അധികമാകരുത്; കോളയും സോഡയും പ്രത്യുൽപാദന ശേഷി കുറയ്ക്കും
പ്രത്യുൽപാദന ശേഷി കുറയാതിരിക്കാനും ആരോഗ്യം സംരക്ഷിക്കാനും ഈ പാനീയങ്ങൾ ഒഴിവാക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം
പുറത്ത് നിന്ന് ഭക്ഷണം കഴിച്ചാൽ ഉടൻ തന്നെ ചിലർക്ക് ഒരു കോള നിർബന്ധമാണ്. ദഹനത്തിനെന്ന പേരിൽ സോഡ കുടിക്കുന്നവരുടെ എണ്ണവും കുറവല്ല. കോള പോലെയുള്ള പാനീയങ്ങൾ ആരോഗ്യത്തിന് നല്ലതല്ലെന്ന് നമുക്കറിയാം. ഇത്തരം പാനീയങ്ങൾ നിരവധി ആരോഗ്യപ്രശ്‌നങ്ങളെ വിളിച്ചുവരുത്തും. ഇപ്പോഴിതാ കോളയും സോഡയും കുടിക്കുന്നത് പ്രത്യുൽപാദന ശേഷി കുറയ്ക്കുമെന്നാണ് പുതിയ പഠനം.
ഭക്ഷണക്രമം നമ്മുടെ ആരോഗ്യത്തെ നിർണയിക്കുന്ന പ്രധാന ഘടകമാണ്. നാം കഴിക്കുന്നതും കുടിക്കുന്നതും ശാരീരിക ആരോഗ്യത്തെ മാത്രമല്ല പ്രത്യുൽപാദന ശേഷിയെയും സാരമായി ബാധിക്കും. സോഡയുടെയും കോളയുടെയും ഉപയോഗം പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുൽപാദന ക്ഷമത കുറയ്ക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
കോളയുടെ ദൂഷ്യഫലങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം...
എല്ലാ മധുരങ്ങളും അത്ര മധുരമുള്ളതല്ല
അസ്പാർട്ടേം എന്ന കൃത്രിമ മധുരമാണ് കോളയിലും സോഡയിലും രുചികൂട്ടുന്നത്. വളരെ അപകടകാരിയാണ് അസ്പാർട്ടേം. ഇവ സ്ത്രീകളിൽ ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാക്കുകയും വന്ധ്യതക്ക് കാരണമാവുകയും ചെയ്യും. കൂടാതെ, അണ്ഡോൽപാദന വൈകല്യം, ഗുരുതരമായ പിഎംസി (പ്രീമെൻസ്ട്രൽ ലക്ഷണങ്ങൾ) എന്നിവക്കും കാരണമാകും. ഗർഭിണികൾ കോള, സോഡ തുടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതിന്റെ ഗുരുതര ഫലങ്ങൾ എടുത്തുപറയേണ്ട കാര്യമില്ല. അബോർഷൻ അടക്കമുള്ളവയിലേക്ക് നയിക്കാൻ ഇടയുള്ള ഗുരുതരമായ ഘടങ്ങളാണ് ഈ പാനീയങ്ങളിൽ അടങ്ങിയിരിക്കുന്നത്.
കോശങ്ങളെ നശിപ്പിക്കും
കോളയിലെ കൃത്രിമ മധുരമായ അസ്പാർട്ടേമിൽ അടങ്ങിയിരിക്കുന്ന 2 അമിനോ ആസിഡുകളാണ് ഫെനിലലാനൈനും അസ്പാർട്ടിക് ആസിഡും. ഇവ നേരിട്ട് കുടിക്കുന്നത് കോശങ്ങൾ നശിക്കുന്നതിന് ഇടയാക്കും. അണ്ഡവും ബീജവും കോശങ്ങളാണല്ലോ..അതിനാൽ, കോളയും സോഡയും അമിതമായി കുടിക്കുമ്പോൾ ഇവ നശിക്കാനുള്ള സാധ്യത 90 ശതമാനം കൂടുതലാണ്. പ്രത്യുൽപാദന ശേഷി കുറയാതിരിക്കാനും ആരോഗ്യം സംരക്ഷിക്കാനും ഈ പാനീയങ്ങൾ ഒഴിവാക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.
പ്രതിരോധ ശേഷി കുറയ്ക്കും
ശരീരഭാരം കൂട്ടുന്നതിനൊപ്പം രോഗപ്രതിരോധ സംവിധാനങ്ങളെ തകർക്കും എന്നല്ലാതെ മറ്റൊരു പ്രയോജനവും കോള പോലെയുള്ള പാനീയങ്ങൾ നൽകുന്നില്ല. കോള കുടിച്ചാൽ വിശപ്പുണ്ടാകില്ല. അതിനാൽ തന്നെ കോള കുടി ശീലമാക്കുന്നവരുണ്ട്.
സ്ത്രീകളിലാണ് ഇത് ഏറെ പ്രശ്‌നമുണ്ടാക്കുക. അനാരോഗ്യകരമായ ഗർഭധാരണം, വൈകല്യങ്ങൾ, അബോർഷൻ എന്നിവക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ബീജസംഖ്യ കുറയ്ക്കും
ശീതളപാനീയങ്ങൾ ധാരാളമായി കുടിക്കുന്ന കുടിക്കുന്ന പുരുഷന്മാരിൽ ബീജത്തിന്റെ എണ്ണം, ചലനശേഷി, ഏകാഗ്രത എന്നിവ കുറയാനുള്ള സാധ്യത നാലിരട്ടി കൂടുതലാണ്. ശുക്ലകോശങ്ങളുടെ രൂപവും ഗുണനിലവാരവും കുറയാൻ ഇവ ഇടയാക്കുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
അണ്ഡാശയത്തെ ബാധിക്കുന്നത് ഇങ്ങനെ
മിക്ക ശീതളപാനീയങ്ങളിലും കഫൈൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളിൽ അണ്ഡോത്പാദന വൈകല്യങ്ങൾക്കും വന്ധ്യതയ്ക്കുമുള്ള സാധ്യത വർധിപ്പിക്കും. കൂടാതെ, ഗർഭാശയത്തിലെ രക്തയോട്ടം കുറയ്ക്കുകയും ആർത്തവ രക്തസ്രാവം കുറയ്ക്കുന്നതിലൂടെ ആർത്തവചക്രം കുറയാനും ഇടയാക്കും.
അതിനാൽ, നിങ്ങളുടെ ഡയറ്റിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ഗർഭധാരണത്തിന് ശ്രമിക്കുമ്പോൾ കോള, സോഡ പോലെയുള്ള ശീതളപാനീയങ്ങൾ പൂർണമായും ഒഴിവാക്കുക. സമീകൃതാഹാരത്തിന്റെയും വ്യായാമത്തിന്റെയും സഹായത്തോടെ ആരോഗ്യം നിലനിർത്തുക.
Adjust Story Font
16