ലോകത്തെ മികച്ച ഫ്രൈഡ് ചിക്കൻ വിഭവം; പത്താം സ്ഥാനം കരസ്ഥമാക്കി 'ചിക്കൻ 65'
ഇന്തോനേഷ്യൻ വിഭവമായ അയാം ഗൊറാംഗ് ആണ് പട്ടികയിൽ ഒന്നാം റാങ്ക് നേടിയിരിക്കുന്നത്
ന്യൂയോർക്ക്: നോൺ വെജ് ഭക്ഷണത്തെക്കുറിച്ച് ആലോചിക്കുമ്പോഴേ ആദ്യം മനസിലേക്ക് ഓടിവരുന്നത് ചിക്കൻ വിഭവങ്ങളാണ്. ചിക്കൻ കറിയും ചിക്കൻ ബിരിയാണിയും ചിക്കൻ ഫ്രൈയുമെല്ലാം നോൺവെജ് പ്രേമികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളാണ്. ഫ്രൈഡ് ചിക്കനുകളിൽ ഏറ്റവും കൂടുതൽപേർക്ക് ഇഷ്ടമുള്ളത് ചിക്കൻ 65 ആയിരിക്കും.
ചിക്കൻ 65 പ്രേമികൾക്ക് സന്തോഷം നൽകുന്ന നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ലോകത്തിലെ മികച്ച ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ ലിസ്റ്റിൽ പത്താം സ്ഥാനമാണ് ചിക്കൻ 65 നേടിയിരിക്കുന്നത്. പ്രശസ്ത യാത്രാ ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസ് നടത്തിയ സർവേയിലാണ് ചിക്കൻ 65 പത്താം സ്ഥാനം നേടിയിരിക്കുന്നത്. അഞ്ചിൽ 4.3 പോയിന്റ് നേടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.
അതേസമയം, ഇന്തോനേഷ്യൻ വിഭവമായ അയാം ഗൊറാംഗ് ആണ് പട്ടികയിൽ ഒന്നാം റാങ്ക് നേടിയിരിക്കുന്നത്. അഞ്ചിൽ 4.6 പോയിന്റ് നേടിയാണ് ഈ വിഭവം ഒന്നാം റാങ്ക് നേടിയത്. തായ്‍വാനിൽ നിന്നുള്ള തായ്വാനീസ് പോപ്കോൺ ചിക്കനും തെക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള സതേൺ ഫ്രൈഡ് ചിക്കനുമാണ് പട്ടികയിൽ അയാം ഗൊറാംഗിന് തൊട്ടടുത്ത സ്ഥാനം കരസ്ഥമാക്കിയത്.
തമിഴ്‌നാട്ടിലെ ചെന്നൈയിലാണ് ചിക്കൻ 65 ന്റെ ഉത്ഭവമെന്നാണ് പൊതുവെ പറയപ്പെടുന്നത്. 65 എരിവുള്ള മുളക് ഉപയോഗിച്ച് തയ്യാറാക്കിയതുകൊണ്ടാണ് ഈ പേരുവന്നതെന്നും അതല്ല, കോഴിയെ 65 കഷണങ്ങളാക്കി ഉണ്ടാക്കുന്നതുകൊണ്ടാണ് പേരുവന്നതെന്നുമൊക്കെ പൊതുവെ പറയപ്പെടാറുണ്ട്.
Adjust Story Font
16