തണുപ്പ് കാലമായിത്തുടങ്ങി; കുട്ടികളിലെ ഈ മാറ്റങ്ങൾ ശ്രദ്ധിക്കണം
വീട്ടിലെ ഒരു കുട്ടിക്ക് അസുഖം വന്നാൽ അത് മറ്റു കുട്ടികൾക്ക് പകരാനുള്ള സാധ്യത കൂടുതലാണ്
കാലാവസ്ഥ മാറുമ്പോൾ പനിയോ മറ്റലർജികളോ ഉണ്ടാവുന്നത് സാധാരണയാണ്. പ്രധാനമായും തണുപ്പ് കാലത്ത് അസുഖങ്ങൾ കൂടാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ കുട്ടികൾക്ക് ഇത്തരം അസുഖങ്ങൾ വരുമ്പോൾ മാതാപിതാക്കൾക്ക് വലിയ അശങ്കയാണ്. വീട്ടിലെ ഒരു കുട്ടിക്ക് അസുഖം വന്നാൽ അത് മറ്റു കുട്ടികൾക്ക് പകരാനുള്ള സാധ്യതയും കൂടുതലാണ്. അംഗണവാടികളിലോ സ്‌കൂളിലോ പോകുന്ന കുട്ടികളാണെങ്കിൽ മറ്റുകുട്ടികളുമായി സമ്പർക്കമുണ്ടാകുന്നത് മൂലം രോഗാണുക്കൾ പെട്ടന്ന് പകരാൻ കാരണമാകുന്നു. അതുകൊണ്ട് തന്നെ കാലാവസ്ഥ മാറുമ്പോൾ കുട്ടികളിലുണ്ടാകുന്ന ഈ മാറ്റങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
ജലദോഷം
തണുപ്പ് കാലത്ത് കുട്ടികളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന അസുഖമാണ് ജലദോഷം. 'റൈനോ വൈറസ്' എന്ന വൈറസാണ് ഇതിന് കാരണം. ജല ദോഷത്തിന് പുറമെ മൂക്കടപ്പ്, മൂക്കൊലിപ്പ്, ചുമ തുടങ്ങിയവയും കാണപ്പെടാറുണ്ട്. കൂടാതെ ചെറിയ പനി വരാനും സാധ്യതയുണ്ട്.
ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്
ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ള കുട്ടികള്‍ക്ക് തണുപ്പ് കാലത്ത് പ്രത്യേക കരുതല്‍ ആവശ്യമാണ്. അതായത് കുട്ടിക്ക് ആസ്ത്മ പോലുള്ള അസുഖമുണ്ടെങ്കിൽ അവരുടെ ശ്വാസമെടുപ്പ് പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം കുട്ടികൾക്ക് തണുത്ത ഭക്ഷണങ്ങൾ നൽകുന്നതും മഞ്ഞുള്ളപ്പോൾ പുറത്ത് കളിക്കാൻ വിടുന്നതും ഒഴിവാക്കുക. രോഗലക്ഷണമുണ്ടെങ്കിൽ സ്കൂളിൽ വിടാതിരിക്കുക എന്നതാണ് ഉത്തമം. കൂടാതെ രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഡോക്ടറെ സമീപിക്കുക എന്നതും പ്രധാനമാണ്.
ന്യുമോണിയയുടെ ലക്ഷണങ്ങൾ ശ്രദ്ധിക്കണം
കുട്ടികൾക്ക് ശ്വാസകോശ അണുബാധ സംബന്ധിച്ച ലക്ഷണങ്ങള്‍ കണ്ടാൽ എത്രയും വേഗം ചികിത്സ തേടുക എന്നത് അതി പ്രധാന്യമാണ്. ശ്വാസംമുട്ടൽ, കഫത്തിൽ രക്തം, അസാധാരണ മയക്കം, തളർച്ച, നാക്കിലോ ചുണ്ടിലോ നഖത്തിലോ നീലനിറം, ശക്തിയായ പനി, അതിയായ തണുപ്പ്, ജെന്നി, ക്രമത്തിൽ കൂടുതൽ വേഗതയിലുള്ള ശ്വാസമെടുപ്പ് എന്നീ അപായ സൂചനകൾ കണ്ടാൽ ഉടൻതന്നെ കുട്ടിയ്ക്ക് ചികിത്സ ഉറപ്പാക്കേണ്ടതാണ്.
എക്‌സിമ
തൊലിയിലുണ്ടാകുന്ന അലർജ്ജിയാണ് എക്സിമ. ഇത് പകർച്ച വ്യാധിയല്ലെങ്കിലും അമിതമായ ചൊറിച്ചിൽ കുട്ടികൾക്ക് വലിയ അസഹനീയമാണ്. തണുത്ത കാലാവസ്ഥയിൽ ഈ രോഗം മൂർച്ഛിക്കാൻ സാധ്യതയുണ്ട്. തണുത്ത കാലാവസ്ഥയിൽ തൊലിപ്പുറം വരളുകയും, ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. അതുകൊണ്ട് തന്നെ കുട്ടികളെ കുളിപ്പിച്ചതിന് ശേഷം ബോഡീ ക്രീമുകളോ ലോഷനോ തേക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് അലർജി കുറയാൻ കാരണമാകുന്നു. തൊലിയുടെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന ക്രീമുകൾ ഗുണം ചെയ്യും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സോപ്പിന്റെ ഉപയോഗം കുറക്കുക
തണുപ്പ് കാലത്ത് സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കാൻ ശ്രദ്ധിക്കണം. ഏതെങ്കിലും തരത്തിലുള്ള ചർമ്മ രോഗങ്ങളുള്ള കുട്ടികളാണെങ്കിൽ സോപ്പിന്റെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കുകയാണ് നല്ലത്. സോപ്പിന് പകരം സിന്തെറ്റ്സ് അല്ലെങ്കിൽ ക്ലെൻസേഴ്സ് ഉപയോഗിക്കുന്നതും നല്ലതാണ്.
തണുത്ത ഭക്ഷണങ്ങൾ നല്‍കാതിരിക്കുക
കുട്ടികൾ തണുത്ത ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം. പെട്ടന്ന് അസുഖം വരാൻ അത് കാരണമാകും. പോഷകഗുണമുള്ള ചൂടുപാനീയങ്ങൾ നൽകണം. അതായത് കുട്ടികളിൽ പനിയോ മറ്റു വല്ല അസ്വസ്ഥതയോ കണ്ടാൽ ചെറു ചൂടുവെള്ളത്തിൽ ചെറു നാരങ്ങ, ഉപ്പ് എന്നിവ ചേർത്ത് നൽകാവുന്നതാണ്.
മാസ്‌ക് ധരിപ്പിക്കുക
കുട്ടികളെ പുറത്ത് കൊണ്ടുപോകുമ്പോൾ കൃത്യമായ രീതിയിൽ മാസ്‌ക് ധരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. 6 വയസ് മുതൽ 11വയസ് വരെയുള്ള കുട്ടികൾ അവരുടെ ആരോഗ്യസ്ഥിതിയനുസരിച്ച് മാസ്‌ക് ധരിപ്പിക്കണം. ഈ പ്രായത്തിലുള്ളവരെ മുതിർന്നവർ കർശനമായും നിരീക്ഷിക്കണം. കൂടാതെ കുട്ടികളുടെ കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം. അല്പം കരുതലുണ്ടായാൽ നമ്മുടെ കുഞ്ഞുങ്ങളെ രോഗത്തിൻെ്റ പിടിയിൽ പെടാതെ രക്ഷിച്ചെടുക്കാൻ നമുക്ക് സാധിക്കും.
Adjust Story Font
16