രോഗങ്ങള്‍ അടുക്കില്ല; പ്രതിരോധശേഷി വര്‍ധിപ്പിക്കാം ഈ അഞ്ചു വഴികളിലൂടെ
ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കും
അപകടകരമായ അണുബാധകളെയും രോഗങ്ങളെയും ചെറുക്കുന്നതിനും ആരോഗ്യകരമായ പ്രതിരോധ സംവിധാനം ആവശ്യമാണ്. അപകടകരമായ രോഗങ്ങൾക്കെതിരെ പ്രതിരോധം നൽകുന്ന പ്രതിരോധ കുത്തിവെപ്പുകൾ എടുക്കേണ്ടതും ആവശ്യമാണ്. എന്നിരുന്നാലും, രോഗം വരാതിരിക്കാൻ മുൻകരുതലുകൾ എടുക്കുന്ന നമ്മള്‍ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാറില്ല. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും ദോഷകരമായ സൂക്ഷ്മാണുക്കൾക്കും അണുക്കൾക്കുമെതിരായ പോരാടാൻ ശരീരത്തെ സഹായിക്കുകയും ചെയ്യും.
പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള 5 വഴികൾ
1. വിശ്രമം
നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിൻറെ കഴിവാണ് രോഗങ്ങളുടെ അളവ് തീരുമാനിക്കുന്നത്. നിങ്ങളുടെ ശരീരത്തിന് വിശ്രമം ആവശ്യമാണ്. കൂടാതെ പ്രതിരോധ കുത്തിവെപ്പുകള്‍ക്ക് ഫലപ്രദമായ പ്രതികരണം നൽകാൻ ഉറക്കത്തിന് സാധിക്കും. കൃത്യമായ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന് നല്ലതാണ്. ആവശ്യമായ സമയത്ത് വിശ്രമിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കും.
2. വ്യായാമം ചെയ്യുക
നിങ്ങളുടെ ശാരിരിക ക്ഷമത നിലനിർത്തുന്നതിനും രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വ്യായാമം ആവശ്യമാണ്. വ്യായാമം നിങ്ങളുടെ ശാരീരിക ആരോഗ്യവും ക്ഷേമവും രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനവും മെച്ചപ്പെടുത്തും. ക്ഷീണം അനുഭവപ്പെടുമ്പോൾ അമിതമായ ശാരിരിക പ്രവർത്തനങ്ങള്‍ നിർത്തി വിശ്രമിക്കണം. സുഖമില്ലാത്തപ്പോൾ അധ്വാനിച്ചാൽ നിങ്ങളുടെ പ്രതിരോധശേഷി ദുർബലമായേക്കാം.
3. ഭക്ഷണം
ഭക്ഷണം മരുന്നായി പ്രവർത്തിക്കുന്ന ഒന്നാണ്. പോഷകങ്ങൾ അടങ്ങിയ ഭക്ഷണം നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. നാരുകളാൽ സമ്പുഷ്ടമായ സസ്യഭക്ഷണങ്ങളായ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പയർ എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധ കോശങ്ങളെ ഉണർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും. ഇതുവഴി നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും സൂക്ഷ്മാണുക്കളുടെ നിലനിൽപ്പിനും വികസനത്തിനും സഹായിക്കുകയും ചെയ്യും.
4. ധാരാളം വെള്ളം കുടിക്കുക
നിങ്ങളുടെ പ്രതിരോധശേഷി നില നിർത്തുന്നതില്‍ കുടിവെള്ളത്തിന്‍റെ പ്രാധാന്യം കുറച്ചുകാണാൻ കഴിയില്ല. ആരോഗ്യകരമായ ജീവിതശൈലിയും പ്രതിരോധശേഷിയും നിലനിർത്തുന്നതിന്, ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കണം. ശരീരത്തിലെ ജലാംശം വർധിപ്പിക്കുന്നത് ആരോഗ്യത്തോടെയിരിക്കാനും രോഗങ്ങളെ തടയാനും ശരീരത്തെ ശുദ്ധീകരിക്കാനും സഹായിക്കും. വെള്ളം കുടിക്കുന്നത് കൊണ്ട് അസുഖം വരാതിരിക്കില്ലെങ്കിലും, അത് രോഗങ്ങളെ ചെറുക്കാൻ സഹായിക്കും.
5. സമ്മർദ്ദം കുറയ്ക്കുക
അണുബാധകളെയും രോഗങ്ങളെയും ചെറുക്കാനുള്ള നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ കഴിവ് യഥാർത്ഥത്തിൽ സമ്മർദ്ദം മൂലം കുറയാം. ഓരോരുത്തരും വ്യത്യസ്ത രീതിയിലാണ് സമ്മർദ്ദം അനുഭവിക്കുന്നത്. ശാരീരികവും മാനസികവുമായ സമ്മർദ്ദം ദീർഘകാലത്തേക്ക് നീണ്ടുനിൽക്കുകയാണെങ്കിൽ അണുബാധയ്‌ക്കെതിരെ പോരാടാനുള്ള രോഗപ്രതിരോധ സംവിധാനത്തിന്റെ കഴിവിനെ പ്രതികൂലമായി ബാധിക്കും. ആഴത്തിലുള്ള ശ്വസനം, ധ്യാനം തുടങ്ങി രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള മറ്റ് കാര്യങ്ങളും ചെയ്യുന്നത് നല്ലതാണ്.
Adjust Story Font
16