ആഘോഷപ്പൂത്തിരികൾ കത്തിക്കുമ്പോൾ വേണം ജാഗ്രത; ദീപാവലി കളറാകാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ചെറിയ പൊള്ളലുകൾ പലരും കാര്യമാക്കാറില്ലെങ്കിലും ഇവ പിന്നീട് ഗുരുതരമാകാറുണ്ട്
പ്രതീക്ഷയുടെ പുതുവെളിച്ചവുമായി ദീപാവലി എത്തുകയാണ്. കോവിഡ് കാലത്തെ വിലക്കുകൾ കാരണം ഏതാനും വർഷങ്ങളായി നഷ്‌ടപ്പെട്ട ദീപാവലി ആഘോഷങ്ങൾ തിരിച്ചുപിടിക്കാൻ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങൾ മുറുകുമ്പോൾ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടും. പടക്കം പൊട്ടിക്കുന്നതിനിടെയും പൂത്തിരി കത്തിക്കുന്നതിനിടെയും പൊള്ളലേൽക്കുന്നത് ദീപാവലി സീസണിൽ സാധാരണയാണ്.
ചെറിയ പൊള്ളലുകൾ പലരും കാര്യമാക്കാറില്ലെങ്കിലും ഇവ പിന്നീട് ഗുരുതരമാകാറുണ്ട്. ഇത്തവണ അൽപം കൂടി ജാഗ്രത പാലിച്ച് ദീപാവലി ആഘോഷങ്ങൾ കളറാക്കിയാലോ! പൊള്ളലേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചില നുറുങ്ങുവിദ്യകളും പങ്കുവെച്ചിരിക്കുകയാണ് ഡോക്ടർമാർ. അവ എന്തൊക്കെയെന്ന് നോക്കാം.
പൊള്ളലേറ്റാൽ...
ദീപാവലിക്ക് പടക്കം പൊട്ടിക്കുമ്പോൾ തൊട്ടടുത്ത് ഒരു ബക്കറ്റിലോ മറ്റോ വെള്ളം സൂക്ഷിക്കണം എന്നത് ഡോക്ടർമാർ സാധാരണയായി നിർദ്ദേശിക്കുന്ന കാര്യമാണ്. പൊള്ളലേറ്റതിന് ശേഷമുള്ള ചികിത്സാ രീതികൾ സംബന്ധിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. പൊള്ളലേറ്റ ഭാഗത്ത് പേസ്റ്റ് പോലെ എന്തെങ്കിലും തേച്ചതിന് ശേഷം ഡോക്ടർമാരെ കാണാൻ എത്തുന്നവരാണ് കൂടുതലും. എന്നാൽ, ഇതിന് പകരം പൊള്ളലേറ്റ ഭാഗം സാധാരണ പൈപ്പ് വെള്ളത്തിൽ വെക്കുകയാണ് വേണ്ടതെന്ന് ഡോക്ടർമാർ പറയുന്നു. പൊള്ളലേറ്റ ഉടനെ അടുത്തുള്ള പൈപ്പ് തുറന്ന് പൊള്ളേലേറ്റ ഭാഗത്ത് വെള്ളമൊഴിക്കുകയാണ് ഉത്തമം.
പൊള്ളലേറ്റ ഉടനെ ആ ഭാഗത്ത് ഐസ് വെക്കുന്നവരുണ്ട്. ഇത് പരിക്ക് കൂടുതൽ ഗുരുതരമാക്കിയേക്കുമെന്നും ഡോക്ടർമാർ പറയുന്നു. പൊള്ളലേറ്റ ഭാഗം അഞ്ച് മിനിറ്റ് ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ വെച്ച ശേഷം വൃത്തിയുള്ള കോട്ടൺ തുണി കൊണ്ട് പൊതിഞ്ഞ് ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെ സമീപിക്കുക.
ചെറിയ പൊള്ളലാണെങ്കിൽ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടാം. എന്നാൽ, വലിയ പൊള്ളലുകളേറ്റ രോഗിക്ക് IV ദ്രാവകങ്ങൾ ആവശ്യമായി വന്നേക്കാം. ഇവരെ പ്ലാസ്റ്റിക് സർജന്റെ അടുത്തേക്ക് റഫർ ചെയ്തേക്കാം. അതിനാൽ മികച്ച ചികിത്സ ഉറപ്പാക്കാൻ ശ്രദ്ധിക്കുക.
അരുത്...
- സ്വയം ചികിത്സ ഒഴിവാക്കണം. പൊള്ളലേറ്റ ഭാഗത്ത് പേസ്റ്റോ വീട്ടിലുള്ള നാട്ടുവൈദ്യങ്ങളോ ഉപയോഗിക്കരുത്.
- ഉള്ളംകയ്യിൽ വെച്ച് പടക്കം പൊട്ടിച്ചാണ് മിക്ക അപകടങ്ങളും ഉണ്ടാകുന്നത്. ഇത് ശ്രദ്ധിക്കുക. പൂത്തിരി കത്തിക്കുമ്പോഴും നിശ്ചിത അകലം പാലിക്കുക. പൊള്ളലേറ്റ ഭാഗം തേച്ചുകഴുകരുത്. ഇത് രക്തസ്രാവത്തിന് ഇടയാക്കിയേക്കാം.
- വേദനയിൽ നിന്ന് ആശ്വാസം ലഭിക്കാൻ പരിക്കേറ്റ ഭാഗം ഉയർത്തി വെക്കണം. സമയം കളയാതെ ഉടൻ തന്നെ ഡോക്ടർമാരുടെ സേവനം തേടുക.
- ചെറിയ പൊള്ളലേറ്റതിന് ശേഷം ചർമത്തിൽ കുമിളകളോ മറ്റ് വ്യത്യാസങ്ങളോ ഉണ്ടാകുന്നില്ലെങ്കിൽ കറ്റാർവാഴ ജെൽ (അലോവേര) പുരട്ടിയാൽ മതിയാകും.
- പൊള്ളേലേറ്റ ഭാഗം തുറന്നുതന്നെ വെക്കണമെന്നത് മറ്റൊരു തെറ്റിദ്ധാരണയാണ്. പൊള്ളലേറ്റ ഭാഗം വൃത്തിയുള്ള കോട്ടൺ തുണി കൊണ്ട് പൊതിയുന്നത് അണുബാധ തടയും. ആൻറിബയോട്ടിക് തൈലം ഉപയോഗിക്കുന്നതും നല്ലതാണ്.
- കുട്ടികൾക്ക് പൊള്ളലേൽക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തണം. ചെറിയ പൊള്ളലുകൾ പോലും ഗുരുതരമായേക്കാം. അതിനാൽ കുട്ടികൾക്ക് പൊള്ളലേറ്റ ഉടൻ തന്നെ അടുത്തുള്ള മെഡിക്കൽ സ്ഥാപനത്തിലേക്ക് കൊണ്ടുപോയി വൈദ്യസഹായം ഉറപ്പാക്കണം.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ...
ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ്. ഒരൽപം ശ്രദ്ധിച്ചാൽ അപകടങ്ങൾ ഒഴിവാക്കി ആഘോഷങ്ങൾ രസകരമാക്കാം. മെഴുകുതിരി കത്തിക്കുന്നതിൽ പോലും നല്ല ശ്രദ്ധ വേണം.
- അയഞ്ഞ വസ്ത്രങ്ങളും ദുപ്പട്ടകളും ഒഴിവാക്കുക, കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കാൻ ശ്രദ്ധിക്കുക.
- പടക്കങ്ങൾ കയ്യിൽ വെച്ച് പൊട്ടിക്കരുത്
- പൊട്ടിക്കഴിഞ്ഞ പടക്കങ്ങളും മറ്റും അലസമായി വലിച്ചെറിയരുത്, ഇവ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റുക.
- വസ്ത്രത്തിൽ തീപിടിച്ചുകഴിഞ്ഞാൽ ഉടൻ ഓടിമാറരുത്. ശ്രദ്ധിച്ച് വസ്ത്രങ്ങൾ ഊരിമാറ്റാൻ ശ്രമിക്കുക. പൊള്ളലേറ്റ സ്ഥലം 15 മിനിറ്റ് വെള്ളത്തിൽ മുക്കിവെക്കുക.
- പടക്കങ്ങൾ പൊട്ടിക്കാനും പൂത്തിരി കത്തിക്കാനും കുട്ടികളെ അനുവദിക്കരുത്. ഈ ഭാഗങ്ങളിൽ നിന്ന് കുട്ടികളെ കഴിവതും ദൂരെ മാറ്റി നിർത്തുക.
ഈ ദീപാവലി നിങ്ങൾക്ക് മാത്രമല്ല മറ്റുള്ളവർക്ക് കൂടി സുരക്ഷിതമാകട്ടെ.
Adjust Story Font
16