെൽത്ത് ലൈൻ റിപ്പോർട്ട് ചെയ്യുന്നു.
ബദാം
മറ്റ് നട്‌സുകളെ അപേക്ഷിച്ച് ബദാം മെലറ്റോണിൻ എന്ന ഹോർമോണിന്റെ ഉറവിടമാണ്. കൂടാതെ മഗ്‌നീഷ്യത്തിന്റെയും മികച്ച ഉറവിടമാണ് ബദാം. ഇത് രണ്ടും നല്ല ഉറക്കം വർധിപ്പിക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.
ഉറക്കത്തെ തടസ്സപ്പെടുത്തുന്ന സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാനും ബദാം സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ട് തന്നെ ഉറങ്ങുന്നതിന് മുമ്പ് ഒരുപിടി ബദാം കഴിക്കുന്നത് നല്ലതെന്നാണ് ആരോഗ്യ വിദഗ്ധരുടെഅഭിപ്രായം.
വാൾനട്ട്
വാൾനട്ട് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. ഇവ മെലറ്റോണിന്റെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും മികച്ച ഉറവിടമാണ്. ഇതിലടങ്ങിയ ഫാറ്റി ആസിഡകളും ഉറക്കത്തിന് സഹായിക്കും
പാലുൽപ്പന്നങ്ങൾ
ഒരു ഗ്ലാസ് പാൽ, കോട്ടേജ് ചീസ്, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങൾ ട്രിപ്‌റ്റോഫാന്റെ അറിയപ്പെടുന്ന ഉറവിടങ്ങളാണ്. പ്രായമായവരിൽ പാൽ കുടിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
വാഴപ്പഴം
വാഴപ്പഴത്തിൽ ട്രിപ്‌റ്റോഫാൻ അടങ്ങിയിട്ടുണ്ട്, കൂടാതെ മഗ്‌നീഷ്യവും മിതമായ അളവിൽ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഗുണങ്ങളും നല്ല ഉറക്കം ലഭിക്കാൻ സഹായിച്ചേക്കാം.
ഓട്സ്
ഓട്സസിൽ കാർബോഹൈഡ്രേറ്റും നാരുകളും അടങ്ങിയിട്ടുണ്ട്. ഓട്‌സ് മെലറ്റോണിന്റെ ഉറവിടമാണ്. ഉറങ്ങുന്നതിനുമുമ്പ് ഇവ കഴിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.
Adjust Story Font
16