ആർത്തിക്ക് മരുന്നുണ്ടോ! കളിയാക്കല്ലേ.. ഭക്ഷണത്തോടുള്ള കൊതി പോഷകക്കുറവ് മൂലമാകാം
കഴിക്കാനുള്ള കൊതിയാണ് എന്ന് വിചാരിച്ച് തള്ളിക്കളയാൻ വരട്ടെ. ചിലപ്പോൾ ശരീരം തന്നെ കാട്ടിത്തരുന്ന സൂചനകളാകാം ഇത്. ഏതെങ്കിലും പോഷകം ശരീരത്തിൽ കുറയുമ്പോഴാണ് ചില ഭക്ഷണങ്ങളോട് കൊതി തോന്നുന്നതെന്ന് വിദഗ്ധർ പറയുന്നു
വിശപ്പില്ലെങ്കിലും ചിലപ്പോഴൊക്കെ പ്രത്യേക ഭക്ഷണ സാധനങ്ങളോടൊരു കൊതി തോന്നാത്തവരുണ്ടോ? ഇപ്പോലൊരു ചോക്ലേറ്റ് കിട്ടിയിരുന്നെങ്കിൽ അല്ലെങ്കിൽ ഐസ് ക്രീം കിട്ടിയാൽ എത്ര നന്നായിരുന്നു.. ഓർക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറാറുണ്ട്. കഴിക്കാനുള്ള കൊതിയാണ് എന്ന് വിചാരിച്ച് തള്ളിക്കളയാൻ വരട്ടെ. ചിലപ്പോൾ ശരീരം തന്നെ കാട്ടിത്തരുന്ന സൂചനകളാകാം ഇത്. ഏതെങ്കിലും പോഷകം ശരീരത്തിൽ കുറയുമ്പോഴാണ് ചില ഭക്ഷണങ്ങളോട് കൊതി തോന്നുന്നതെന്ന് വിദഗ്ധർ പറയുന്നു.
ഒരു പ്രത്യേക ഭക്ഷണത്തോടുള്ള ആസക്തി പോഷകങ്ങളുടെ അഭാവം മൂലമാകാം. ശീലം, ആ പ്രത്യേക രുചിയോടുള്ള ആഗ്രഹം തുടങ്ങി നിരവധി ഘടകങ്ങൾ ഇതിനെ സ്വാധീനിക്കുന്നുണ്ട്. അതിനാൽ, ഭക്ഷണത്തോടുള്ള ആസക്തി മനസിലാക്കാൻ ശ്രമിക്കുമ്പോൾ വിവിധ ഘടകങ്ങൾ പരിഗണിക്കേണ്ടത് പ്രധാനമാണ്. ഏതെങ്കിലും പോഷകങ്ങൾ ശരീരത്ത് കുറയുന്നുണ്ടെന്ന് തോന്നിയാൽ ആരോഗ്യ വിദഗ്ധനെ സമീപിച്ച് പരിഹാരം കണ്ടെത്തുകയും വേണം.
പോഷകാഹാരക്കുറവുള്ള ആളുകൾക്ക് പൊതുവായുള്ള ഭക്ഷണ ആസക്തികൾ നന്നായി മനസ്സിലാക്കാൻ ഇക്കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയാൽ മതിയാകും.
ചോക്ലേറ്റിനോടുള്ള കൊതി ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞതിന്റെ സൂചനയാകാം. ശരീരത്തിന്റെ പല പ്രവർത്തനങ്ങളും സുഗമമായി നടക്കാൻ മഗ്നീഷ്യം ഏറെ പ്രധാനമാണ്. അസ്ഥികളുടേയും പേശികളുടേയും ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ ഒന്നാണ് മഗ്നീഷ്യം. മഗ്‌നീഷ്യം കൃത്യമായ അളവില്‍ ലഭിച്ചില്ലെങ്കില്‍ എല്ലുകള്‍ക്ക് ബലക്കുറവ്, ശരീരത്തില്‍ കാത്സ്യം അടിഞ്ഞുകൂടുന്ന അവസ്ഥ ഉണ്ടാകും. ചോക്ലേറ്റ് കഴിക്കാൻ അമിതമായ കൊതിയുള്ളപ്പോൾ ഡാർക്ക് ചോക്ലേറ്റ് തിരഞ്ഞെടുത്തത് കഴിക്കാൻ ശ്രമിക്കണം. കാരണം ഡാർക്ക് ചോക്ലേറ്റിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
ഐസ് ക്രീം പോലെ തണുത്ത എന്തെങ്കിലും കഴിക്കാനാണ് കൊതിയെങ്കിൽ ശരീരത്ത് അയൺ കുറയുന്നതിന്റെ സൂചനയാണെന്ന് മനസിലാക്കണം. ശരീരത്തിന് ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ഒരു ഘടകമാണ് അയൺ. മനുഷ്യശരീരത്തിലെ എല്ലാ കോശങ്ങളിലും ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ അളവിൽ അയൺ ലഭിച്ചില്ലെങ്കിൽ അനീമിയ ഉണ്ടാകാം. ക്ഷീണം, തലകറക്കം, മുടി കൊഴിച്ചിൽ തുടങ്ങിയവയും ഇതിന്റെ ലക്ഷണങ്ങളാണ്.
ഉപ്പുള്ള ആഹാരങ്ങളോടുള്ള ആസക്തി സോഡിയത്തിന്റെ കുറവോ ഇലെക്ട്രോലൈറ്റ് ബാലൻസ് കുറയുന്നതു ആകാം. പോഷക സമ്പുഷ്ടമായ ആഹാരങ്ങൾ ശീലമാക്കുന്നത് മൂലം ഇത്തരം പോഷകാഹാര കുറവുകൾ പരിഹരിക്കാവുന്നതാണ്. ഇരുമ്പ്, വിറ്റാമിൻ ബി 12 എന്നിവയ്‌ക്കായി ഇലക്കറികൾ ധാരാളമായി കഴിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാനും മധുരത്തോടുള്ള ആസക്തി നിയന്ത്രിക്കാനും ധാന്യങ്ങൾ തിരഞ്ഞെടുക്കുക. കാൽസ്യത്തിന്റെ അളവ് നിലനിർത്താൻ പാലുൽപ്പന്നങ്ങളും കഴിക്കാൻ മറക്കരുത്.
Adjust Story Font
16