പി.സി.ഒ.സ് ഓർമശക്തിയെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ...
ക്രമം തെറ്റിയ ആർത്തവം,പൊണ്ണത്തടി, സ്ത്രീകളിലെ അമിത രോമവളർച്ച എന്നിവയ്‌ക്ക് പുറമേ ഹോർമോൺ അസന്തുലിതാവസ്ഥയായ പി.സി.ഒ.എസ് ഉത്കണ്ഠ, സങ്കടം എന്നിവ പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നുണ്ട്
സ്ത്രീകളിൽ ഹോർമോണിന്‍റെ അസന്തുലിതാവസ്ഥമൂലമുണ്ടാകുന്ന രോഗമാണ് പി.സി.ഒ.എസ് അഥവാ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം. ക്രമം തെറ്റിയ ആർത്തവം,പൊണ്ണത്തടി, സ്ത്രീകളിലെ അമിത രോമവളർച്ച എന്നിവയ്‌ക്ക് പുറമേ, ഹോർമോൺ അസന്തുലിതാവസ്ഥയായ പിസിഒഎസ് ഉത്കണ്ഠ, സങ്കടം, ഭക്ഷണ ക്രമക്കേടുകൾ എന്നിവ പോലുള്ള ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുന്നുണ്ട്. ശാരികമായ മാറ്റങ്ങളെക്കാള്‍ മാനസികമായ അസ്വസ്ഥതകളും ഈ സമയത്ത് സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടതായി വരും. ശാരികമായ മാറ്റങ്ങളെക്കുറിച്ചുള്ള വ്യാകുലതകളാണ് കൂടുതലായും ഈ മാനസിക സംഘർഷത്തിന് കാരണം.
ഇപ്പോഴിതാ സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിലെ ന്യൂറോളജി വിഭാഗം നടത്തിയ പഠനം പറയുന്നതനുസരിച്ച് പി.സി.ഒ.എസുള്ള സ്ത്രീകളിൽ ഓർമക്കുറവ്, ശ്രദ്ധക്കുറവ് എന്നിവ ഉണ്ടായേക്കുമെന്നാണ് പറയുന്നത്. പി.സി.ഒ.എസുള്ള സ്ത്രീകൾക്ക് ജീവിത നിലവാരം, കരിയർ വിജയം, സാമ്പത്തിക സുരക്ഷ എന്നിവയുൾപ്പെടെ ജീവിതത്തിന്‍റെ വിവിധ വശങ്ങളിൽ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും കണ്ടെത്തലുകൾ സൂചിപ്പിക്കുന്നുണ്ട്.
പി.സി.ഒ.എസ് ഉള്ള സ്ത്രീകൾക്കിടയിൽ വിഷാദവും ഉത്കണ്ഠയും വ്യാപകമാണ്, പക്ഷേ അത് പലരും ശ്രദ്ധിക്കുകയോ ചികിത്സിക്കുകയോ ചെയ്യുന്നില്ല. അമിതഭാരം, മുഖക്കുരു, വന്ധ്യത എന്നിവ ഉൾപ്പെടുന്ന പി.സി.ഒ.എസിന്റെ ലക്ഷണങ്ങൾ ആത്മവിശ്വാസം കുറക്കുന്നു.
എന്നാൽ ജീവിതശൈലിയിൽ ചില മാറ്റങ്ങള്‍ വരുത്തിയാൽ പി.സി.ഒ.എസ് നിയന്ത്രണത്തിലാക്കാൻ സാധിക്കും. ഇതിന് ഫാസ്റ്റ് ഫുഡുകളോട് നോ പറയുകയാണ് ആദ്യം ചെയ്യേണ്ടത്. മറ്റൊന്ന് നന്നായി വ്യായാമം ചെയ്യുകയാണ്. കൃത്യമായ വ്യായാമം പി.സി.ഒ.എസിന്‍റെ കാഠിന്യം കുറക്കാൻ സഹായിക്കും.
Adjust Story Font
16