സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു: 'നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതരാക്കാം' !
സ്‌കൂള്‍ തുറക്കുമ്പോള്‍ പ്രധാനമായും ചര്‍ച്ചയാകുക കുട്ടികളിലെ കോവിഡ് ബാധ തടയാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്നതായിരിക്കും
രണ്ടു വര്‍ഷത്തോളമായി അടഞ്ഞുകിടക്കുന്ന സ്‌കൂളുകള്‍ നവംബറോടെ തുറക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിരിക്കുകയാണ്.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പല വിമര്‍ശനങ്ങളും ഇതിന് മുമ്പ് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കുട്ടികള്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടാണ് സംസ്ഥാന സര്‍ക്കാരുകളെ സ്‌കൂളുകള്‍ തുറക്കുന്ന തീരുമാനത്തിലെത്തിച്ചിരിക്കുന്നത്.
സ്‌കൂള്‍ തുറക്കുമ്പോള്‍ പ്രധാനമായും ചര്‍ച്ചയാകുക കുട്ടികളിലെ കോവിഡ് ബാധ തടയാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്നതായിരിക്കും. കുട്ടികളില്‍ കോവിഡ് ബാധിക്കുമോയെന്ന ഭയം ഏതൊരു രക്ഷിതാവിനും ഉണ്ടാകുക സ്വാഭാവികം മാത്രമാണ്. എന്നാല്‍, ഭയം മാറ്റിവെച്ച് കുട്ടികളെ സുരക്ഷിതരാക്കുക എന്നതാണ് ഏതൊരു രക്ഷിതാവിന്റെയും പ്രധാന കര്‍ത്തവ്യം. കുട്ടികളെ സുരക്ഷിതരാക്കുന്നതിനായി പ്രധാനമായും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ്.
മാസ്‌ക് ധരിക്കണം
കോവിഡ് വ്യാപനം തടയുന്നതില്‍ മാസ്‌കിന്റെ പങ്ക് ഇതിനോടകം തന്നെ നമുക്ക് അറിയാവുന്നതാണ്. സ്‌കൂളുകള്‍ തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കുട്ടികള്‍ മാസ്‌ക് ധരിക്കുന്നുണ്ടോയെന്ന് അധ്യാപകരും രക്ഷിതാക്കളും ഉറപ്പുവരുത്തണം.
അധ്യാപകരും രക്ഷിതാക്കളും വാക്‌സിന്‍ സ്വീകരിക്കണം
കുട്ടികള്‍ക്കായുള്ള വാക്‌സിന്‍ ഇതുവരെ വിപണിയിലെത്തിയിട്ടില്ല. എന്നാല്‍ കുട്ടികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന അധ്യാപകരും രക്ഷിതാക്കളും നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണം.
വായുസഞ്ചാരമുള്ള ക്ലാസ് റൂമുകള്‍ തയ്യാറാക്കണം
അടച്ചിട്ട മുറികളിലെ പഠനം പൂര്‍ണമായും ഒഴിവാക്കണം. വായുവിലൂടെ കോവിഡ് പകരുമെന്ന് മുമ്പ് കണ്ടെത്തിയിരുന്നു. അടഞ്ഞുകിടക്കുന്ന റൂമിലെ സമ്പര്‍ക്കം രോഗവ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും.
കോവിഡ് പരിശോധന നിര്‍ബന്ധമാക്കുക
സ്‌കൂളിലേക്ക് കുട്ടികളെ പറഞ്ഞുവിടുന്നതിന് മുമ്പ് കോവിഡ് പരിശോധന നിര്‍ബന്ധമാക്കണം. സ്വന്തം കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനോടൊപ്പം സ്‌കൂളിലെത്തുന്ന മറ്റു കുട്ടികളുടെ സുരക്ഷയെക്കൂടി കരുതിയാണ് ഇത്.
കുട്ടികളുടെ എണ്ണം കുറയ്ക്കുക
ഒരേ സമയം ക്ലാസ് റൂമിലുള്ള കുട്ടികളുടെ എണ്ണം കുറയ്ക്കണം. ശാരീരിക അകലം പാലിച്ച് കുട്ടികള്‍ ക്ലാസ് റൂമില്‍ ഇരിക്കണം. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കണം ക്ലാസിന്റെ ക്രമീകരണം.
കുട്ടികളെ ബോധവാന്മാരാക്കേണ്ടത് ഓരോ രക്ഷിതാക്കളുടെയും കടമയാണ്. കുട്ടികളുടെ ആരോഗ്യത്തിനായി രക്ഷിതാക്കളും കര്‍ശനമായി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.
Adjust Story Font
16