അമിതമായാൽ അപകടമാണേ...ഉപ്പിൽ ഒളിഞ്ഞിരിക്കുന്ന ഈ വില്ലനെ സൂക്ഷിക്കണം
ഉയർന്ന രക്തസമ്മർദ്ദം മുതൽ ഹൃദയാഘാതത്തിന് വരെ കാരണമാകും
ഭക്ഷണത്തിൽ ഒഴിച്ചുകൂട്ടാനാകാത്ത ഒരു ഘടകമാണല്ലേ ഉപ്പ്. രുചി കൂട്ടാൻ മാത്രമല്ല ഭക്ഷണസാധനങ്ങൾ കേട് വരാതിരിക്കാനും ഉപ്പ് ഉപയോഗിക്കാറുണ്ട്. ഉപ്പിൽ അടങ്ങിയിരിക്കുന്ന സോഡിയവും ക്ലോറൈഡും ശരീരത്തിന് നിശ്ചിത അളവിൽ ആവശ്യമാണ്. ശരീരത്തിലെ ദ്രാവക നിലകളുടെ ശരിയായ ബാലൻസ് നിലനിർത്താനും പേശികളുടെയും ഞരമ്പുകളുടെയും ആരോഗ്യകരമായ പ്രവർത്തനത്തിനും സോഡിയം വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാൽ, ഒരു പരിധി കഴിഞ്ഞാൽ ഇതേ സോഡിയം തന്നെ നമ്മുടെ ശരീരത്തിനെതിരെ തിരിയും. അമിതമായാൽ അമൃതും വിഷം എന്ന പ്രയോഗം പോലെ തന്നെയാണ് ഉപ്പിന്റെ കാര്യത്തിലും, അധികമാകരുത്.. ഉയർന്ന രക്തസമ്മർദ്ദം മുതൽ ഹൃദയാഘാതത്തിന് വരെ കാരണമാകും.
രക്തസമ്മർദ്ദം ശരിയായ രീതിയിൽ നിലനിർത്തുന്നത്തിനുള്ള പ്രധാന ഘടകമാണ് സോഡിയം. ഹൃദയം, പേശികള്‍, നാഡികള്‍ എന്നിവയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിലും സോഡിയം സഹായിക്കുന്നുണ്ട്. എല്ലാ വിധത്തിലും ശരീരത്തിന് ആവശ്യഘടകമാണെങ്കിലും സോഡിയത്തിന്റെ അമിത അളവ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്. ഇവയിൽ ഭൂരിഭാഗവും ഹൃദയവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഏത് ഘട്ടത്തിലാണ് ഉപ്പ് വില്ലനാകുന്നത്? എങ്ങനെയാണ് ഇത് ഹൃദയത്തെ ബാധിക്കുന്നത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? നോക്കാം..
അമിതമായ ഉപ്പ് ശരീരത്തിലെ രക്തപ്രവാഹത്തിലെ ജലത്തിന്റെ അളവ് ഉയർത്തും. സിരകൾ കൂടുതൽ ജലാംശം വലിച്ചെടുക്കാൻ ഇത് വഴിയൊരുക്കും. രക്തക്കുഴലുകളിലൂടെ കൂടുതൽ രക്തം ഒഴുകുമ്പോൾ സ്വാഭാവികമായും രക്തസമ്മർദ്ദവും വർധിക്കും. ഉയർന്ന രക്തസമ്മർദ്ദം കാലക്രമേണ രക്തക്കുഴലുകളുടെ ഭിത്തികളെ ആയാസപ്പെടുത്തുകയോ കേടുവരുത്തുകയോ ചെയ്യാം. തുടർന്ന്, ശരീരത്തിലുടനീളം രക്തം പമ്പ് ചെയ്യാൻ ഹൃദയം ഇരട്ടി പണി എടുക്കേണ്ടതായി വരും. ഹൃദയാരോഗ്യത്തെയാണ് ഇത് ബാധിക്കുക. കൂടാതെ, ശരീരത്തിൽ അമിതമായ ജലാംശം കെട്ടിക്കിടക്കുന്നത് ശരീരം വീർക്കാനും പൊണ്ണത്തടിക്കും കാരണമാകും.
'നിശബ്ദ കൊലയാളി' എന്നാണ് ഉയർന്ന രക്തസമ്മർദ്ദത്തെ വിശേഷിപ്പിക്കുന്നത്. ഹൃദ്രോഗത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് രക്തസമ്മർദ്ദം. അകാലമരണത്തിന് വരെ ഇത് കാരണമായേക്കാം. രക്തസമ്മർദ്ദത്തിൽ ഏറ്റക്കുറച്ചിലുകൾ ഇല്ലെങ്കിൽ കൂടി സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നത് പ്രായമാകുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള രക്തസമ്മർദ്ദം മന്ദഗതിയിലാക്കാൻ സഹായിക്കും. വൃക്കരോഗം, ഓസ്റ്റിയോപൊറോസിസ്, വയറ്റിലെ ക്യാൻസർ, മൈഗ്രെയ്ൻ, ഹൃദയാഘാതം, ഹൃദയസ്തംഭനം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതയും സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുന്നത് മൂലം കുറയ്ക്കാൻ സാധിക്കും.
ഉപ്പ് കൂടുതലുള്ള ഭക്ഷണങ്ങളിൽ കലോറിയും കൊഴുപ്പും കൂടുതലാണ്. പൊണ്ണത്തടിയും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങൾക്കും ഇത് വഴിവെക്കും. ഉപ്പിട്ട ഭക്ഷണങ്ങൾ നിരന്തരം കഴിക്കുന്നത് മൂലം നാവിലെ രുചി മുകുളങ്ങൾ അതുമായി പൊരുത്തപ്പെടാൻ ഇടയാക്കും. പിന്നീട് ഉപ്പിട്ട ആഹാരങ്ങൾ മാത്രം തിരഞ്ഞെടുക്കാനുള്ള പ്രവണത വർധിപ്പിക്കാനും ഇത് ഇടയാക്കും. ഇത്രയൊക്കെ പ്രശ്നക്കാരനാണ് ഉപ്പെന്ന് ഇതുവരെ ചിന്തിച്ചിട്ടുപോലും ഉണ്ടാകില്ല അല്ലേ! ഇനി മുതൽ പ്രത്യേകം ശ്രദ്ധിച്ചോളൂ... ഹൃദ്രോഗം, രക്തസമ്മർദ്ദം എന്നിവയ്ക്കുള്ള സാധ്യതയുണ്ടെങ്കിൽ ഉപ്പ് കഴിക്കുന്നത് പരമാവധി നിയന്ത്രിക്കണം.
ഉപ്പ് കഴിക്കുന്നത് എങ്ങനെ കുറയ്ക്കാം?
നമ്മുടെ ശരീരത്തിലെ ഉപ്പിന്റെ 15% ഭക്ഷണത്തിൽ സ്വാഭാവികമായും ഉണ്ടാകും. 80% നമ്മൾ ഭക്ഷണം തയ്യാറാക്കുമ്പോഴോ കഴിക്കുമ്പോഴോ ചേർക്കുകയാണ് ചെയ്യാറ്. ഭക്ഷണത്തിൽ സ്വാഭാവികമായും ഉപ്പ് അടങ്ങിയിട്ടുള്ളതിനാൽ വീണ്ടും അമിതമായി ഉപ്പ് ചേർക്കുന്നത് സോഡിയത്തിന്റെ അളവ് വളരെയധികം ഉയരാൻ ഇടയാക്കും. ഇത് നിയന്ത്രിക്കാനും വഴിയുണ്ട്.
- പാക്കേജ് ഭക്ഷണങ്ങളും ടിന്നിലടച്ച ഉൽപ്പന്നങ്ങളും കഴിക്കുന്നത് ഒഴിവാക്കുക. പകരം പഴങ്ങളും പച്ചക്കറികളും ശീലമാക്കുക. ഇതിലൂടെ തന്നെ നമ്മുടെ ശരീരത്തിന് ആവശ്യമായ സോഡിയം ലഭിക്കും.
- പാക്ക് ചെയ്തതോ കടകളിൽ ഫ്രീസറിൽ വെച്ചതോ ആയ മാംസം വാങ്ങുന്നത് കുറയ്ക്കുക. ഇവയിൽ സോഡിയം ധാരാളം അടങ്ങിയിട്ടുണ്ടാകും.
- കടകളിൽ നിന്ന് പാക്ക് ചെയ്ത ഭക്ഷണം വാങ്ങുമ്പോൾ ലേബലുകൾ വായിച്ചുനോക്കാൻ മറക്കരുത്. സോഡിയം എത്ര അളവിൽ അടങ്ങിയിട്ടുണ്ട് എന്ന് മനസിലാക്കാൻ ഇത് സഹായിക്കും.
- ജങ്ക് ഫുഡുകൾ കഴിക്കുന്നത് പൊതുവേ നല്ലതല്ലെന്ന് അറിയാമല്ലോ. ഇത്തരം ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന സോഡിയവും മറ്റ് ഘടകങ്ങളും നിങ്ങളുടെ ആരോഗ്യനില കൂടുതൽ മോശമാക്കും.
ഹൃദയസംബന്ധമായ അസുഖങ്ങൾ ഇല്ലെങ്കിൽ കൂടി ആഹാരകാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. പ്രായപൂര്‍ത്തിയായവര്‍ പ്രതിദിനം ആറ് ഗ്രാമില്‍ കൂടുതല്‍ ഉപ്പ് കഴിക്കാന്‍ പാടില്ലെന്ന് ആരോഗ്യവിദഗ്ദർ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ, പലരും ഇത് ഒൻപത് ഗ്രാമിൽ കൂടുതൽ വരെ കഴിക്കുന്നുണ്ട്. അമിതമായി ഉപ്പ് കഴിക്കുന്നത് ശാരീരിക പ്രശ്നങ്ങൾ മാത്രമല്ല മാനസിക സമ്മദം വരെ വർധിപ്പിക്കുമെന്നും പഠനങ്ങളുണ്ട്.
Adjust Story Font
16