Quantcast

പരസ്‌പര ബന്ധമില്ലാത്ത സംസാരം, നിർവികാരത; കോവിഡ് വന്നവർക്ക് സ്കീസോഫ്രീനിയ സാധ്യത കൂടുതലെന്ന് റിപ്പോർട്ട്

കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ സ്വയം ഉപദ്രവിക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയുമൊക്കെ ചെയ്യുന്ന അവസ്ഥയിലേക്ക് രോഗി എത്തിപ്പെട്ടേക്കാം

MediaOne Logo

Web Desk

  • Published:

    4 Jan 2024 1:54 PM GMT

schizophrenia_covid
X

ഒരിക്കൽ വന്നുപോയിട്ടും പൂർണമായും ഭേദമായിട്ടും കോവിഡിന്റെ പരിണിതഫലങ്ങൾ തുടർന്നും അനുഭവിക്കുന്നവരാണ് മിക്ക കോവിഡ് രോഗികളും. ഭക്ഷണത്തിന്റെ രുചി അറിയാതിരിക്കുക മണം അറിയാനുള്ള കഴിവ് നഷ്ടമാവുക ഇങ്ങനെ പോകുന്നു കോവിഡാനന്തര പ്രശ്നങ്ങൾ. ശരീരത്തിൽ മാത്രമല്ല കോവിഡ് ആളുകളുടെ മനസികാരോഗ്യത്തിലും ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടത്തുകയാണ് ഗവേഷകർ.

കോവിഡും മാനസികാരോഗ്യവും തമ്മിൽ കാര്യമായ ബന്ധമുണ്ടെന്നാണ് സമീപകാല പഠനം വ്യക്തമാക്കുന്നത്. ഇപ്പോഴിതാ കോവിഡ് ബാധിതർക്ക് സ്കീസോഫ്രീനിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഏറ്റവും പുതിയ പഠനം. കോവിഡ് അണുബാധയുള്ള ആളുകൾക്ക് സ്കീസോഫ്രീനിയ രോഗനിർണയം നടത്താനുള്ള സാധ്യത രോഗബാധിതരല്ലാത്തവരെ അപേക്ഷിച്ച് നാലിരട്ടി കൂടുതലാണെന്ന് യുഎസിലെ വെസ്റ്റ് വിർജീനിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

സൈക്കോസിസ് വിഭാ​ഗത്തിൽ പെടുന്ന ഒരു മാനസിക അസുഖമാണ് സ്കീസോഫ്രീനിയ. ഡില്യൂഷൻസ്, ഹാലൂസിനേഷൻ‌സ് തുടങ്ങിയ അവസ്ഥകളിലൂടെയെല്ലാം സ്കീസോഫ്രീനിയ രോഗി കടന്നുപോകാം. ഇല്ലാത്ത കാര്യങ്ങൾ ആവർത്തിച്ച് പറയുക, മറ്റുള്ളവർക്ക് വിശ്വസിക്കാൻ കഴിയാത്ത കാര്യങ്ങൾ പറയുക തുടങ്ങി യാഥാർഥ്യങ്ങളിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുന്ന ഒരു അവസ്ഥയാണിത്.

ഡില്യൂഷൻസ്, ഹാലൂസിനേഷൻ‌സ് എന്നീ അവസ്ഥകൾ ഒരു മാസത്തോളം നീണ്ടുനിൽക്കുകയാണെങ്കിൽ സ്കീസോഫ്രീനിയ ഉറപ്പിക്കാം. പരസ്പര ബന്ധമില്ലാത്തെയും അടുക്കും ചിട്ടയുമില്ലാതെയും സംസാരിക്കുക, ചിന്തിക്കാതെ കാര്യങ്ങൾ പറയുക നിവികാരത തുടങ്ങിയവ സ്കീസോഫ്രീനിയയുടെ ലക്ഷണങ്ങളാണ്. ഇടക്കെപ്പോഴെങ്കിലുമാണ് ഇങ്ങനെയുണ്ടാകുന്നതെങ്കിൽ സൈക്കോസിസിന്റെ ഏതെങ്കിലും അവസ്ഥയാണെന്ന് സംശയിക്കാം. എന്നാൽ, ദൈനംദിന ജീവിതത്തെയടക്കം ബാധിക്കുന്ന രീതിയിലേക്ക് മാറുകയാണെങ്കിൽ സ്കീസോഫ്രീനിയക്ക് അടിയന്തര ചികിത്സ തേടേണ്ടതുണ്ട്.

കൃത്യമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ സ്വയം ഉപദ്രവിക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയുമൊക്കെ ചെയ്യുന്ന അവസ്ഥയിലേക്ക് രോഗി എത്തിപ്പെട്ടേക്കാം. സങ്കീർണതകൾ ഏറെയുള്ള രോഗമാണിത്. ജനിതക കാരണങ്ങളാണ് സ്കീസോഫ്രീനിയയുടെ പ്രധാന കാരണം. ബ്രെയിനിലുണ്ടാകുന്ന ന്യൂറോ കെമിക്കൽ ഘടങ്ങളുടെ വ്യതിയാനം കൊണ്ടും ഇവ സംഭവിക്കാം.

കോവിഡ്-19 ബാധിച്ചതിന് ശേഷം ചെറുപ്പക്കാരായ വ്യക്തികൾക്ക് SSPD (സ്കീസോഫ്രീനിയ സ്പെക്ട്രം, സൈക്കോട്ടിക് ഡിസോർഡേഴ്സ്) ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. SARS-CoV-2-ന്റെ അറിയപ്പെടുന്ന ന്യൂറോട്രോപിസവും മുൻപ് നടത്തിയ പഠനങ്ങളുടെ താരതമ്യം ചെയ്താണ് ഈ നിഗമനത്തിലേക്ക് ഗവേഷകർ എത്തിച്ചേർന്നത്. യുവജനങ്ങൾക്കിടയിലാണ് കോവിഡിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നതെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

സ്കീസോഫ്രീനിയയുടെ വർദ്ധിച്ച അപകടസാധ്യത കണക്കിലെടുത്ത് കോവിഡിന്റെ ദീർഘകാല മാനസികാരോഗ്യ പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതൽ പഠനം നടത്തേണ്ടതിന്റെ അടിയന്തിര ആവശ്യകതയും ഗവേഷകർ ഊന്നിപ്പറയുന്നു.

TAGS :

Next Story