വെള്ളം കുടിയൊക്കെ നല്ലത് തന്നെ, പക്ഷേ ഒരുപാട് വേണ്ട; മരണം വരെ സംഭവിക്കാം...
ശരീരഭാരം, കാലാവസ്ഥ, എന്നിവയൊക്കെ കണക്കിലെടുത്താൽ ഓരോരുത്തരുടെയും ഉള്ളിലെത്തേണ്ട വെള്ളത്തിന്റെ അളവിൽ വ്യത്യാസമുണ്ടാകും
ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണെന്ന് നാം സദാ കേൾക്കാറുണ്ട്. എന്നാൽ വെള്ളം അധികമായാൽ മരണം വരെ സംഭവിച്ചേക്കാം എന്ന വസ്തുത അറിയുമോ? എന്നാലങ്ങനെ ഒന്നുണ്ട്. ആവശ്യമായതിലും അധികം വെള്ളം ശരീരത്തിലെത്തിയാൽ ശരീരത്തിന്റെയാകെ പ്രവർത്തനത്തെ അത് ബാധിക്കും എന്നാണ് പഠനം പറയുന്നത്. ഇതെങ്ങനെ ആണെന്ന് നോക്കാം.
ഹൈപ്പൊനേട്രീമിയ എന്ന രോഗാവസ്ഥയാണ് വെള്ളംകുടി അധികമായാൽ ശരീരം നേരിടുന്ന പ്രധാന വെല്ലുവിളി. വെള്ളം ഒരുപാട് ഉള്ളിലെത്തുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കും. ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ഏറ്റവും ആവശ്യമായ ഇലക്ട്രോലൈറ്റുകളിലൊന്നാണ് സോഡിയം. ഹൈപ്പോനേട്രീമിയ ഉണ്ടായാൽ ശരീതരത്തിലെ കോശങ്ങൾ വീർക്കാൻ തുടങ്ങും.
ചെറിയ തലവേദന, ഛർദി, തലചുറ്റൽ എന്നിവയൊക്കെയാണ് ഹൈപ്പോനേട്രീമിയയുടെ പ്രധാന ലക്ഷണങ്ങൾ. ഈ രോഗമുണ്ടായാൽ ശരീരം കോമയിലാവുകയോ ചിലപ്പോൾ മരണം വരെ സംഭവിക്കുകയോ ചെയ്‌തേക്കാമെന്ന് ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആകാശ് ഹെൽത്ത്‌കെയേഴ്‌സിന്റെ ഡയറക്ടർ ഡോ.ഉമേഷ് ഗുപ്തയെ ഉദ്ധരിച്ച് ദി ഹെൽത്ത് സൈറ്റ്.കോം റിപ്പോർട്ട് ചെയ്യുന്നു.
വെള്ളം അധികമായാൽ പ്രശ്‌നമാണ് എന്നതിപ്പോൾ വ്യക്തമായല്ലോ. എന്നാൽ എത്ര വെള്ളമാണ് ശരീരത്തിന് അധികമാകുന്നത് എന്നത് നമുക്കറിയില്ല. 20 മുതൽ 28 ലിറ്റർ വരെ വെള്ളമാണ് കിഡ്‌നിക്ക് പ്രതിദിനം ഫിൽറ്റർ ചെയ്യാനാവുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതിൽ തന്നെ 0.8 മുതൽ 1 ലിറ്റർ വരെ ഓരോ മണിക്കൂറിലും ഫിൽറ്റർ ചെയ്യാനാവും. കിഡ്‌നിക്ക് ഫിൽറ്റർ ചെയ്യാവുന്ന ഈ അളവിലുമധികം വെള്ളമെത്തുമ്പോഴാണ് ഹൈപ്പോനേട്രീമിയ ഉണ്ടാകുന്നത്.
കുറച്ച് സമയം കൊണ്ട് 3-4 ലിറ്റർ വെള്ളമൊക്കെ കുടിക്കുന്നവരിൽ ഹൈപ്പോനേട്രീമിയയുടെ ലക്ഷണങ്ങൾ കണ്ടുവരാറുണ്ടെന്ന് പഠനങ്ങൾ പറയുന്നുണ്ടെങ്കിലും വേനൽക്കാലവും ചൂടുമൊക്കെ ഇതിൽ വ്യത്യാസം വരുത്താം.
കായികവിനോദങ്ങളിലേർപ്പെടുന്ന സമയത്തെ പോലെ ശരീരം നന്നായി വിയർത്തിരിക്കുമ്പോൾ ധാരാളം വെള്ളം കുടിക്കുന്നത് സ്വാഭാവികമാണെങ്കിലും ഇതിനൊപ്പം തന്നെ ഭക്ഷണം വഴിയോ മറ്റ് ഡ്രിങ്കുകൾ വഴിയോ സോഡിയവും ശരീരത്തിലെത്തണം.
എങ്കിലും ചോദ്യമിതാണ്, എത്ര വെള്ളം കുടിക്കാം?
ഒരാളുടെ ശരീരഭാരം, കാലാവസ്ഥ, എന്നിവയൊക്കെ കണക്കിലെടുത്താൽ ഓരോരുത്തരുടെയും ഉള്ളിലെത്തേണ്ട വെള്ളത്തിന്റെ അളവിൽ വ്യത്യാസമുണ്ടാകും. എന്നിരുന്നാലും 19-30 വയസ്സിനിടെയുള്ള പുരുഷന്മാർ 3 ലിറ്റർ വെള്ളം ദിവസേന കുടിക്കണമെന്നാണ് പഠനങ്ങൾ പറയുന്നത്. സ്ത്രീകളിലിത് 2.7 ലിറ്റർ ആകും. ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കണമെന്നൊക്കെ പറയുമെങ്കിലും ഇത് പഠനങ്ങൾ തെളിയിച്ചിട്ടില്ല. എന്തൊക്കെയായാലും ഇനി മറ്റുള്ളവരുടെ അഭിപ്രായം കേട്ട് ആവശ്യത്തിലധികം വെള്ളം കുടിക്കുന്നതിന് മുമ്പ് കിഡ്‌നിക്ക് താങ്ങാവുന്ന വെള്ളത്തിനും പരിധികളുണ്ടെന്നും അധികമായാൽ എന്തും ആപത്താണെന്നും ഓർക്കുക.
Adjust Story Font
16