ശരീരം ചൊറിഞ്ഞു തടിക്കുന്നുണ്ടോ ? ഇതാണ് കാരണം
ഏതു പ്രായത്തിലും അർട്ടിക്കേരിയ ഉണ്ടാകാം
ശരീരത്തിൽ ചൊറിഞ്ഞു തടിക്കുന്ന ഒരിനം അലർജിയാണ് അർട്ടിക്കേരിയ. വളരെ സാധാരണമായി കണ്ടു വരുന്ന ഒരു രോഗാവസ്ഥയാണിത്. ശരീരവുമായി സമ്പർക്കത്തിൽ വരുന്ന പദാർത്ഥങ്ങളോട് നമ്മുടെ പ്രതിരോധശക്തി അമിതമായി പ്രതികരിക്കുന്നതാണ് കാരണം. സൂര്യനും സൂര്യനു താഴെയുള്ളതെന്തും ഇത്തരം അലർജിയുണ്ടാക്കാം. ഏതു പ്രായത്തിലും അർട്ടിക്കേരിയ ഉണ്ടാകാം. ചർമ്മത്തിൽ ചൊറിച്ചിൽ,ചുണ്ടിലും കൺപോളകളിലും നീര് എന്നീ പ്രശ്നങ്ങൾ മുതൽ ഗുരുതരവും മാരകവുമായ അനാഫൈലക്സിസ് എന്ന അവസ്ഥയും ഇത്തരം അലർജി മൂലം ഉണ്ടാകാം.
അലർജി ഉണ്ടാക്കുന്ന വസ്തുവിനെ അലർജൻ എന്നു വിളിക്കുന്നു . ശരീരത്തിന്റെ പ്രതിരോധശക്തിയെ ഉത്തേജിപ്പിച്ച് ആന്റിബോഡി ഉല്പാദിപ്പിക്കുവാൻ സഹായിക്കുന്ന അലർജനിൽ അടങ്ങിയിരിക്കുന്ന ഘടകം ആന്റിജൻ എന്നറിയപ്പെടുന്നു. പൂമ്പൊടി, പൊടി, പുക, ഭക്ഷണപദാർത്ഥങ്ങൾ, മരുന്നുകൾ എന്നിവ ഇതിൽ ചിലതാണ്.
അലർജനുമായി സമ്പർക്കത്തിൽ വന്ന് നിമിഷങ്ങൾക്കുള്ളിൽ സംഭവിക്കാവുന്ന ഈ റിയാക്ഷൻ ഇമ്മീഡിയേറ്റ് ഹൈപെർസെൻസിറ്റിവിറ്റി എന്നും അറിയപ്പെടുന്നു. അലർജനുകൾ വിവിധ തരത്തിൽ ശരീരവുമായി സമ്പർക്കത്തിൽ വരാം.
ശ്വസനത്തിലൂടെ
പൊടി, പുക, പൂമ്പൊടി മുതലായവ ഈ ഗണത്തിൽ പെടുന്നു.
ഭക്ഷിക്കുന്നതിലൂടെ
ഭക്ഷണപദാർത്ഥങ്ങളും മരുന്നുകളും. മുട്ട, പാൽ, ഇറച്ചി, ചില തരം മത്സ്യം, പയർവർഗങ്ങൾ, പ്രിസർവേറ്റീവുകൾ എന്നിവ
ചർമ്മവുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ
കുത്തിവയ്ക്കുന്നതിലൂടെ
കടന്നൽ കുത്ത്, ഇൻജക്ഷനായുള്ള മരുന്നുകൾ
മറ്റു കാരണങ്ങൾ
അണുബാധ - ടോൺസിലൈറ്റിസ്, വിരശല്യം
ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ
ശരീരത്തിൽ ഉരസിയാൽ, ഉരസുന്ന രേഖയിൽ ചുവന്ന പാടുകൾ വരുന്ന ഡെർമോഗ്രാഫിസം , ഇറുകിയ വസ്ത്രങ്ങൾ, ബെൽറ്റ് തുടങ്ങിയ ഉപയോഗിക്കുമ്പോൾ, ഇറുകി കിടന്ന ഭാഗത്തുണ്ടാകുന്ന പ്രഷർ ഉർട്ടികാരിയൊക്കെ ശാരിരിക അർട്ടിക്കേരിയയുടെ വകഭേദങ്ങളാണ്.
മാനസിക സമ്മർദ്ദം, ആർത്തവം, മർദം, ചൂട് മുതലായ സാഹചര്യങ്ങൾ അർട്ടിക്കേരിയ ഉള്ള ഒരാൾക്ക് രോഗം വരാനുള്ള സാധ്യത കൂട്ടിയേക്കാം.
ഒരു ആന്റിജൻ ആദ്യമായി ശരീരവുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ ഈ ആന്റിജന് എതിരെയുള്ള നിശ്ചിത ആന്റിബോഡി ഉല്പാദിപ്പിക്കപ്പെടുന്നു. വീണ്ടും ഇതേ ആന്റിജൻ ശരീരവുമായി സമ്പർക്കത്തിൽ വന്നാൽ മുൻപ് ഉല്പാദിപ്പിക്കപ്പെട്ട നിശ്ചിത ആന്റിബോഡി വലിയ തോതിൽ ഉണ്ടാകുകയും അവ ആന്റിജനുമായി കൂടി ചേരുകയും ചെയ്യുന്നു.
ഇമ്മ്യൂണോഗ്ലോബുലിൻ ഇ എന്ന ആന്റിബോഡിയാണ് ഇവിടെ ഉൽപാദിപ്പിക്കപ്പെടുന്നത്. ഈ ആന്റിജൻ ആന്റിബോഡി സംയുക്തം ത്വക്കിലുള്ള മാസ്റ്റ് സെൽസ് എന്ന കോശങ്ങളെ ഉത്തേജിപ്പിച്ച് അവയിൽ അടങ്ങിയിരിക്കുന്ന ഹിസ്റ്റമിൻ ഉൾപ്പെടെയുള്ള ഘടകങ്ങളെ പുറത്തേയ്ക്ക് തള്ളുന്നു.
ഹിസ്റ്റമിൻ രക്തക്കുഴലുകൾ വികസിക്കാനും ശ്വാസകോശത്തിലെ കുഴലുകൾ ചുരുങ്ങാനും കാരണമാകുന്നു. ഇത് ത്വക്കിലും ശ്ലേഷ്മ സ്തരത്തിലും, ചിലപ്പോൾ ശ്വാസനാളത്തിലും നീർവീക്കം ഉണ്ടാകുന്നു.
ലക്ഷണങ്ങൾ
.ചർമ്മത്തിൽ ചൊറിച്ചിലോടു കൂടിയ ചുവന്ന അൽപ്പായുസുള്ള തടിപ്പുകൾ കണ്ടു വരുന്നു. മിനിറ്റുകൾ മുതൽ മണിക്കൂറുകൾക്കുള്ളിൽ ഇവ യാതൊരു പാടും ശേഷിപ്പിക്കാതെ അപ്രത്യക്ഷമാകുന്നു. ഇതിനെ അർട്ടിക്കേരിയ അല്ലെങ്കിൽ ഹൈവ്സ് എന്നു പറയുന്നു.
.ചുണ്ടിലും കൺപോളകളിലും ഇത്തരം തടിപ്പുകൾ ചൊറിച്ചിലിനേക്കാൾ കൂടുതൽ വേദനയുള്ളവയായും ദിവസങ്ങളോളം നീണ്ടു നിൽക്കുന്നതായും കണ്ടു വരുന്നു . ഇതാണ് ആഞ്ജിയോഎഡീമ.
.ഇത്തരം അലർജിയുടെ ഭാഗമായി രക്തക്കുഴലുകൾ വികസിക്കുകയും ശ്വാസകോശത്തിലെ കുഴലുകൾ ചുരുങ്ങുകയും ചെയ്യുന്നതു മൂലം രക്തസമ്മർദം താഴുക, ചുമ , ശ്വാസതടസ്സം, ഹൃദയസ്‌തംഭനം, അബോധാവസ്ഥ തുടങ്ങി മരണം വരെ സംഭവിക്കാവുന്ന സങ്കീർണമായ അവസ്ഥയാണ് അനാഫൈലാക്സിസ്. ചില മരുന്നുകൾ കുത്തിവയ്ച്ച ശേഷം പെട്ടെന്ന് മരണം സംഭവിക്കുന്നത് ഈ അനാഫൈലാക്സിസ് മൂലമാണ്.
ചികിത്സ
. അലർജിക്കു കാരണമായ ഘടകങ്ങൾ പൂർണമായും ഒഴിവാക്കുക എന്നതാണ് അടിസ്ഥാന ചികിത്സ. മരുന്നുകൾ, പൊടി, പുക, തണുപ്പ്, വെയിൽ തുടങ്ങി എന്താണോ അലർജി ഉണ്ടാക്കുന്നത്, അതുമായി സമ്പർക്കം ഒഴിവാക്കുക.
. ചൊറിച്ചിൽ ഉണ്ടായ സാഹചര്യത്തിൽ നിന്ന് ഉടൻ തന്നെ മാറാൻ ശ്രമിക്കുക.
. കലാമിൻ ലോഷൻ പുരട്ടുന്നത് ചൊറിച്ചിൽ കുറയ്ക്കും.
. മഞ്ഞൾ, തുളസിയില,വേപ്പില, ഭസ്മം തുടങ്ങിയവ പുരട്ടാതെയിരിക്കുക.
. അലർജിക്ക് കാരണമാവുന്ന ഇൻറർലൂക്കിൻ, ലൂക്കോട്രെയീൻ, ഹിസ്റ്റമീൻ തുടങ്ങിയ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന രാസഘടകങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ആന്റിഹിസ്റ്റമിൻ പോലെയുള്ള മരുന്നുകളാണ് അലർജിയുടെ ചികിത്സക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. ചില അവശ്യ ഘട്ടങ്ങളിൽ സ്റ്റിറോയ്ഡ്, അഡ്രിനാലിൻ തുടങ്ങിയവ വേണ്ടി വന്നേക്കാം.
. ആന്റിഹിസ്റ്റമിൻ മരുന്നുകൾ ഉറക്കക്ഷീണം ഉണ്ടാക്കാം എന്നത് കൊണ്ട് ഈ മരുന്നു കഴിക്കുന്നവർ വാഹനമോടിക്കുകയോ, മെഷീനുകൾ പ്രവർത്തിപ്പിക്കുകയോ ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
. ആഞ്ജിയോ എഡിമ, അനാഫൈലക്സിസ്, മരുന്നുകളോടുള്ള അലർജി,ശരീരമാസകലം ഉള്ള അർട്ടിക്കേരിയ,തുടങ്ങിയവ ഉടനടി ആശുപത്രികളിൽ പോയി ചികിത്സ തേടേണ്ട മാരകമായേക്കാവുന്ന രോഗാവസ്ഥകളാണ്.
. കാരണം കണ്ടെത്തി ശരിയായ ചികിത്സ സ്വീകരിച്ചാൽ ഭേദമാക്കാവുന്ന രോഗമാണ് അർട്ടിക്കേരിയ.
Adjust Story Font
16